ലോക്കോ പൈലറ്റ് ഇറങ്ങി; എഞ്ചിൻ ത്രോട്ടിൽ ബാഗ് വെച്ച് ജീവനക്കാരൻ; പ്ലാറ്റ്ഫോമിലേക്ക് കുതിച്ച് ട്രെയിൻ - വീഡിയോ
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ജീവനക്കാരന്റെ അശ്രദ്ധ മൂലം ട്രെയിൻ പാളം തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയ സംഭവത്തിന്റെ വീഡിയോ പുറത്ത്. യാത്രക്കാർ എല്ലാവരും ഇറങ്ങിയ ശേഷമായിരുന്നു അപകടം നടന്നത്. അതിനാൽ വൻ അപകടമാണ് ഒഴിവായത്. മഥുര ജംഗ്ഷനിൽ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. ട്രെയിനിലെ സെക്യൂരിറ്റി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ലോക്കോ പൈലറ്റ് ഡ്യൂട്ടിയിൽ നിന്ന് മാറി ക്യാബിൽ നിന്ന് പുറത്തിറങ്ങിയ ശേഷം റെയിൽവേ ജീവനക്കാരൻ ആയ സച്ചിൻ ക്യാബിലേക്ക് പ്രവേശിക്കുന്നത് വീഡിയോയിൽ കാണാം. സച്ചിൻ തന്റെ കറുത്ത ബാക്ക്പാക്ക്എൻജിൻ പ്രവർത്തിപ്പിക്കുന്ന ഭാഗത്ത് (എഞ്ചിൻ ത്രോട്ടിൽ ), വെച്ച ശേഷം ഇരുന്ന് മൊബൈൽ ഫോണിൽ എന്തോ കാണാൻ തുടങ്ങുന്നു.

PC: Twitter
ഭാഗിന്റെ സമ്മർദത്തിൽ എൻജിൻ മുന്നോട്ട് നീങ്ങിക്കൊണ്ട് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയത്തും സച്ചിൻ ഫോണിൽ നോക്കിയിരിക്കുന്നതായി വീഡിയോയിൽ കാണാം.
ഒരാൾക്ക് പരിക്കേറ്റ സംഭവത്തിൽ ലോക്കോ പൈലറ്റും നാല് ടെക്‌നിക്കൽ സ്റ്റാഫും ഉൾപ്പെടെ അഞ്ച് റെയിൽവേ ജീവനക്കാരെ അന്വേഷണത്തിന് ശേഷം സസ്പെൻഡ് ചെയ്തു. അഞ്ചുപേരും മദ്യപിച്ച നിലയിലായിരുന്നുവെന്നും ഡ്യൂട്ടിക്കിടെ ഫോൺ ഉപയോഗിച്ചിരുന്നതായും മഥുര റെയിൽവേ സ്റ്റേഷൻ ഡയറക്ടർ സഞ്ജീവ് ശ്രീവാസ്തവ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഡിവിഷണൽ റെയിൽവേ മാനേജർ തേജ് പ്രകാശ് അഗർവാൾ സസ്പെൻഷനുകൾ സ്ഥിരീകരിക്കുകയും "കൂടുതൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന്" വ്യക്തമാക്കുകയും ചെയ്തു.സംയുക്ത അന്വേഷണ റിപ്പോർട്ടിലെ മൊഴി പ്രകാരം ട്രെയിൻ തനിയെ നീങ്ങിത്തുടങ്ങിയതായി സച്ചിൻ അവകാശപ്പെട്ടു. എമർജൻസി ബ്രേക്ക് ചവിട്ടിയെങ്കിലും അപ്പോഴേക്കും ട്രെയിൻ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ചിരുന്നുവെന്നും ആണ് ഇയാൾ അവകാശപ്പെടുന്നത്.
അന്വേഷണത്തിൽ, ത്രോട്ടിൽ ഫോർവേഡ് പൊസിഷനിലാണെന്നും താക്കോലും ഉണ്ടായിരുന്നുവെന്നും ഇയാൾ പറയുന്നു. സംഭവത്തെക്കുറിച്ച് അദ്ദേഹം ഉടൻ തന്നെ ചുമതലയുള്ള ഉദ്യോഗസ്ഥനെ അറിയിച്ചതായും പറയുന്നു,
തീവണ്ടിയുടെ പ്രവർത്തനം 'സ്വിച്ച് ഓൺ' ആയി നിലനിർത്തിയതിന് ലോക്കോ പൈലറ്റിനെ സച്ചിൻ കുറ്റപ്പെടുത്തി. എന്നാൽ, സച്ചിന് ക്യാബിൽ കയറുന്നതിന് മുമ്പ് താക്കോൽ സച്ചിന് കൈമാറി എന്നാണ് ലോക്കോ പൈലറ്റ് മൊഴിയിൽ പറയുന്നത്.
വീഡിയോ കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications