ഇതെന്താ ചന്തയാണോ? ചീഫ് ജസ്റ്റിസിന്റെ കയ്യിൽ നിന്ന് കണക്കിന് വാങ്ങിക്കൂട്ടി അഭിഭാഷകൻ; സംഭവിച്ചത് ഇങ്ങനെ
സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരിക്കലെങ്കിലും ഇതെന്താ ചന്തയാണോ എന്ന അധ്യാപകരുടെ ചോദ്യം കേൾക്കാത്തവർ ഉണ്ടാവില്ലേ. ക്ലാസിൽ അധ്യാപകരില്ലെങ്കിൽ ഒച്ചയും ബഹളവുമൊക്കെ ആയിരിക്കുമല്ലോ, അപ്പോൾ ഈ ചോദ്യം പ്രതീക്ഷിക്കാവുന്നത് തന്നെയാണ്.
അതൊക്കെ ചെറു പ്രായത്തിലല്ലേ എന്നാവും നിങ്ങൾ വിചാരിക്കുന്നത്. എന്നാൽ ഇതേ ചോദ്യം ഒരു അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ചോദിച്ചാലോ? അതും സുപ്രീംകോടതിക്ക് അകത്ത് വെച്ച്. അങ്ങനൊരു സംഭവം ഉണ്ടായി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് അഭിഭാഷകനെ വിമർശിച്ചത്. കോടതി മുറിക്കുള്ളിൽ ഫോണിൽ സംസാരിച്ചതിനാണ് അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ദേഷ്യപ്പെട്ടത്. ഇതെന്താ ചന്ത ആണോ എന്നും അദ്ദേഹം ചോദിച്ചു. അഭിഭാഷകന്റെ ഫോൺ പിടിച്ചെടുക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
നിങ്ങൾക്ക് ഫോണിൽ സംസാരിക്കാൻ ഇതൊരു ചന്തയാണോ. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പിടിച്ചെടുക്കുക," ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഭാവിയിൽ കൂടുതൽ ജാഗ്രത കാട്ടാനും കോടതി നിർദ്ദേശിച്ചു. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ അഭിഭാഷകൻ മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നു.
കോടതി നടപടിയെ ഇത് ബാധിച്ചതോടെ ഫോൺ പിടിച്ചെടുക്കാൻ കോർട്ട് മാസ്റ്ററോട് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. കോടതിയിൽ പെരുമാറുമ്പോൾ ശ്രദ്ധിക്കേണ്ട മര്യാദയെക്കുറിച്ചും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. ജഡ്ജിമാർ എല്ലാം കാണുന്നുണ്ടെന്നും കടലാസിൽ നോക്കിയിരുന്നാവും അവരുടെ കണ്ണ് എല്ലായിടത്തും എത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications