ദൃശ്യ വിരുന്നൊരുക്കി സൂര്യകൃഷ്ണ മൂര്‍ത്തിയുടെ ദീര്‍ഘചതുരം ഷാര്‍ജയില്‍ അരങ്ങേറി
ഷാര്‍ജ: ചവിട്ടിക്കയറിയ പടികളിലേക്ക് തിരിഞ്ഞ് നോക്കണം എന്ന പാഠം മനസ്സിലാക്കിത്തരുന്ന സൂര്യക്യഷ്ണ മൂര്‍ത്തിയുടെ ദീര്‍ഘചതുരം എന്ന നാടകം തിങ്ങി നിറഞ്ഞ സദസ്സില്‍ അരങ്ങേറി. യുഎ.ഇ ലെ സാംസ്‌കാരിക സംഘടനയായ ചിരന്തന സാംസ്‌കാരിക വേദിയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സൂര്യ കൃഷ്ണ മൂര്‍ത്തിയുടെ നാടകം അവതരിപ്പിച്ചത്. പണത്തിനും പ്രശസ്തിക്കും വേണ്ടി മനുഷ്യന്‍ സമൂഹത്തിലുണ്ടാക്കുന്ന തെറ്റായ പ്രവണതകളും കിട മത്സരങ്ങളും മറ്റുള്ളവരിലുണ്ടാക്കുന്ന വേദനയെ ഹ്യദയ സ്പര്‍ശിയായി വിവരിക്കുകയാണ് ദീര്‍ഘചതുരം.
തൊഴില്‍മേഖലയിലെയും, സാംസ്‌കാരിക മേഖലയിലെയും അംഗീകാരങ്ങളും അധികാരവും മനുഷ്യനെ മ്യഗത്തിനു തുല്യമാക്കുന്ന രീതി വളരെ മനോഹരമായി വരച്ചു കാട്ടുന്നതായിരുന്നു നാടകം. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഹാളിലാണ് ദീര്‍ഘ ചതുരം അരങ്ങേറിയത്. തത്സമയ ടെലിവിഷന്‍ ഇന്റര്‍വ്യൂയിലൂടെയാണ് നാടകം വികസിക്കുന്നത്. അഭിമുഖത്തില്‍ അതിഥിയായെത്തുന്ന സംഗീതജ്ഞനും അവതാരികയും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് നാടകം പുരോഗമിക്കുന്നത്.

ഭാരത രത്‌നയ്ക്ക് നാമ നിര്‍ദേശം ചെയ്യപ്പെട്ട കലാകാരന്റെ പുറം ലോകമറിയാത്ത മറ്റൊരു മുഖം തത്സമയ ഇന്റര്‍വ്യൂയിലൂടെ തുറന്നു കാട്ടുന്നു. സിനിമാ സംഗീത ലോകത്തിന്റെ അമരത്തെത്താന്‍ നിരവധിയാളുകളെ ചവുട്ടിപടിയാക്കിയ കലാകാരന് അഭിമുഖ ശേഷം മനസ്താപമുണ്ടാവുകയും ഭാരത രത്‌ന നിഷേധിക്കുകയും ചെയ്യുന്നു. നാടകത്തിന്റെ രചനവും സംവിധാനവും നിര്‍വഹിച്ച സൂര്യ കൃഷ്ണ മൂര്‍ത്തിയെ ചിരന്തന സാംസ്‌കാരിക വേദി ആദരിച്ചു.

വിനോദ് നമ്പ്യാര്‍ സൂര്യ കൃഷ്ണ മൂര്‍ത്തിയെ പൊന്നാട അണിയിച്ചു. ചിരന്തന ട്രഷറര്‍ സലാം പാപ്പിനിശേരി ഉപഹാരം കൈമാറി. നാടകത്തിലെ കലാകാരന്‍ മാരെയും അണിയറ പ്രവര്‍ത്തകരെയും വേദിയില്‍ ആദരിച്ചു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.












Click it and Unblock the Notifications