'ഇത് വെറുമൊരു ഓണമല്ല..വിവേകവും വിവേചന ബുദ്ധിയും പങ്കുവെക്കുന്നതാകട്ടെ ഈ ഓണക്കാലം';വിദ്യ വിജയൻ എഴുതുന്നു
വിദ്യ വിജയൻ എഴുതുന്നു
എൻ്റെ ഓണം ഓർമ്മകളെ വീടോർമ്മകളെന്നും കലാലയ ഓർമ്മകളെന്നും രണ്ടായി തിരിക്കേണ്ടി വരും. വീടോർമ്മകൾ നനുത്ത തുമ്പപ്പൂക്കൾ പോലെയാണെങ്കിൽ കലാലയ ഓർമ്മകൾ ആർപ്പുവിളികളുടെയും ചടുലതാളങ്ങളുടെയും നിറക്കൂട്ടുകളുടെയും ജമന്തിപ്പൂക്കൾ പോലെ വൈവിധ്യമുള്ളതാണ്.
ഉത്രാടവും തിരുവോണവുമാണ് വീട്ടിലെ ഓണമെങ്കിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ഓണാഘോഷങ്ങളാകും ക്യാംപസുകളിൽ ആടിത്തിമിർക്കുന്നത്. പയ്യന്നൂർ കോളേജിലും മഹാരാജാസിലും സംസ്കൃത സർവകലാശാലയിലും ഡിപ്പാർട്ട്മെൻ്റുകൾ തോറും കയറിയിറങ്ങി പൂക്കളമിട്ടും സദ്യ കഴിച്ചും യൂണിയൻ ആഘോഷങ്ങൾ തകൃതിയായി സംഘടിപ്പിച്ചും കഴിഞ്ഞു പോയ ഓണങ്ങൾ എത്രമേൽ മനോഹരമായിരുന്നു എന്ന് ഇപ്പോഴാണ് മനസിലാകുന്നത്.

ഹോട്ട് ലുക്കില്‍ പാര്‍വ്വതി നായര്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്
എങ്കിലും,അമ്മമ്മയുടെ പ്രഥമനും നാട്ടിലെ വായനശാലയുടെ ഓണപ്പരിപാടികളും ക്യാംപസിലെ ആഘോഷങ്ങളും ഇത്തവണയില്ല എന്ന യാഥാർത്ഥ്യത്തെ മനസ് അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. നാമെല്ലാവരും ജാഗ്രതയോടു കൂടി കടന്നു പോകേണ്ടുന്ന ഈ കാലം ഓണത്തിൻ്റെ പ്രത്യയശാസ്ത്രത്തെ നമ്മുടെ മനസുകളിലേക്ക് കൂടുതൽ ആഴത്തിൽ പതിപ്പിക്കേണ്ടുന്നതു കൂടിയാണ് എന്നു മനസ്സിലാക്കുന്നു.
സ്നേഹം കൊണ്ടും സാഹോദര്യം കൊണ്ടും നമ്മൾ പരസ്പരം അതിജീവനത്തിൻ്റെ വഴികൾ തുറക്കേണ്ടുന്ന കാലമാണ്. അതീവ ജാഗ്രതയോടു കൂടി മാത്രം നമ്മുടെ ആഘോഷങ്ങളെ ആസ്വദിക്കേണ്ടുന്ന കാലമാണ്. ഇനിയുമൊരുപാട് ഓണങ്ങളുണ്ണാൻ നമ്മൾ ഈ ലോകത്തെ കാത്തു വെക്കേണ്ടുന്ന കാലമാണ്.
പൂക്കളങ്ങളിലും പുത്തനുടുപ്പുകളിലും ഇല നിറഞ്ഞ സദ്യകളിലും മാത്രമല്ലാതെ നമ്മൾ ഇത്തവണ ഓണമാഘോഷിക്കേണ്ടത് മാനവികതയുടെ ചോറ്റുപാത്രത്തിലായിരിക്കണം എന്നു ഞാൻ വിശ്വസിക്കുന്നു. അതിതീവ്രമായ ഈ പ്രതിസന്ധികാലത്ത് നമുക്ക് താങ്ങായവർക്കൊപ്പവും നമുക്ക് താങ്ങാകാൻ കഴിയുന്നവർക്കൊപ്പവും സ്നേഹം കൊണ്ട് നമ്മൾ കൂട്ടിരിക്കണം. ജാതിയോ മതമോ വർണ- ലിംഗ ഭേദങ്ങളോ ഇല്ലാതെ, അസുഖം പരസ്പരം കൈമാറാൻ ഇട വരുത്താതെ ഈ വർഷം നേരത്തേ വന്ന ഈ കുഞ്ഞോണത്തിൻ്റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളെ നമുക്കു മറ്റുള്ളവർക്കായി പങ്കുവെക്കാൻ കഴിയണം.
മഹാരാജാസ് പങ്കുവെച്ച ഓണക്കാലങ്ങൾ അങ്ങനെയുള്ളവയായിരുന്നു. ആദ്യ വർഷം ആട്ടവും പാട്ടും കൊട്ടും മേളവും വാമനനും മാവേലിയും പുലികളിയും തോരണങ്ങളും ഒക്കെയായി നാനാ ദേശങ്ങളിൽ നിന്നും വന്ന പല പ്രായത്തിലും രൂപത്തിലുമുള്ള ഞങ്ങൾ മൂവായിരത്തോളം കുട്ടികൾ മഹാരാജാസിൻ്റെ നടുത്തളത്തിൽ ആർപ്പുവിളിച്ചാഘോഷിച്ച നട്ടുച്ചകളും വൈകുന്നേരങ്ങളും എങ്ങനെ മറക്കാനാണ്.. ഇരുപതിലധികം ഡിപ്പാർട്ട്മെൻ്റുകൾ, ഓണക്കളികൾ, ഓണപ്പാട്ടുകൾ, വിയർപ്പുറ്റും വരെ തിരുവാതിരയും പുലികളിയും കളിച്ച ഓഡിറ്റോറിയം- മഹാരാജാസിൽ നിന്നും വീട്ടിലേക്കു മടങ്ങുക ആ വർഷത്തെ രണ്ടാമത്തെ ഓണമാഘോഷിക്കാനായിരുന്നു. ഹോസ്റ്റലുകളിലെ ഓണാഘോഷം കൂടി കഴിയുമ്പോഴേക്കും അത്തവണ സ്വരുക്കൂട്ടിയ ഓണക്കോപ്പുകളുടെ കെട്ട് കാലിയായിക്കാണും.വൈവിധ്യങ്ങളുടെ ആഘോഷമാണ് ഓണമെന്നും ഓണം വൈവിധ്യപൂർണമാകുന്നതെങ്ങനെയെന്നും കണ്ടത് സത്യത്തിൽ മഹാരാജാസിൽ വെച്ചാണ്.പണക്കൊഴുപ്പിൻ്റേതല്ലാത്ത - പങ്കു വെക്കലുകളുടെ ഓണം. മാറി മാറിയുടുത്ത സാരികൾ, മാറ്റി മാറ്റിയിട്ട കമ്മലുകളും മാലകളും, രാവിലെ മുതൽ സാരിയുടുപ്പിക്കാനും ഒരുക്കാനും സ്വയം ഒരുങ്ങാതെ പണിപ്പെടുന്ന ചേച്ചിമാർ, ക്യാംപസിൻ്റെ ഓരോ അറ്റത്തും ഓണമേളമെത്തിക്കാൻ പാടുപെടുന്ന പ്രിയപ്പെട്ടവർ, കുട്ടികളോടൊപ്പം പാട്ടു പാടുന്ന - നൃത്തം ചവിട്ടുന്ന അധ്യാപകർ, വൈകുന്നേരമാകുമ്പോഴേക്കും മാലാഖക്കുളത്തിലേക്ക് കളം നിറയ്ക്കുന്ന പൂക്കൾ, ആരവങ്ങൾ.. ഞങ്ങളെല്ലാം ഒന്നാണെന്ന് ഞങ്ങളെത്തന്നെ പഠിപ്പിച്ച മഹാരാജാസിലെ ഓണക്കാലം..
എന്നാൽ, രണ്ടാം വർഷത്തെ ഓണം ഇതിൽ നിന്നെല്ലാം ഒരുപാട് വ്യത്യസ്തമായിരുന്നു. ഓണക്കാലമായെന്ന് ഓർത്തെടുത്തപ്പോഴേക്കും ഞങ്ങളെല്ലാം ഒരുപാട് ക്ഷീണിച്ചിരുന്നു. മഴപ്പെയ്ത്ത് കൊണ്ടുപോയ ആഘോഷിക്കാൻ കഴിയാതെ പോയ ആ ഓണമാണ് ജീവിതത്തിലേറ്റവും മധുരിതമായ കണ്ണുനീരെനിക്കു സമ്മാനിച്ചത്.
പ്രളയകാലമായിരുന്നു. മഹാരാജാസിലെ ദുരിതാശ്വാസ ക്യാമ്പിൽ ഞങ്ങൾ എറണാകുളം ജില്ലയിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള ധാരാളം എസ് എഫ് ഐ വളണ്ടിയർമാർ ക്യാമ്പ് ആരംഭിക്കുന്ന ദിവസം തൊട്ട് പ്രവർത്തനസജ്ഞരായി ഉണ്ടായിരുന്നു. ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചതും സമ്പാദിച്ചതും ഒലിച്ചുപോയ വേദനയുമായി ഞങ്ങളുടെ ക്ലാസ് മുറികളിലേക്ക് കയറി വന്ന നനഞ്ഞ കണ്ണുള്ള മനുഷ്യർ.. ആഹാരം കഴിക്കാതെ, ഉറ്റവരെ വാരിപ്പുണർന്ന് നെടുവീർപ്പിടുന്ന, ഉറങ്ങാതിരുന്ന അവരോരോരുത്തരുടെയും മുഖങ്ങൾ ഇന്നും ഓർമ്മയുണ്ട്. ദിവസങ്ങളോളം നീണ്ടു നിന്ന സംസാരങ്ങൾക്കും പങ്കുവെക്കലുകൾക്കും ഒടുവിൽ പല കുടുംബങ്ങളായി കയറി വന്ന അവരെല്ലാവരും ഞങ്ങൾ മഹാരാജാസുകാരെ പോലെ പല മെയ്യും ഒറ്റ മനസുമായി മാറി. മാനസികവും ശാരീരികവുമായ അവരുടെ വിഷമതകളിൽ ഞങ്ങൾ അവരെ സഹായിച്ചു.. കൂടെ നിന്നു..
പല പ്രായത്തിൽ - പലയിടങ്ങളിൽ നിന്നായി എത്തിയ ഞങ്ങൾ ഒരുമിച്ച് രാവുകളും പകലുകളും അതിജീവനത്തിൻ്റെ പുതിയ നാളേയ്ക്കായി കരുതി വെച്ചു.ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും അങ്ങനെ വേണ്ടതെല്ലാം എത്തിക്കാൻ ആർഷൊയും റെനീഷേട്ടനും ഷാഹിനേച്ചിയുമെല്ലാം ഓടി നടന്നു. ഓണത്തലേന്ന് ഞങ്ങൾ പാട്ടുകൾ പാടി.. ഓണസദ്യയ്ക്കും പൂക്കളത്തിനും ഉള്ള ഒരുക്കങ്ങൾ ഒക്കെ തയ്യാറാക്കി വെച്ചു. പക്ഷെ, അന്നു രാത്രി എനിക്ക് വീട്ടിലേക്ക് മടങ്ങി പോകേണ്ടി വന്നു. ഓണ ദിവസം വീടെത്തിയപ്പോൾ ഫോണിൽ മഹാരാജാസിലെ ഓണാഘോഷത്തിൻ്റെ ഫോട്ടോ വന്നു കിടക്കുന്നുണ്ടായിരുന്നു. പുത്തനുടുപ്പുകളിട്ട് - ഊഞ്ഞാലു കെട്ടി - പായസവും പപ്പടവും വെച്ച് - ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് - പാട്ടുകൾ പാടി -കമ്പവലിച്ച് പുതിയൊരു ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ തയ്യാറായ ഒരു കൂട്ടം മനുഷ്യർ ആ ഫോട്ടോകളിൽ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അതിൽ നാലു മാസം പ്രായമായ കുഞ്ഞനിയത്തിയെയും കയ്യിലെടുത്ത് കുട്ടി റൈഹാനും കടമക്കുടിയിലെ മോണകാട്ടി ചിരിക്കുന്ന അമ്മമ്മയുമുണ്ടായിരുന്നു. ഓണമേ നിനക്കെന്തു ഭംഗി എന്നെൻ്റെ മനസു പറഞ്ഞു.
നാളെ, ഓണത്തിന് അച്ഛനെയും അമ്മയെയും കാണാൻ വീട്ടിലേക്ക് പോകാനിരിക്കുകയാണ്. പക്ഷെ, ഫോണെടുത്തു നോക്കുമ്പോൾ അതു നിറയെ പാഠപുസ്തങ്ങളും കയ്യിൽ പിടിച്ച് അലമുറയിട്ടു കരയുന്ന അഫ്ഗാനിലെ കുഞ്ഞുങ്ങളാണ്. സർട്ടിഫിക്കറ്റുകളുമായി ഓടിയൊളിക്കുന്ന കാബൂളിലെ പെൺകുട്ടികളാണ്..
പ്രളയത്തോടും കൊറോണയsക്കമുള്ള മഹാമാരികളോടും നമ്മൾ പോരടിക്കുന്നു. ഒരുമിച്ചു നിന്ന് പഴയ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് പ്രത്യാശിക്കുന്നു. എന്നാൽ, ഒരു രാജ്യം മുഴുവൻ മതഭ്രാന്തിനാൽ ചുട്ടുപൊള്ളുമ്പോൾ ഈ ഓണക്കാലത്ത് നമ്മൾ നിശബ്ദരായിരിക്കുന്നു. നമ്മുടെ നിശബ്ദത പോലും വലിയ കുറ്റമാണ്. കഥകൾക്കും കെട്ടുകഥകൾക്കും ഒക്കെ അപ്പുറം മനുഷ്യൻ്റെ എല്ലാ ആഘോഷങ്ങളും ഒത്തുചേരലുകളും മാനവികതയ്ക്കും മതേതരത്വത്തിനും സ്നേഹത്തിനും സന്തോഷത്തിനും വേണ്ടിയുള്ളതാകണം. ലോകത്തെവിടെയുമുള്ള മനുഷ്യർ സ്വതന്ത്രരായിത്തന്നെ ജീവിക്കുന്നതിനു വേണ്ടി - ജീവിക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കുന്നതിനു വേണ്ടി നമ്മൾ ശബ്ദമുയർത്തുക തന്നെ വേണം.
എല്ലാ പ്രത്യയശാസ്ത്രങ്ങൾക്കുമപ്പുറം മതേതരത്വത്തിനും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മനുഷ്യരുടെ പോരാട്ടങ്ങൾക്കുള്ള ഐക്യപ്പെടലാകട്ടെ നമ്മുടെ ഇത്തവണത്തെ ഓണം. മത വർഗീയതയ്ക്കെതിരെ ശബ്ദിക്കാനും ചെറുത്തു നിൽക്കാനുമുള്ള വിവേകവും വിവേചന ബുദ്ധിയും പങ്കുവെക്കുന്നതാകട്ടെ ഈ ഓണക്കാലം...ഇത് വെറുമൊരോണമല്ല..
(വിദ്യ വിജയൻ- ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മലയാള വിഭാഗം രണ്ടാംവർഷ ഗവേഷക. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരാണ് സ്വദേശം. മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യ മത്സരം- ചെറുകഥ രണ്ടാം സ്ഥാനം, സംഘശബ്ദം ചെറുകഥാ പുരസ്കാരം, കെ.എം കുഞ്ഞബ്ദുള്ള സ്മാരക ചെറുകഥാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.' ചിമ്മിണിക്കടലിന്റെ പ്രസവം ' എന്ന ചെറുകഥാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.)












Click it and Unblock the Notifications