കേരളത്തിന് വൻ ലോട്ടറി, ഒന്നല്ല രണ്ട് വന്ദേഭാരത് സ്ലീപ്പർ വരുന്നു..ബെംഗളൂരിലേക്കും ചെന്നൈയിലേക്കും ?
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ഈ മാസം അവസാനത്തോടെ സർവ്വീസ് നടത്തുമെന്നാണ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. ആദ്യ സ്ലീപ്പർ ബിഹാർ റൂട്ടിലായിരിക്കുമെന്നായിരുന്നു തുടക്കത്തിൽ വന്ന റിപ്പോർട്ട്. എന്നാൽ അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും ഇടിയിലായിരിക്കും ട്രെയിൻ ഓടുക. ഈ വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണിവ. രാഷ്ട്രീയം തന്നെയാണ് പ്രഖ്യാപനത്തിന് പിന്നിൽ എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിലും ആദ്യ വന്ദേഭാരത് ഉടൻ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതും ഒരു ട്രെയിനല്ല, രണ്ട് വന്ദേഭാരത് സ്ലീപ്പറുകൾ. വിശദമായി നോക്കാം
ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി വലിയ പ്രതീക്ഷയാണ് പുലർത്തുന്നത്. തിരുവനന്തപുരം കോർപറേഷനിലെ വലിയ വിജയം പല മണ്ഡലങ്ങളിലും പാർട്ടിക്ക് ആവർത്തിക്കാൻ സാധിക്കുമെന്നാണ് നേതൃത്വം കരുതുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സംസ്ഥാനത്ത് രണ്ട് വന്ദേഭാരത് സ്ലീപ്പറുകൾ പ്രഖ്യാപിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിരുന്നു.

അത്യാധുനിക സംവിധാനങ്ങൾ
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ കോച്ചുകളിൽ കൂട്ടിയിടികൾ തടയാൻ 'കവച്' ഓട്ടോമാറ്റിക് ട്രെയിൻ സുരക്ഷാ സംവിധാനമുണ്ട്. സിസിടിവി നിരീക്ഷണവും ജീവനക്കാരുമായി സംസാരിക്കാൻ എമർജൻസി ടോക്ക്-ബാക്ക് യൂണിറ്റുകളും എല്ലാ കോച്ചുകളിലും ലഭ്യമാണ്. മെച്ചപ്പെട്ട സസ്പെൻഷൻ, ശബ്ദം കുറയ്ക്കുന്ന സൗകര്യങ്ങൾ എന്നിവ യാത്രക്ക് സുഖം പകരും.
മണിക്കൂറിൽ 180 കിമീ വേഗതയിൽ പരീക്ഷണയോട്ടം പൂർത്തിയാക്കിയ ട്രെയിൻ, രാത്രികളിൽ 120-130 കി.മീ വേഗതയിലാകും സർവീസ് നടത്തുക. പൂർണ്ണമായും ശീതീകരിച്ച 16 കോച്ചുകളാണ് ഇതിലുള്ളത്. ഒരു ഫസ്റ്റ് ക്ലാസ് എസി (1A), 11 തേർഡ് ക്ലാസ് എസി (3A), നാല് സെക്കൻഡ് ക്ലാസ് എസി (2A) കോച്ചുകളുൾപ്പെടെ എല്ലാ എസി ക്ലാസ്സുകളിലുമായി 823 യാത്രക്കാർക്ക് ട്രെയിനിൽ സഞ്ചരിക്കാം.
കേരളത്തിൽ ഈ റൂട്ടുകളിൽ
സംസ്ഥാനത്ത് നിലവിൽ മൂന്ന് വന്ദേഭാരതുകളാണ് സർവ്വീസ് നടത്തുന്നത്. ഒന്ന് കാസർഗോഡ്-തിരുവനന്തപുരം റൂട്ടിലും മറ്റൊരു മംഗലാപുരം തിരുവനന്തപുരം റൂട്ടിലുമാണ്. മൂന്നാമത്തെ സർവ്വീസ് കൊച്ചി-ബെംഗളൂരു റൂട്ടിലാണ്. ഇതിന് പുറമെയാണ് പുതിയ രണ്ട് വന്ദേഭാരത് സ്ലീപ്പറുകൾ കൂടി എത്തുന്നത്.
ആദ്യം തിരുവനന്തപുരം-മംഗളൂരു റൂട്ടിലായിരിക്കും സ്ലീപ്പർ ഓടുക എന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ കേരളത്തിന് പുറത്തേക്കായിരിക്കും പുതിയ സർവ്വീസ് എന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കും തിരുവനന്തപുരത്ത് നിന്നും ബെംഗളൂരിലേക്കുമായിരിക്കും ഈ ട്രെയിനുകൾ സർവ്വീസ് നടത്തുക. ഈ രണ്ട് റൂട്ടിലേക്കും സെമി ഹൈസ്പീഡ് ട്രെയിനുകൾ വേണമെന്ന ആവശ്യം കേരളത്തിൽ നിന്നുള്ള എംപിമാർ നിരന്തരം ഉയർത്തിയിരുന്നു. കൊച്ചി-ബെംഗളൂരു റൂട്ടിലെ തിരക്ക് പരിഗണിച്ച് വീണ്ടുമൊരു വന്ദേഭാരത് അനുവദിക്കുകയോ അല്ലെങ്കിൽ കോച്ചുകൾ കൂട്ടുകയോ വേണെമെന്ന് അടുത്തിടെ യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം വന്ദേഭാരത് സ്ലീപ്പറുകള്‍ക്ക് പുറമെ ഒരു അമൃത് ഭാരത് ട്രെയിന്‍ കൂടി കേരളത്തിന് ലഭിച്ചേക്കും. അതിഥിത്തൊഴിലാളികളെ പ്രധാനമായും ലക്ഷ്യമിടുന്ന ഈ സര്‍വീസ് എറണാകുളത്ത് നിന്നും ബിഹാറിലെ ജോഗ്ബനിയിലേക്ക് ആയിരിക്കും സർവ്വീസ് നടത്തുക.
ടിക്കറ്റ് നിരക്ക് കൈപ്പൊള്ളിക്കുമോ
ഫസ്റ്റ് ക്ലാസ് എസി കോച്ചിന് ഒരാൾക്ക് 3,600 രൂപയാണ് നിരക്ക്. സെക്കൻ്റ് ക്ലാസിന് 3,000 രൂപയും തേഡ് ക്ലാസിന് 2,300 രൂപയും നൽകണം. സംസ്ഥാനത്ത് ഈ വർഷം തന്നെ അഞ്ച് വന്ദേഭാരത് സ്ലീപ്പറുകൾ എത്തിക്കുമെന്ന് റെയിൽവെ മന്ത്രി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications