മക്ക ക്രെയിന്‍ ദുരന്തം; ഇരകള്‍ക്ക് ആശ്വാസം, വീണ്ടും അന്വേഷിക്കാന്‍ സൗദി സുപ്രീംകോടതി
റിയാദ്: മക്ക ഹറമില്‍ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ ദുരന്തത്തെ കുറിച്ച് വീണ്ടും അന്വേഷിക്കുന്നു. സൗദി അറേബ്യയുടെ സുപ്രീംകോടതിയാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടത്. 2015 സെപ്തംബര്‍ 11നായിരുന്നു ക്രെയിന്‍ ദുരന്തം. മലയാളി ഉള്‍പ്പെടെ 108 പേര്‍ മരിക്കുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികളെ കീഴ്‌ക്കോടതികള്‍ കുറ്റവിമുക്തരാക്കിയ നടപടി റദ്ദാക്കിയാണ് സുപ്രീംകോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കേസിലെ പ്രതികളെ മക്ക ക്രമിനല്‍ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരായ അപ്പീല്‍ പരിഗണിച്ച കോടതിയും വിചാരണ കോടതിയുടെ വിധി ശരിവിച്ചു. 2020ലാണ് വിചാരണ കോടതി വിധി വന്നത്. ഉത്തരവ് പുനഃപ്പരിശോധിക്കണമെന്ന അപേക്ഷ തള്ളിയ വിചാരണ കോടി കേസ് അപ്പീല്‍ കോടതിയുടെ പരിഗണനയ്ക്ക് കൈമാറുകയായിരുന്നു. 2021ല്‍ അപ്പീല്‍ കോടതിയും വിധി പ്രസ്താവിച്ചു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി വിധി ഇപ്പോള്‍ വന്നിരിക്കുന്നത്. സൗദിയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ബിന്‍ ലാദിന്‍ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍.
13 പ്രതികളാണ് കേസിലുള്ളത്. കാലാവസ്ഥ പ്രതിസന്ധി ഉള്‍പ്പെടെയാണ് ക്രെയിന്‍ വീഴാന്‍ കാരണം എന്നാണ് വിചാരണ കോടതി കണ്ടെത്തിയത്. കനത്ത കാറ്റുള്ളപ്പോഴായിരുന്നു ക്രെയിന്‍ ദുരന്തം. മാനുഷികമായ ദുരന്തമല്ലെന്നും കോടതി വിലയിരുത്തിയിരുന്നു. എന്നാല്‍ ഈ വിധി സുപ്രീംകോടതി റദ്ദാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുനഃപ്പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. ജഡ്ജിമാരുടെ മേല്‍നോട്ടത്തിലാകും ഇനി കേസ് അന്വേഷണം. നേരത്തെ കേസ് പരിഗണിച്ച ജഡ്ജിമാരെ മേല്‍നോട്ടം വഹിക്കുന്നതില്‍ നിന്ന് തടയാനും സുപ്രീംകോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications