Get Updates
Get notified of breaking news, exclusive insights, and must-see stories!

സാഹോദര്യത്തിന്റെ സംഗമവേദിയായി ഒരു പ്രവാസി ഓണം കൂടി: അനൂപ് പെരുവണ്ണാമൂഴി എഴുതുന്നു..

ഹൃദയത്തിലും മനസ്സിലും പുതുമാരി തീർക്കുന്ന നന്മയുടെ ഉത്സവകാലമാണ് ഓരോ മലയാളിയ്ക്കും ഓണക്കാലം. ഇല്ലായ്മകളുടെയും പഞ്ഞത്തിന്റെയും കഥകൾ ഇല്ലാതെ ഓരോ മലയാളിയും ഉണ്ടും ഉടുത്തും മനസ്സിൽ പുതു വസന്തം തീർക്കുന്ന ആഘോഷത്തിന്റെ ദിനരാത്രങ്ങൾ. കള്ളത്തരങ്ങളും ചതികളും വഞ്ചനകളും ഇല്ലാതെ സാഹോദര്യത്തിന്റെ ഇത്ര വലിയ ഉദാത്തമായ മാതൃക മറ്റെവിടെയാണ് ദർശിയ്ക്കാനാവുക. യാതൊന്നിന്റെയും പേരിലുള്ള വിവേചനങ്ങളില്ലാതെ സർവ്വ മലയാളി ജനതയും മനസ്സുകൊണ്ട് ഒന്നിക്കുന്ന ഈ സുവർണ്ണദിനങ്ങൾ ലോകശ്രദ്ധ നേടിയതും ഈ ഒത്തൊരുമ കൊണ്ടുകൂടിയാണ്.

ഓണം കേരളത്തിൽ ആഘോഷിക്കുന്നതും കേരളത്തിന് പുറത്ത് ആഘോഷിയ്ക്കുന്നതും തമ്മിൽ പ്രഥമദൃഷ്ട്യാ വ്യത്യാസം തോന്നില്ലായെങ്കിലും ഓരോരുത്തർക്കും അനുഭവപ്പെടുന്ന വൈകാരിക തലങ്ങളിൽ മാറ്റമുണ്ട് എന്നത് പറയാതിരിയ്ക്കാനാവില്ല. ഓണം മലയാളക്കരയെ തൊടുമ്പോൾ പ്രകൃതിപോലും ഒന്ന് അണിഞ്ഞൊരുങ്ങുന്നത് എത്ര സുന്ദരമായ കാഴ്ചയാണ് നമുക്കൊക്കെ സമ്മാനിയ്ക്കുന്നത്. വിദേശത്ത് അതിലുള്ള ഒരു വ്യത്യാസം തന്നെയാണ് ഏറ്റവും പ്രധാനമായും എടുത്തു പറയേണ്ടത്.

onam

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

പൂവും പുഴകളും കാട്ടാറും കിളികളും വാനവുമെല്ലാം ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് കേരളക്കരയെ ഉണർത്തുമ്പോൾ പ്രവാസിയുടെ ഓണം മലയാളി സമാജങ്ങളിലോ ഫ്ളാറ്റുകളിലോ മാളുകളിലോ ഉള്ള ഓണ സദസ്സുകളിൽ ആയിരിയ്ക്കും മിക്കപ്പോഴും ആഘോഷിയ്ക്കപ്പെടുന്നത്. എന്നും കുടുബത്തോടൊപ്പം ഓണം ആഘോഷിയ്ക്കാനാണ് മലയാളി കൂടുതൽ ഇഷ്ടപ്പെടുന്നത്. നിർഭാഗ്യവശാൽ പ്രവാസികളായ മലയാളികൾക്ക് കൂടുതൽ നഷ്ടപ്പെടുന്നതും ഇത്തരം നല്ല മുഹൂർത്തങ്ങളാണ്. ഉറ്റവർ പലപ്പോഴും കൂടെയില്ലെങ്കിലും ഉള്ള സൗകര്യങ്ങളിലൂടെ ബഹുഭൂരിപക്ഷം പ്രവാസികളുടെയും ഓണ നാളുകൾ ഫ്‌ളാറ്റുകളുടെ നാലു ചുമരുകൾക്കുള്ളിലും വിഭവ സമൃദ്ധമായി തന്നെയാണ് ആഘോഷിയ്ക്കപ്പെടുന്നുണ്ടാവുക. അതിനുള്ള കാരണവും മേല്പറഞ്ഞ ഒത്തൊരുമ തന്നെയാണ്.

കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യൂ:- ദുബൈയിലേക്ക് പറന്ന് ലാലും മമ്മൂട്ടിയും മഞ്ജുവിന്റെ ഓണാഘോഷം ഇങ്ങനെ.. പൃഥ്വിയും ദുൽഖറും ഫഹദും ഇവിടെ

പ്രവാസത്തിന്റെ തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളിൽ നാട്ടിലേത് പോലെ അത്തം മുതൽ പൂക്കളമിടാൻ കഴിയാറില്ല. നാട്ടിലാണെങ്കിൽ രാത്രിയും പകലും ഓണപ്പൂക്കളമിടുന്നതിന്റെ തിരക്കിലാവും ഈ ദിവസങ്ങളിൽ നമ്മൾ. എന്നാൽ ജീവിതത്തിരക്കുകളിൽ പെട്ടുപോകുമെങ്കിലും തിരുവോണ ദിവസം പൂക്കളമിടാൻ പ്രവാസി ആയതുമുതൽ ഇന്നുവരെ മുടക്കുവന്നിട്ടില്ല. ആ ഒരു ദിവസമെങ്കിലും പൂക്കളമിട്ടില്ലെങ്കിൽ നമ്മളെന്ത് പ്രവാസി മലയാളി. തലേ ദിവസം തന്നെ സൂപ്പർമാർക്കറ്റുകളിൽ പോയി പൂക്കൾ വാങ്ങും. ബന്തിയും ജമന്തിയും ഡാലിയയും സീനിയയും അടങ്ങുന്ന എല്ലാ തരം പൂക്കളും വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിയ്ക്കും.

ഒപ്പം വിശുദ്ധിയുടെ പ്രതീകമായ നിലവിളക്ക് ഒന്ന് തേച്ചുമിനുക്കിയെടുക്കും. കിണ്ടിയും കോളാമ്പിയും ഒന്നുമില്ലെങ്കിലും നിലവിളക്കിന്റെ സ്ഥാനവും മഹിമയും എന്നുമൊരു ഉണർവ്വാണ് മനസ്സിൽ നിറയ്ക്കുക. അതുകൊണ്ടുതന്നെ നിലവിളക്ക് രാവിലെ ആകുമ്പോൾ പൂക്കളത്തിന് നടുവിലായ് തെളിയിച്ചിരിക്കും. രാത്രിയിൽ സുഹൃത്തുക്കൾ ചേർന്ന് പൂക്കൾഅരിയും. കുറച്ചുപേർ സദ്യയ്ക്ക് വേണ്ട ഒരുക്കത്തിൽ ആയിരിക്കും. രാത്രിയിൽ അടുക്കളയിൽ നിന്നുയരുന്ന മാസ്മരിക ഗന്ധത്തിൽ ഹാളിൽ പൂവരിയുന്ന ചിലർ ആഴ്ന്നിറങ്ങാറുണ്ട്.

പാചകത്തിൽ നൈപുണ്യമുള്ള കുറച്ചുപേരായിരിക്കും അന്ന് അടുക്കളയുടെ അമരക്കാർ.പൊതുവെ പാചക കലയിൽ പിന്നിലായത് കൊണ്ടാവണം ഞാനടക്കമുള്ള ചിലർ പൂക്കളത്തിന്റെ ചാർജ് ഏറ്റെടുത്തത്. അടുക്കളയിലും പൂവരിയുന്നിടത്തും ചിലർ പാതിവഴിയിൽ ഉറക്കത്തിന്റെ പിടിയിൽ വീഴും.ഓണനാളിൽ എല്ലാവർക്കും അവധിയുണ്ടാവണമെന്നില്ല. അതുകൊണ്ടൊക്കെത്തന്നെയാണ് പിറ്റേന്നത്തേക്കുള്ള ഒരുക്കങ്ങൾ രാത്രിയിൽ തന്നെ നടത്തുന്നത്. കേടാകാത്ത കൂട്ടുകറികളും കാളനും ഉൾപ്പെടെ കൂടുതൽ ശ്രമകരമായ എല്ലാ വിഭവങ്ങളും തന്നെ വെളുപ്പിന് രണ്ടുമണിയ്ക്കുള്ളിൽ റെഡിയാക്കി വയ്ക്കും.

ബാക്കിയുള്ളവ രാവിലത്തേക്ക് മാറ്റിവയ്ക്കും. ഒപ്പം രാവിലേക്കു വേണ്ടുന്ന എല്ലാ പൂക്കളും ഒരുക്കിയ ശേഷം മാത്രമേ കിടക്കാറുള്ളൂ. രാവിലെയാകുമ്പോൾ കസേരയിൽ കാരംസ് ബോർഡ് വച്ച് അതിനു മുകളിൽ ആണ് പൂക്കളമിടാറ്. നിലത്ത് പൂവിട്ടപ്പോൾ എന്തോ വലിയ ഭംഗി തോന്നിയില്ല പിൻ വർഷങ്ങളിൽ. അതിനാൽ കഴിഞ്ഞ വർഷം മുതൽ കാരംസ് ബോർഡിൽ തന്നെയാക്കി പൂക്കളത്തിന്റെ സ്ഥാനം. അതാകുമ്പോൾ കണ്ണുകൾക്ക് കൂടുതൽ അടുത്താകും പൂക്കളം. കാഴ്ചയിൽ കൂടുതൽ ഭംഗിയും തോന്നിയ്ക്കും.

രാവിലെ തന്നെ കുളിച്ച് ചന്ദനക്കുറിയും തൊട്ട് തലേന്ന് മനസ്സിൽ ഉറപ്പിച്ച പൂക്കളം തന്നെ വരച്ച്‌ പൂക്കളമിടുമ്പോഴേക്കും ഏകദേശം ഏഴുമണി കഴിഞ്ഞിട്ടുണ്ടാകും. ഒടുവിൽ നിലവിളക്കും ചന്ദനത്തിരിയും കൂടി തെളിച്ച് മനസ്സറിഞ്ഞൊന്ന് പ്രാർത്ഥിയ്ക്കും. അപ്പോഴേക്കും അടുക്കളയിലെ സദ്യ ജോലികളും മറ്റും കഴിഞ്ഞു കുളികഴിഞ്ഞെത്തുന്ന സുഹൃത്തുക്കൾ പൂക്കളം കാണാൻ ഒരു വരവുണ്ട്. ചന്ദനത്തിരിയുടെ ഗന്ധമൊഴുകുന്ന ആ പൂക്കളച്ചാരുതയിൽ അവർ പറയുന്ന നല്ല വാക്കുകൾ മതി മനസ്സിൽ വല്ലാത്തൊരു സന്തോഷമുണ്ടാക്കാൻ.ഓണക്കോടിയുടുത്ത ശരീരത്തെ മേലങ്കികളായ്‌ മാറുന്ന വാക്ദ്ധോരണികൾ തെല്ലൊന്നുമല്ല കുളിരണിയിക്കുന്നത്. പിന്നെ ഫോട്ടോ എടുപ്പ് മഹാമഹമാണ്.

നാട്ടിലുള്ളവർക്ക് ചിത്രങ്ങൾ അയച്ചുകൊടുക്കുന്ന തിരക്കിൽ ചിലർ ,സെൽഫിയും വീഡിയോ കോളും ഒക്കെയായി സന്തോഷത്തിന്റെ ഒരായിരം ചിങ്ങപ്പൂവിളി നിമിഷങ്ങൾ. തലേ ദിവസത്തെ സമ്മിശ്ര കഷ്ടപ്പാടിന്റെ രുചിനുണയാൻ ഏവരും നിലത്തെ പുല്ലുപായയിൽ ചമ്രം പടിഞ്ഞിരിയ്ക്കുന്ന കാഴ്ച വല്ലാത്തൊരു വൈകാരികതയാണ് മനസ്സിലുണർത്തുക. നാക്കിലയിൽ വിളമ്പിയ ഉച്ചയ്ക്കത്തെ ഊണു കഴിയുമ്പോൾ ആണ് ഓണം പൂർണമാവുക. പായസം കഴിയ്ക്കുമ്പോൾ ഇക്കൊല്ലത്തെ ഓണവും കഴിഞ്ഞല്ലോ എന്ന ഒരു ചിന്ത മനസ്സിൽ ചെറു വിങ്ങലായ്‌ മാറാറുമുണ്ട്.

കുഞ്ഞൻ വൈറസുകൾ ഉണ്ടാക്കിയ ദയനീയമായ ജീവിത പ്രതിസന്ധികൾക്കിടയിലും നമുക്ക് മുൻപിലേക്ക് വിരുന്നെത്തിയ ഈ ഓണക്കാലത്തെ മലയാളിയ്ക്ക് എങ്ങനെയാണ് വിസ്മരിക്കാനാവുക. അന്ധകാരത്തിന്റെ ദംഷ്ട്രകൾ രോഗമായും യുദ്ധമായും ലോക ക്രമത്തെ ഗ്രസിയ്ക്കുന്നുണ്ടെങ്കിലും മലയാളിയുള്ള എല്ലായിടത്തും ഓണത്തിന്റെ ആർപ്പുവിളികൾ ഉയരും, പൂവേ പൊലി പാടും. അത്രമേൽ സ്നേഹ ചൈതന്യമാണ് ഓണക്കാലം സിരകളിൽ നിറയ്ക്കുന്നത്. മുഖം മറച്ചുകൊണ്ടുള്ള ഇനിയൊരോണവും നമ്മിലേക്ക് വരാതിരിയ്ക്കട്ടെ. അടുത്ത ഓണത്തിനെങ്കിലും മറകളില്ലാതെ കൺകുളിർക്കെ എല്ലാവരെയും കണ്ടുകൊണ്ടുള്ള ഓണാനുഭവം സാധ്യമാവട്ടെ. ഏവർക്കും ഹൃദയപൂർവ്വം സമ്പൽ സമൃദ്ധമായ ഓണാശംസകൾ നേർന്നുകൊണ്ട് ഈ എഴുത്തിന് നാന്ദി കുറിയ്ക്കട്ടെ...

അനൂപ് പെരുവണ്ണാമൂഴി
അബുദാബി
[email protected]

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+