'ഒരു പോലീസുകാരന്റെയും ജോലിയല്ല ടയർ മാറ്റൽ, എന്നിട്ടും', പോലീസിനെ പുകഴ്ത്തി കുറിപ്പ് വൈറൽ
കൊച്ചി: എല്ലാക്കാലവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയരായിട്ടുളളവരാണ് കേരള പോലീസ്. പൊതുജനത്തോട് മോശമായി പെരുമാറുന്നവരെന്ന ചീത്തപ്പേര് കേരളാ പോലീസിന് എന്നുമുണ്ട്.
അതേസമയം പോലീസുകാരെക്കുറിച്ച് ചില നല്ല വാര്‍ത്തകളും ഇടയ്ക്ക് വരാറുണ്ട്. കേരളാ പോലീസിന്റെ ഭാഗത്ത് നിന്നും തനിക്കുണ്ടായ ഒരു നല്ല അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം.

ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: ' നമ്മൾ സമൂഹമാധ്യമം പൊതുവേ രണ്ടുവിധത്തിലാണ് ഉപയോഗിക്കുന്നത്..ഒന്നാമതായി നമ്മുടെ വ്യക്തിപരമായ സന്തോഷങ്ങളും സങ്കടങ്ങളും ഇവിടെ പറയാറുണ്ട്. രണ്ടാമതായി സമൂഹത്തിൽ നമ്മൾ നേരിടുന്ന കാര്യങ്ങൾ ചർച്ചകൾക്കായി നാം ഇവിടെ വയ്ക്കാറുണ്ട്. അതിൽ ശ്രദ്ധിച്ചാൽ അറിയാം സമൂഹത്തിൽ നമ്മൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് പലപ്പോഴും നാം എഴുതുക. നേരിടുന്ന അനീതികളെക്കുറിച്ച് വളരെ ശക്തമായി നമ്മൾ ഇവിടെ പ്രതികരിക്കാറുണ്ട്. എന്നാൽ സമൂഹത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഒരുപാട് നല്ല കാര്യങ്ങൾ, അനുഭവങ്ങൾ,അനുഗ്രഹങ്ങൾ, ഇവയൊക്കെ പലപ്പോഴും നാം തിരിച്ചറിയുമെങ്കിലും പൊതുമാധ്യമങ്ങളിൽ അവ പറയാറില്ല..

എനിക്കുണ്ടായ ഒരു അനുഭവമാണ് എന്നെ ഇപ്പോൾ ഇങ്ങനെ ചിന്തിപ്പിച്ചത്. നമുക്കറിയാം കഴിഞ്ഞ കുറച്ച് കാലയളവിലായി പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഏറ്റവും കൂടുതൽ ചീത്ത പേരു കിട്ടിയ ഒരു വിഭാഗമാണ് പോലീസിന്റെത്. 24 മണിക്കൂറും പ്രവർത്തനസജ്ജരായ പോലീസ് വിഭാഗം നമുക്കുള്ളതു കൊണ്ടാണ് നാമൊക്കെ ഇപ്പോഴും വീട്ടിൽ സുഖമായി കിടന്നുറങ്ങുന്നത്. എന്നാൽ പോലീസ് വിഭാഗത്തിലെ ചിലരുടെ അനാസ്ഥ മൂലം ആ വിഭാഗത്തിന് ആകെ വലിയ ചീത്ത പേരുണ്ടാകുന്നു. അതിലെ ഭൂരിപക്ഷം ആൾക്കാരും ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും തിരിച്ചറിയാതെയും പോകുന്നു.

രാഷ്ട്രീയ ഇതര പ്രശ്നങ്ങളാൽ ഗവൺമെന്റ് ജോലിക്കാർക്ക് പലർക്കും അവരുടെ തൊഴിലിടത്തിൽ പല പ്രശ്നങ്ങളും വന്ന് ചേരാറുണ്ട്. ഒരു വ്യക്തിയെന്ന നിലയിലും ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിലും വളരെ കൃത്യമായ ഇടപെടലുകൾ നടത്തുന്ന അനേകം പോലീസുകാരെ നമുക്കറിയാം. ഞാൻ കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിൽ ഒരു പ്രോഗ്രാമിന് പങ്കെടുക്കുകയായിരുന്നു. എന്റെ കാർ പഞ്ചറായ വിവരം ഞാൻ അറിഞ്ഞിരുന്നില്ല. എന്നാൽ പ്രോഗ്രാം കഴിഞ്ഞ് ഞാൻ തിരിച്ചെത്തിയപ്പോഴേക്കും കാറിന്റെ പഞ്ചറായ ടയർ മാറ്റി കാർ പ്രവർത്തന യോഗ്യമാക്കിയിരുന്നു ജനക്ഷേമ പോലീസ്.

ഒരു പോലീസുകാരന്റെയും ജോലിയല്ല ടയർ മാറ്റൽ. അതെന്തു കൊണ്ട് ചെയ്തില്ല എന്ന് ആരും അവരോട് ചോദിക്കാനും പോകുന്നില്ല. എന്നാൽ ആരും പറയാതെ സ്വമേധയാ ടയർ മാറ്റി കാർ ശരിയാക്കി തന്നപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ വലിയ അത്ഭുതം തോന്നി. നിങ്ങൾക്കൊരു പക്ഷേ ഇപ്പോൾ തോന്നുമായിരിക്കും എന്റെ കാർ ആയതു കൊണ്ടല്ലേ അവർ അത് ചെയ്തത് എന്ന്.. ഒരു പരോപകാരിയുടെ വ്യക്തി ബോധത്തെയും പ്രവർത്തന ബോധത്തെയും കുറച്ചു കാണുന്ന, മനസ്സിലാക്കാൻ പറ്റാത്ത, അംഗീകരിക്കാൻ ഇഷ്ടമില്ലാത്ത, ആളുകൾക്ക് മാത്രമേ പക്ഷേ അങ്ങനെ ചിന്തിക്കാൻ സാധിക്കുകയുള്ളൂ.

ഈ ടയർ മാറ്റാൻ സഹായിച്ച പോലീസുകാർ, ഏത് അപകടം ആർക്ക് പറ്റിയാലും, അവരെ സഹായിക്കാൻ മുന്നിലുണ്ടാകുമെന്ന് ഉറപ്പ്! ഹൃദയം എന്തെന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള എനിക്ക്, അവരുടെ ഹൃദയത്തിൽ എന്താണെന്ന് കൃത്യമായി മനസ്സിലാവുന്നുണ്ട്. അത് മറ്റൊന്നുമല്ല പരോപകാരം എന്നുള്ളതാണ്. അത് ചെയ്യുന്തോറും പടർന്നു പടർന്നു പോകുന്ന സ്നേഹ ലഹരിയാണ്. നിങ്ങൾക്കുണ്ടായിട്ടുള്ള നല്ല അനുഭവങ്ങൾ കൂടി തീർച്ചയായും ഇവിടെ എഴുതണം. കൊല്ലും കൊലയും പ്രതികാരവും വഞ്ചനയും അരങ്ങു വാഴുന്ന ഈ ഭൂമി ജീവിക്കാൻ പറ്റിയ ഇടമാണെന്ന് സ്വയം ബോധ്യപ്പെടുത്താൻ അത്തരം എഴുത്തുകൾ അത്യാവശ്യമാണ്. എനിക്ക് നന്ദി പറയാനുള്ളത് ACP , V G. Raveendranath. ISHO Martin C.J. ASI Darly, CPO Anoop ,AC Dvr Haneer , എന്നിവരോട്. എന്നും എല്ലാവരോടും നിങ്ങളുടെ സ്നേഹവും കരുണയും ഉണ്ടായിരിക്കട്ടെ'.












Click it and Unblock the Notifications