പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; നിയമം പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുന്‍പ് സൗദിയുടെ യൂ ടേണ്‍
റിയാദ്: പാസ്‌പോര്‍ട്ടില്‍ തൊഴില്‍ വിസ പതിച്ച് നല്‍കുന്നതിന് വിരലടയാളം നിര്‍ബന്ധമാക്കിയ നടപടി താല്‍ക്കാലികമായി മരവിപ്പിച്ച് സൗദി അറേബ്യ. പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന തീരുമാനമാണ് സൗദി അറേബ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. നാളെ മുതല്‍ (മേയ് 29) പുതിയ ചട്ടം നിലവില്‍ വരാനിരിക്കെയാണ് സൗദി കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്നുള്ള നിര്‍ണായക നീക്കം.
വിസ അപേക്ഷകര്‍ വി എഫ് എസ് കേന്ദ്രത്തില്‍ എത്തി വിരലടയാളം നല്‍കണം എന്ന നിയമമാണ് സൗദി അറേബ്യ പുറപ്പെടുവിച്ചിരുന്നത്. ഇത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുത്താനും നടപടിയായിരുന്നു. മേയ് 23 ന് സൗദി കോണ്‍സുലേറ്റ് ഇത് സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സൗദി അറേബ്യയില്‍ നിന്ന് ഏത് വിസ ലഭിച്ചാലും ആവശ്യമായ രേഖകളുമായി ഇന്ത്യയിലെ വി എഫ് എസ് ഓഫിസില്‍ നേരിട്ടെത്തി വിരലടയാളം നല്‍കണം എന്നായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്.

വിസ സ്റ്റാമ്പിങ്ങിനുള്ള അപേക്ഷക്കൊപ്പം വിരലടയാളം നല്‍കാത്ത രേഖകള്‍ ഇനി മുതല്‍ പരിഗണിക്കേണ്ട എന്നായിരുന്നു സൗദി കോണ്‍സുലേറ്റിന്റെ തീരുമാനം. ഈ നിയമം പ്രാബല്യത്തിലാകുന്നതിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് സൗദി കോണ്‍സുലേറ്റ് ഇത് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച സന്ദേശം ട്രാവല്‍ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്.
ജൂണ്‍ 28 ന് ബലിപെരുന്നാള്‍ വരെയാണ് നിയമം മരവിപ്പിച്ചിരിക്കുന്നത് എന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. സൗദി അറേബ്യയില്‍ പെരുന്നാള്‍ അവധി കഴിഞ്ഞ് കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും. അതേസമയം സന്ദര്‍ശക വിസകള്‍ക്ക് വി എഫ് എസ് സെന്ററിലെത്തി വിരലടയാളം നല്‍കണം എന്ന നിബന്ധനയില്‍ മാറ്റമൊന്നുമില്ല. ഇപ്പോള്‍ വന്ന നിര്‍ദേശത്തില്‍ ഇത് സംബന്ധിച്ചൊന്നും സൗദി കോണ്‍സുലേറ്റില്‍ നിന്ന് പറഞ്ഞിട്ടില്ല.
കൊച്ചിയിലുള്ള വി എഫ് എസ് കേന്ദ്രത്തിലേക്ക് അപ്പോയിന്റ്‌മെന്റ് എടുക്കലും കേരളത്തിന്റെ പലയിടങ്ങളില്‍ നിന്നും അങ്ങോട്ടുള്ള യാത്രയും എല്ലാം സൗദിയിലേക്കുള്ള സന്ദര്‍ശക, തൊഴില്‍ വിസക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. ഇതിനിടയില്‍ ആണ് പുതിയ തീരുമാനം വന്നിരിക്കുന്നത് എന്നത് വലിയ ആശ്വാസമാണ്. തൊഴില്‍ വിസ കൂടാതെ സന്ദര്‍ശക വിസയിലും നിയമം പുനഃപരിശോധിക്കും എന്ന പ്രതീക്ഷയിലാണ് സൗദി അറേബ്യയിലേക്ക് വരാനിരിക്കുന്ന സന്ദര്‍ശകരും പ്രവാസികളും.












Click it and Unblock the Notifications