കണ്ണൂരിൽ എ ഐ ക്യാമറയിൽ പതിഞ്ഞ രൂപം പ്രേതവുമല്ല, സ്ത്രീയുമല്ല! ദുരൂഹത നീങ്ങി.. ആ സംഭവം ഇങ്ങനെ
കണ്ണൂർ: മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വൈറൽ ആയിരുന്നു. എ ഐ ക്യാമറയിൽ നിന്നുള്ള ചിത്രമായിരുന്നു അത്. പയ്യന്നൂർ മേൽ പാലത്തിന് സമീപം മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് ഡ്രൈവറുടെ പിന്നിലായുള്ള സീറ്റിൽ സ്ത്രീയുടെ രൂപം തെളിഞ്ഞത്. കാറിലില്ലാത്ത സ്ത്രീയുടെ രൂപം ക്യാമറയിൽ പതിഞ്ഞതോടെ പലതരത്തിലുള്ള കഥകൾ പ്രചരിക്കാൻ തുടങ്ങി.
ചെറുവത്തൂർ കൈതക്കാട് സ്വദേശികളായ കുടുംബത്തിന്റെ കാർ പയ്യന്നൂരിലേക്ക് പോകുമ്പോളാണ് കോളോത്ത് വെച്ച് ഒക്ടോബർ മൂന്നാം തീയതി രാത്രി 8. 27 ന് ക്യാമറയിൽ പതിയുന്നത്. മുൻ സീറ്റിൽ ഇരുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതിനാൽ പിഴയടയ്ക്കാനുള്ള ചെലാൻ ലഭിച്ചു. കാറുടമ പിഴ അടച്ചു.

ആ കാറിൽ അന്ന് സഞ്ചരിച്ചത് ഒരു സ്ത്രീയും പുരുഷനും അവരുടെ പത്തും പതിനേഴും വയസ്സുള്ള മക്കളുമായിരുന്നു. എന്നാൽ പിൻസീറ്റിലെ കുട്ടികൾ ക്യാമറയിൽ പതിഞ്ഞതുമില്ല. ഒരു സ്ത്രീയുടെ രൂപം ക്യാമറയിൽ പതിയുകയും ചെയ്തു. ഇതോടെയാണ് പ്രേതകഥ ഉൾപ്പെടയുള്ള കഥകൾ പ്രചരിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയാതെ മോട്ടോർ വാഹന വകുപ്പും അമ്പരന്നു.
ഇപ്പോൾ മാസങ്ങൾക്കിപ്പുറത്ത് വിശദീകരണവുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. കാറിലുണ്ടായിരുന്ന 17 വയസ്സുള്ള ആൺകുട്ടിയുടെ ചിത്രമായിരുന്നു അതെന്നാണ് പറയുന്നത്. സ്ത്രീയാണ് എന്ന് തോന്നുന്നതാണെന്നും എൻഫോഴ്സ്മെന്റ് ആർ ടി ഒ സി യു മുജീബ് പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറഞ്ഞു.
കണ്ണൂർ ആർ ടി ഒ പയ്യന്നൂർ ഡി വൈ എസ് പിക്ക് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയതെന്നും പറയുന്നു. ഇതോടെ ഈ വിഷയത്തിലെ ദുരൂഹത അവസാനിച്ചെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. എന്നാലും ഇത് എങ്ങനെയാണ് സംഭവിച്ചത് എന്ന ചോദ്യം ഇപ്പോഴും ബാക്കി...












Click it and Unblock the Notifications