പത്മനാഭസ്വാമിക്ക് സമർപ്പിക്കാൻ തലസ്ഥാനത്ത് ഓണവില്ലുകൾ ഒരുങ്ങി
തിരുവനന്തപുരം: ഓണവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും കഥകളുമാണ് തലസ്ഥാനത്തിൻ്റെ പ്രൗഢിക്ക് ദൃശ്യചാരുത നൽകുന്നത്. അതിലൊന്നാണ് ഓണവില്ല് നിർമ്മാണം. ഓണവില്ലിനെ പള്ളി വില്ല് എന്നും വിശേഷിപ്പിക്കാറുണ്ട്. കരമന മേലാറന്നൂർ ഓണവില്ല് കുടുംബമാണ് വർഷങ്ങളായി ഓണവില്ലുകൾ തിരുവോണനാളിൽ പത്മനാഭസ്വാമിക്ക് സമർപ്പിക്കാനായി തയ്യാറാക്കുന്നത്. കഥകളും ഉപകഥകളും മെനയുന്ന മനോഹാരിതയാണ് ഓണത്തെ മലയാളിയുടെ ലാവണ്യോത്സവമാക്കുന്നത്. ഓണവില്ല് കുടുംബത്തിലേക്ക് നമുക്കൊന്ന് പോയി വരാം.
ഗ്ലാമറസായി വേദിയുടെ പുതിയ ഫോട്ടോഷൂട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

കൊവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ ഓണം വിരുന്നെത്തുന്നത് ഇത് രണ്ടാം തവണയാണ്. മഹാമാരിക്കാലത്തെ ഓണം മലയാളിയെ പുതിയത് പലതും പഠിപ്പിച്ചിരിക്കുന്നു. പക്ഷേ ഓണം പതിവ് ശൈലിയില്‍ കേളികൊട്ടുണര്‍ത്തിയാലും ഇല്ലെങ്കിലും ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെ ഓര്‍മ്മകള്‍ മലയാളി മനസുകളില്‍ നിന്ന് ഒരിക്കലും മായാനിടയില്ല.കേരളത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നിരവധി ആചാരങ്ങളും വിശ്വാസങ്ങളും ഓണവുമായി ബന്ധപ്പെട്ട് ആചരിച്ചു പോരുന്നു.

ശ്രീ പത്മനാഭ സ്വാമിക്ക് ഓണവില്ല് സമർപ്പണമാണ് ഓണവുമായി ബന്ധപ്പെട്ട അനന്തപുരിയിലെ പ്രധാന ഓണാഘോഷ ചടങ്ങ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ആചാരത്തിന് ഇന്നും തലസ്ഥാനത്തെ ജനങ്ങളുടെ വലിയ പിന്തുണയുണ്ട്. ഓണവില്ലുകൾ തലമുറകളായി 41 ദിവസത്തെ കഠിന വൃതത്തോടെ വളരെ പരിപാവനമായി തയ്യാറാക്കി മനോഹരങ്ങളായ ചിത്രങ്ങൾ വരച്ചാണ് സമർപ്പിക്കുന്നത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ശില്പികളുടെ പരമ്പരയിൽപ്പെട്ട കരമന മേലാറന്നൂർ ഓണവില്ല് കുടുംബാംഗങ്ങൾക്കാണ് ഇത് തയ്യാറാക്കുന്നതിനുള്ള അനുമതിയുള്ളത്. പാരമ്പര്യമായി കൈമാറി ലഭിച്ച അവകാശമാണ് ഇന്നും ആചാര തനിമ ചോരാതെ പ്രത്യേക പൂജകളോടെയും ചടങ്ങുകളോടെയും നടക്കുന്നത്.

കടമ്പ് മരത്തിന്റെ തടികൊണ്ടാണ് ഓണവില്ല് തയാറാക്കുന്നത്. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ അനന്തശയനം, ലക്ഷമി, താടക, കാവല്‍ഭൂതങ്ങള്‍, മഹര്‍ഷി തുടങ്ങിയ ചിത്രങ്ങള്‍ വില്ലില്‍ വരയ്ക്കും. എട്ടു വില്ലുകളാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠകളില്‍ ചാര്‍ത്തുന്നത്. വില്ലില്‍ ചുവന്ന ചരടും തുഞ്ചലവും കെട്ടും. ഇത് വിശ്വാസികള്‍ ക്ഷേത്രത്തില്‍ നിന്നു വാങ്ങി വീടുകളില്‍ സൂക്ഷിക്കാറുണ്ട്. ഐശ്വര്യദായകമാണിതെന്നാണ് വിശ്വാസം. തിരുവോണനാളിൽ സമർപ്പിക്കുന്ന ഓണവില്ല് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജകൾക്കുശേഷം ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും.

പള്ളി വില്ല് നിർമ്മാണത്തിന് ആചാരാനുഷ്ഠാനങ്ങൾ നിർബന്ധമാണ്. ഇത് തയ്യാറാക്കുന്നവർക്കും ചില ചിട്ടവട്ടങ്ങളുണ്ട്. 41 ദിവസത്തെ വ്രതാനുഷ്ഠാനം നിർബന്ധം. കരമന മേലാറന്നൂർ വിളയിൽ വീട് ഓണവില്ല് കുടുംബമാണ് നൂറ്റാണ്ടുകളായി ഇതിൻ്റെ പിന്നിലുള്ളത്. മുൻതലമുറയിലെ കാരണവരായിരുന്ന നാഗേന്ദ്രനാചാരിക്കൊപ്പം ഭദ്രാ രത്നം ആർ. ബിൻകുമാർ ആചാരിയുടെ നേതൃത്വത്തിലാണ് ഓണവില്ല് തയ്യാറാക്കുന്നത്.

കൂടാതെ,സുദർശനൻ ആചാരി ഉമേഷ്കുമാർ ആചാരി, സുലഭനാചാരി, കാർത്തികേയൻ ആചാരി എന്നിവരും വിളയിൽ വീട് കുടുംബത്തിൻ്റെ ഭാഗമാണ്.ഇളം തലമുറക്കാരായ അനന്തപത്മനാഭൻ, മിഖിൽ മഹാദേവ്, പ്രണവ്ദേവ്, നാലു വയസ്സുകാരിയായ ശിവപാർവ്വതി തുടങ്ങിയവരും പള്ളിവില്ല് തയ്യാറാക്കുന്നതിനുള്ള പാരമ്പര്യം തുടരുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

ഓണവില്ലിൻ്റെ ഐതിഹ്യത്തിനും നൂറ്റാണ്ടുകളുടെ പഴക്കം നിലനിൽക്കുന്നുണ്ട്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുന്ന സമയത്ത്, വിഷ്‍ണുവിന്റെ വിശ്വരൂപം കാണണമെന്ന് മഹാബലി ആഗ്രഹം പ്രകടിപ്പിച്ചു. വിഷ്‍ണുവിന്റെ ഓരോ കാലങ്ങളിലേയും അവതാര ദര്‍ശനം തനിക്ക് സാധ്യമാക്കണമെന്ന് വീണ്ടും മഹാബലി അപേക്ഷിച്ചു.

ആ സമയം വിഷ്‍ണു വിശ്വകര്‍മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും കാലാകാലങ്ങളില്‍ അവതാര ചിത്രങ്ങള്‍ ഭഗവത് സന്നിധ്യത്തില്‍ വച്ച് മഹാബലിയെ വരച്ചുകാട്ടണമെന്നും നിര്‍ദേശിച്ചു. ഇങ്ങനെ മഹാബലിക്കു വിഷ്‍ണുവിന്റെ അവതാര ചിത്രങ്ങള്‍ വരച്ചു കാട്ടാനാണ് പത്മനാഭ സ്വാമി ക്ഷേത്ര സന്നിധിയിലേക്ക് ഓണവില്ലുമായി പോയതെന്നാണ് ഇതുമായി ബന്ധപ്പെട്ട വിശ്വാസം.

പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ തിരുവോണനാളിൽ നടക്കുന്ന വില്ല് സമർപ്പണ ചടങ്ങ് ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്ന മനോഹരമായ കാഴ്ചയാണ്. വില്ല് സമർപ്പണം നടത്തിയ ആചാരി കുടുംബ ദക്ഷിണയും വസ്ത്രവും ഓണക്കോപ്പും വാങ്ങി വില്ല് ചാർത്തിയ ഭഗവാനെ ആദ്യം കണ്ടു തൊഴും. ഇതിനുശേഷമാണ് ധാരാളം ഭക്തജനങ്ങൾക്ക് പള്ളിവില്ല് ചാർത്തിയ ഭഗവാനെ കാണാനുള്ള അവസരമൊരുക്കുന്നത്.

തിരുവോണം, അവിട്ടം, ചതയം എന്നീ മൂന്നു ദിവസങ്ങളിൽ പത്മനാഭസ്വാമിക്ക് ഓണവില്ലുകൾ ചാർത്തിയാണ് ഓണപൂജ നടക്കുക. തുടർന്ന് നാലാം ദിവസം പുറത്തെടുക്കുന്ന ഓണവില്ലുകൾ തിരുവിതാംകൂർ രാജകുടുംബാംഗത്തിൻ്റെ പൂജാമുറിയിൽ ഒരു വർഷക്കാലം സൂക്ഷിക്കുന്നതാണ് ആചാരം.












Click it and Unblock the Notifications