ചില്ലറക്കാരനല്ല ഈ ഹൈക്കു കവിതകള്‍; അറിയാം ഹൈക്കു കവിതകളെക്കുറിച്ച്
ഇലന്തൂര്‍ കേസിലെ പ്രതി ഭഗവല്‍ സിംഗ് സോഷ്യല്‍മീഡിയയിലെ പ്രമുഖന്‍ ആയിരുന്നു. പ്രസിദ്ധരായ ആള്‍ക്കാര്‍ വരെ ഇയാളുടെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ പട്ടികയില്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് ഇയാള്‍ വളരെ സജീവമായിരുന്നു. കവിതകളായിരുന്നു ഇയാളുടെ 'തട്ടകം'. അതും ഹൈക്കു കവിതകള്‍.
ഇയാള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ സ്ഥിരമായി ഹൈക്കു കവിതകള്‍ എഴുതിയിടാറുണ്ടായിരുന്നു. ഉലയൂതുന്നു പണിക്കത്തി കൂട്ടുണ്ട് കുനിഞ്ഞ തനു എന്നൊരു ഹൈക്കു കവിതയാണ് ഇയാള്‍ അവസാനമായി എഴിതിയിട്ടത്. ഇതിന് പിന്നാലെ ഹൈക്കു കവിതകളെക്കുറിച്ച് വലിയ രീതിയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. എന്താണ് ഹൈക്കു കവിത, ഹൈക്കു കവിതയുടെ പ്രത്യേക എന്താണ്...നോക്കാം..

കവിതയെ വില്യം വേർഡ്സ്‍വർത്ത് വിശേഷിപ്പിച്ചിട്ടുള്ളത്, ശക്തമായ വികാരങ്ങളുടെ സ്വാഭാവികമായ ഒഴുക്ക് എന്നാണ്. അപ്പോൾ ഹൈക്കു കവിത എന്താണ്. ഇന്ന് മലയാള കവിതാ ലോകത്തും ഏറെ പ്രചാരത്തിലുണ്ട് ഹൈക്കു കവിത. വായിക്കുമ്പോൾ വളരെ എളുപ്പമാണെന്ന് തോന്നുമെങ്കിലും ഹൈക്കു അത്ര നിസാരമല്ല. ഒരു ജാപ്പനീസ് കാവ്യരൂപമാണ് 'ഹൈക്കു'. മൂന്നുവരികളിൽ ഒതുക്കി പരമാവധി 17 മാത്രകൾ (syllables - on in Japanese) ഉപയോഗിച്ച് എഴുതുന്ന ഒരു രീതി ആണ് പൊതുവെ ഹൈക്കുവിൽ സ്വീകരിച്ചു വരുന്നത്.

ആദ്യ വരിയിലും അവസാന വരിയിലും അഞ്ച് മാത്രകളും രണ്ടാം വരിയിൽ 7 മാത്രകളും എന്നതാണ് ഹൈക്കുവിൽ സാധാരണ സ്വീകരിക്കുന്ന മാതൃക. മാത്രകളുടെ എണ്ണം നമ്മുടെ ഭാഷാ വൃത്തങ്ങളെപ്പോലെ കർശനമായി പാലിക്കേണ്ട ആവശ്യം ഹൈക്കുവിലില്ല, പരമാവധി എന്നതു പ്രത്യേകം ശ്രദ്ധിക്കുക.

ഏതെങ്കിലുമൊരു ഋതുവിനെ കുറിക്കുന്നതോ സൂചിപ്പിക്കുന്നതോ ആയ ഒരു പദമോ പദ സമുച്ചയങ്ങളോ ഹൈക്കുവിൽ കാണാം. കിഗോ (Kigo) എന്നാണു അതിനു പറയുക. കിരേജി (Kireji) എന്നറിയപ്പെടുന്ന ഒരു പ്രധാന വാക്കോ വരിയോ കൂടി ഹൈക്കുവിൽ ഉണ്ടാകും. അതു കവിതയെ രണ്ടു നേർത്ത ഭാഗങ്ങളായി തിരിക്കുകയും ചേർത്തു നിർത്തുകയും ചെയ്യുന്നു. ആ വാക്കോ വരിയോ നൽകുന്ന സമന്വയത്തിനുള്ള പ്രാധാന്യം വളരെ പ്രധാനപ്പെട്ടതാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജപ്പാന് പുറത്തും ഹൈകു കവിതകൾ വലിയ രീതിയിൽ പ്രചരിച്ചു. ലോകഭാഷകളിലെല്ലാം തന്നെ ഹൈകു കവിതകൾ വന്നുതുടങ്ങി.ഏറെ വൈകാതെ മലയാളത്തിലേക്കും ഹൈക്കു കവിത എത്തി. ഫേസ്ബുക്ക് ബ്ലോക് എഴുത്ത് എന്നിവ സജീവമായതോടെ ഹൈക്കുവും സജീവമായി. പലരും തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിൽ മൂന്ന് വരി കുറിച്ചിട്ട് ഹൈക്കു കവിതകൾ എഴുതാൻ തുടങ്ങി. പരമ്പരാഗതമായി, ഋതുക്കളെയും പ്രകൃതിയിലെ അപൂർവ്വ മനോഹര പ്രതിഭാസങ്ങളെയും പറ്റി തങ്ങൾക്ക് അനുഭവിക്കപ്പെടുന്ന വൈകാരികമായ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനാണ് ഹൈക്കു കവിതകൾ എഴുതിയിരുന്നത്. എന്നാൽ ഇന്ന് അങ്ങനെ അല്ല മറ്റ് പല വിഷയങ്ങളേയും അടിസ്ഥാനമാക്കി ഹൈക്കു കവിതകൾ എഴുതിത്തുടങ്ങിയിട്ടുണ്ട്..












Click it and Unblock the Notifications