ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണോ? 12 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്സ്
ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളിലൊന്നായ ഖത്തര്‍ എയര്‍വേയ്സ് ലോകമെമ്പാടുമുള്ള 12 പ്രധാന നഗരങ്ങളിലേക്കുള്ള തങ്ങളുടെ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചു. മധ്യേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തിന് ഇപ്പോഴും അയവുണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഖത്തറിന്റെ വ്യോമാതിര്‍ത്തികള്‍ ഭാഗികമായി അടച്ചതിനെത്തുടര്‍ന്നാണ് യാത്രക്കാരെ ഏറെ വലയ്ക്കുന്ന ഈ തീരുമാനം വന്നിരിക്കുന്നത്. ഫെബ്രുവരി അവസാന വാരം മുതല്‍ മേഖലയില്‍ ആരംഭിച്ച സംഘര്‍ഷങ്ങളാണ് ഈ നടപടിക്ക് പിന്നിലെ പ്രധാന കാരണം.
ഇറാനും ഇസ്രായേല്‍-യുഎസ് സഖ്യവും തമ്മിലുള്ള സംഘര്‍ഷത്തെതുടര്‍ന്ന് ഖത്തറിലെ യുഎസ് താവളത്തിനു നേരെ ഇറാന്‍ ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ഈ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഫെബ്രുവരി 28-നാണ് ഖത്തര്‍ ആദ്യമായി തങ്ങളുടെ ആകാശാതിര്‍ത്തി അടച്ചത്. മിസൈല്‍ ആക്രമണങ്ങളും ഡ്രോണ്‍ സാന്നിധ്യവും കാരണമാണിത്.
വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇനിയും സമയം എടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഖത്തര്‍ സായുധ സേനയുടെ നിര്‍ദ്ദേശാനുസരണം ചില പ്രത്യേക ആകാശപാതകളിലൂടെ മാത്രമാണ് വിമാനങ്ങള്‍ കടന്നുപോകുന്നത്.

ഏഷ്യയിലെയും യൂറോപ്പിലെയും പ്രമുഖ യാത്രാ കേന്ദ്രങ്ങളെയാണ് ഈ തീരുമാനം പ്രധാനമായും ബാധിച്ചിരിക്കുന്നത്. ഏഷ്യയില്‍ ക്വാലാലംപൂര്‍, മനില, സിയോള്‍, ടോക്കിയോ എന്നീ നഗരങ്ങളിലേക്കുള്ള യാത്രകള്‍ തടസപ്പെട്ടു. യൂറോപ്പില്‍ ബര്‍മിങ്ഹാം, കോപ്പന്‍ഹേഗന്‍, ഡബ്ലിന്‍, മോസ്‌കോ, മ്യൂണിക്, പ്രാഗ്, വാര്‍സോ, സൂറിച്ച് എന്നീ നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് റദ്ദാക്കിയത്. ദോഹയെ ഒരു പ്രധാന കണക്റ്റിങ് ഹബ്ബായി ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാണ്. ഇതില്‍ മോസ്‌കോയിലേക്കുള്ള സര്‍വീസുകളില്‍ മാത്രം ആഴ്ചയില്‍ 8,500-ലേറെ യാത്രക്കാരാണ് സാധാരണ ഗതിയില്‍ ഉണ്ടാകുന്നത്.
അതേസമയം, ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ ഭാഗത്തു നിന്നുണ്ടായത്. കൊല്‍ക്കത്തയിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് 22 മുതല്‍ ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇത് വലിയൊരു ആശ്വാസമാകും. സാഹചര്യങ്ങള്‍ അനുകൂലമാകുന്ന മുറയ്ക്ക് മറ്റ് നഗരങ്ങളിലേക്കും സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കാനാണ് വിമാനക്കമ്പനി ആലോചിക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടുതല്‍ ഗുണകരമാകും.
നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കായി ചില വിട്ടുവീഴ്ചകള്‍ ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 30 വരെയുള്ള യാത്രകള്‍ക്ക് രണ്ട് തവണ സൗജന്യമായി തീയതി മാറ്റാന്‍ യാത്രക്കാര്‍ക്ക് അവസരമുണ്ട്. യാത്ര വേണ്ടെന്ന് വെക്കുന്നവര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും റീഫണ്ട് നല്‍കുമെന്നും കമ്പനി അറിയിച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാനായി യാത്രയ്ക്ക് കൃത്യമായ കണ്‍ഫര്‍മേഷന്‍ ലഭിക്കാത്തവര്‍ വിമാനത്താവളത്തിലേക്ക് എത്തരുതെന്നും ഇമെയില്‍ വഴിയോ എസ്എംഎസ് വഴിയോ കമ്പനിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.
മാര്‍ച്ച് 29 മുതല്‍ പരിമിതമായ തോതില്‍ പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം സര്‍വീസുകള്‍ നടത്താനാണ് ഖത്തര്‍ എയര്‍വേയ്സ് ലക്ഷ്യമിടുന്നത്. ആകാശാതിര്‍ത്തി സുരക്ഷിതമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിക്കുന്ന മുറയ്ക്ക് മാത്രമേ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനങ്ങള്‍ പഴയപടിയാകൂ. അതിനാല്‍ അന്താരാഷ്ട്ര യാത്ര ആസൂത്രണം ചെയ്യുന്നവര്‍ ഖത്തര്‍ എയര്‍വേയ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈല്‍ ആപ്പോ വഴി ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കണമെന്നും കമ്പനി അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications