മഴയിൽ 'കേരളത്തിന്റെ സ്വിറ്റ്സർലാൻഡിലേക്ക്' ഒരു യാത്ര; പൂക്കാലവും ഇടുക്കിയുടെ കാഴ്ചകളും..പാക്കേജ്
കേരളത്തിലെ തീർത്ഥാടനവും വിനോദസഞ്ചാരവും ഒരുപോലെ ആഗ്രഹിക്കുന്നവർക്കായി ഇതാ സെപ്റ്റംബർ മാസത്തിൽ നിരവധി പ്രത്യേക യാത്രകൾ ഒരുക്കിയിരിക്കുകയാണ് കുളത്തൂപ്പുഴ കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍. ആത്മീയത, പ്രകൃതി സൗന്ദര്യം, സാഹസികത, ചരിത്രം ഇങ്ങനെ എല്ലാം സമന്വയിപ്പിക്കുന്ന യാത്രകളാണിവ. ഓരോ യാത്രകളേയും കുറിച്ച് വിശദമായി നോക്കാം
'ഓണാട്ടുകരയിലെ ക്ഷേത്രങ്ങള്‍'
വല്ലഭസ്വാമി ക്ഷേത്രം (തിരുവല്ല), ചക്കുളത്തുകാവ് ദേവി ക്ഷേത്രം (ആലപ്പുഴ), മണ്ണാറശാല നാഗക്ഷേത്രം (ഹരിപ്പാട്), ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, ചെറ്റികുളങ്ങര ദേവി ക്ഷേത്രം, കണ്ടിയൂർ മഹാദേവ ക്ഷേത്രം (മാവേലിക്കര) തുടങ്ങിവയാണ് സന്ദർശിക്കുന്നത്.
സെപ്റ്റംബര്‍ 14 രാവിലെ അഞ്ചിനാണ് യാത്ര ആരംഭിക്കുന്നത്.

ഇടുക്കിയിലെ പ്രകൃതി വിസ്മയങ്ങളിലേക്ക്
പ്രകൃതിയും സാഹസികതയും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന യാത്രയാണിത്. കുറവൻ കുറത്തി മലകളുടെ ഇടയിൽ ഉയർന്നുനിൽക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാം ആണ് കാഴ്ചകളിൽ ഒന്ന്. മറ്റൊന്ന് അഞ്ചുരളിയാണ്. പ്രകൃതിസൗന്ദര്യവും മനുഷ്യന്റെ നിർമാണ മികവും ഒരുപോലെ കൈകോർക്കുന്ന ഇടം എന്ന് കൂടി ഈ സ്ഥലത്തെ കുറിച്ച് പറയാം. ഉരുളി കമഴ്ത്തി വെച്ചിരിക്കുന്നതു പോലെ അഞ്ച് കുന്നുകളുണ്ടിവിടെ,അതിനാൽ ആദിവാസികളാണ് അഞ്ചുരുളി എന്ന പേര് നൽകിയത്. കിലോമീറ്ററുകൾ നീണ്ട പാറ തുരന്ന് നിർമ്മിച്ച ടണലാണ് അഞ്ചുരുളിയുടെ പ്രധാന ആകർഷണം. മഴക്കാലത്ത് ടണലിലൂടെ ഒഴുകിയെത്തുന്ന വെള്ളം ശക്തമായ വെള്ളച്ചാട്ടമായി താഴേക്ക് പതിക്കുന്നു. ഇരട്ടയാർ ഡാമിൽ നിന്നുള്ള വെള്ളം ടണലിലൂടെ ഒഴുകി ഇടുക്കി ജലാശയത്തിലേക്ക് പതിക്കുന്ന കാഴ്ച, അഞ്ചുരുളിയുടെ സൗന്ദര്യത്തിന്‍റെ ഹൈലൈറ്റാണ്. ഈ പാക്കേജിൽ
പെരിയാർ നദിക്കു മുകളിൽ നീളുന്ന അയ്യപ്പൻകോവിൽ തൂക്കുപാലത്തിന്റെ മനോഹര കാഴ്ച കാണാനും അവസരം ലഭിക്കും. സെപ്റ്റംബര്‍ 20ന് പുലര്‍ച്ചെ നാലിനാണ് യാത്ര പുറപ്പെടുന്നത്.'
തിരുവനന്തപുരം- കൊല്ലം ബോര്‍ഡര്‍ വൈബ്‌സ്'
. സൂര്യകാന്തിപ്പാടങ്ങളുടെ പൂക്കാല ഭംഗി, മുതലപ്പൊഴി ഹാർബറിന്റെ ശാന്തമായ അന്തരീക്ഷം, ബ്രിട്ടീഷ് ഭരണകാലത്തെ ഓർമ്മിപ്പിക്കുന്ന അഞ്ചുതെങ്ങ് കോട്ട, കവിയായ കുമാരനാശാന്റെ സ്മാരകം, പുത്തൻകുളം കാവേരി പാർക്കിന്റെ സൗന്ദര്യം, പരവൂരിലെ കണ്ടൽക്കാടുകളിലൂടെ നടത്തുന്ന ബോട്ട് യാത്ര, കപ്പിൽപ്പൊഴിയുടെ തീരദേശ കാഴ്ചകൾ എന്നിവ ആസ്വദിച്ച് കുളത്തൂപ്പുഴയിൽ അവസാനിക്കുന്ന തരത്തിലാണ് യാത്ര. സെപ്റ്റംബര്‍ 21ന് രാവിലെ ആറിന് യാത്ര തുടങ്ങും.
വാഗമൺ-പരുന്തുംപാറ
മലനിരകളുടെയും പ്രകൃതി വിസ്മയങ്ങളുടെയും ലോകത്തിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നതായിരിക്കും ഈ യാത്ര എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 1,100 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമൺ കേരളത്തിന്റെ സ്വിറ്റ്സർലാൻഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടുത്തെ പൈൻവാലി, നീണ്ടുനിൽക്കുന്ന പൈൻ മരങ്ങളാൽ നിറഞ്ഞ മനോഹരമായ കാടാണ്. സിനിമകളിലും ഫോട്ടോഷൂട്ടുകളിലും നിരന്തരം പ്രത്യക്ഷപ്പെടുന്ന ഈ സ്ഥലത്ത് നടക്കുമ്പോൾ, മറ്റൊരു ലോകത്തേക്ക് കടന്നതുപോലൊരു അനുഭവമായിരിക്കും. മൊട്ടക്കുന്നിലെ കോടമൂടിയ കാഴ്ചകളും കാറ്റും സാഹസിക പാർക്കും ഗ്ലാസ് ബ്രിഡ്ജും ഈ യാത്രയിൽ ആസ്വദിക്കാൻ സാധിക്കും. പാക്കേജിൽ ഉൾപ്പെടുത്തിയ മറ്റൊരിടം പരുന്തും പാറയാണ്. ഇടുക്കിയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ട്രക്കിങ് സ്പോട്ടാണ് പരുന്തുംപാറ. സൂര്യാസ്തമയ സമയത്ത് പരുന്തുംപാറയിൽ നിന്ന് കാണുന്ന കാഴ്ച, ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും. പ്രകൃതിയെ അടുത്ത് അറിയാൻ താത്പര്യമുള്ളവർക്കുള്ള മികച്ച പാക്കേജ് കൂടിയാണിത്. സെപ്റ്റംബര്‍ 27 ശനിയാഴ്ച രാവിലെ അഞ്ചിനാണ് യാത്ര തിരിക്കുക.
സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9747969768 / 8921950903 എന്ന നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications