തോക്കേന്തിയ കൈകളില്‍ ആദ്യം നിയമപുസ്തകം, പിന്നീട് എംഎല്‍എ..ഇന്ന് ഡോക്ടറേറ്റ്; ഇത് സീതാക്ക
ഹെെദരാബാദ്: തെലുങ്കാനയിലെ മുലുഗ് മണ്ഡലത്തിന്റെ എംഎൽഎ ദനസാരി അനസൂയ എന്ന സീതാക്കയുടെ ജീവിതം ഒരു അത്ഭുതമാണ്. അത്ഭുതം എന്ന് പറയുന്നതിന് അപ്പുറത്തേക്ക് ഒരു പോരാട്ടം തന്നെയാണ്. എന്താണ് അനസൂയയുടെ ജീവിതം എന്നറിയാൻ ആദ്യം അനസൂയ ആരാണെന്ന് അറിയണം. എംഎൽഎ ഒക്കെ ആവുന്നതിന് മുമ്പ് അവർക്ക് ഒരു ജീവിതം ഉണ്ടായിരുന്നു. ഇന്ന് അവർ വെറും അനുസൂയ അല്ല ഡോ. അനുസൂയ ആണ്.....ആരാണ് അനുസൂയ...
ഇനി നിങ്ങൾക്ക് എന്നെ ഡോ. അനുസൂയ സീതാക്ക എന്ന് വിളിക്കാം! എന്നാണ് പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡിയും നേടിയ അനുസൂയ ജീവിതത്തിലെ നേട്ടം പങ്കുവെച്ചുകൊണ്ട് പറഞ്ഞത്. ഇന്നവർക്ക് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് കിട്ടിയിരിക്കുകയാണ്. എന്നാൽ ഇതിന് മുമ്പ് അനുസൂയ നകസലൈറ്റ് ആയിരുന്നു. അവിടെ നിന്ന് പിന്നീട് അഭിഭാഷകയായി.

അവിടം കൊണ്ടും അനുസൂയ നിന്നില്ല അഭിഭാഷകയും അവിടെ നിന്നും നിയമസഭാംഗവും ആയി. തെലുങ്കാനയിലെ മുലുഗ് മണ്ഡലത്തിന്റെ എംഎൽഎ ദനസാരി അനസൂയ. നക്സലൈറ്റിൽ നിന്നും തുടങ്ങിയ ആ യാത്ര ഇപ്പോൾ പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡിയും നേടി നിൽക്കുന്ന തെലങ്കാനയിലെ ജനപ്രിയ എംഎൽഎയിലാണ് എത്തിനിൽക്കുന്നത്.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് സീതാക്ക തനിക്ക് ഡോക്ടറേറ്റ് കിട്ടിയ കാര്യം പങ്കുവെച്ചത്. "എന്റെ കുട്ടിക്കാലത്ത് ഞാൻ നക്‌സലൈറ്റ് ആകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, നക്‌സലൈറ്റായപ്പോൾ ഞാൻ ഒരു അഭിഭാഷകയാകും എന്നും ഒരിക്കലും കരുതിയിരുന്നില്ല. വക്കീൽ ആയിരിക്കുമ്പോൾ എംഎൽഎ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, പിഎച്ച്ഡി പഠിക്കുമെന്നും ഒരിക്കലും കരുതിയിരുന്നില്ല. ഇനി നിങ്ങൾക്ക് എന്നെ ഡോ. അനുസൂയ സീതാക്ക പിഎച്ച്ഡി ഇൻ പൊളിറ്റിക്കൽ സയൻസ് എന്ന് വിളിക്കാം,'' അവർ ട്വിറ്ററിൽ എഴുതി.

മുലുഗ് സ്വദേശിയായ സീതാക്ക കോയ ആദിവാസി വിഭാഗത്തിൽപ്പെട്ട വ്യക്തിയാണ്. ചെറുപ്പത്തിൽ തന്നെ മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ ചേരുകയും അതേ ഗോത്ര മേഖലയിൽ സജീവമായ സായുധ സ്ക്വാഡിന്റെ ചുമതലയും സീതാക്കയ്ക്ക് ആയിരുന്നു. പൊലീസുമായി നിരവധി വെടിവയ്പുകളിൽ ഏറ്റുമുട്ടേണ്ടിയും വന്നിട്ടുണ്ട്. ഭർത്താവിനെയും സഹോദരനെയും നഷ്ടപ്പെട്ടതും ഒരു ഏറ്റുമുട്ടലിലായിരുന്നു.

ഒസ്മാനിയ സർവകലാശാലയിൽ നിന്നാണ് സീതാക്കയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. കുടിയേറ്റ ഗോത്രവർഗ്ഗക്കാരുടെ സാമൂഹിക ബഹിഷ്കരണവും അവഗണനയും എന്ന വിഷയത്തിലാണ് അമ്പതുകാരിയായ സീതാക്ക ഗവേഷണം നടത്തിയത്. സീതാക്കയുടെ നേട്ടത്തിൽ കോൺഗ്രസ് നേതാക്കൾ അഭിനന്ദനങ്ങൾ അറിയിച്ചു. കോൺഗ്രസ് എംപി മാണിക്കം ടാഗോർ, സംസ്ഥാന അധ്യക്ഷൻ എ രേവന്ത് റെഡ്ഡി, മുതിർന്ന നേതാവ് മധു ഗൗഡ് യാസ്‌കി എന്നിവരും അനസൂയയെ അഭിനന്ദിച്ചു.












Click it and Unblock the Notifications