ജെറിറ്റ് കൊടുങ്കാറ്റിനിടെ ആടിയുലഞ്ഞ് ബോയിംഗ് 777; റണ്‍വേയില്‍ ലാന്‍ഡിംഗ്; സംഭവിച്ചത് ഇങ്ങനെ
ലണ്ടന്‍: ബ്രിട്ടനില്‍ സര്‍വനാശം വിതയ്ക്കുകയാണ് ജെറിറ്റ് കൊടുങ്കാറ്റ്. പലയിടത്തും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനിടെ അപകടത്തില്‍പ്പെടാതെ കഷ്ടിച്ച് രക്ഷപ്പെട്ട് അമേരിക്കന്‍ വിമാനമായ ബോയിംഗ് 777. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കനത്ത കാറ്റില്‍ അപകടകരമായ രീതിയില്‍ ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ ഈ വിമാനം ലാന്‍ഡ് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കാറ്റില്‍ ഈ വിമാനം ആടിയുലയുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് വളരെ ബുദ്ധിമുട്ടിയാണ് ബോയിംഗ് 777 ലാന്‍ഡ് ചെയ്യുന്നത്. ആരെയും ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണിത്. സേഫ് ലാന്‍ഡിംഗേ ആയിരുന്നില്ല ഇത്. അതിശക്തമായ കാറ്റില്‍ അതൊന്നും സാധ്യമല്ലായിരുന്നു.

ബിഗ് ജെറ്റ് ടിവിയാണ് ഈ ദൃശ്യങ്ങള്‍ തത്സമയം പകര്‍ത്തിയത്. ഇവ വിമാനങ്ങളുടെ ലാന്‍ഡിംഗ് ലൈവ് സ്ട്രീം ചെയ്യുന്നവരാണ്. ലോസ് ആഞ്ചല്‍സില്‍ നിന്നാണ് ബോയിംഗ് 777 വിമാനം ലണ്ടനിലെത്തിയത്. ശക്തമായ കാറ്റില്‍ പത്ത് സെക്കന്‍ഡില്‍ അധികമെങ്കിലും ആടിയുലഞ്ഞ വിമാനത്തിന്റെ നിയന്ത്രണം പെട്ടെന്ന് തന്നെ പൈലറ്റ് തിരിച്ചുപിടിക്കുകയായിരുന്നു.
ബ്രിട്ടനില്‍ ജെറിറ്റ് കൊടുങ്കാറ്റിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കിയിരിക്കുകയാണ്. മാഞ്ചസറ്ററിലും, ഗ്ലാസ്‌ഗോയിലുമെല്ലാം സര്‍വീസുകള്‍ റദ്ദാക്കി. ബ്രിട്ടീഷ് എയര്‍വേയ്‌സ് 13 വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയത്. ബ്രിട്ടനിലെ സുപ്രധാന ട്രാവല്‍ ഹബ്ബാണ് ഹീത്രോ വിമാനത്താവളം. ഇവിടെ പതിനെട്ടോളം വിമാനങ്ങളാണ് ബുധനാഴ്ച്ച റദ്ദാക്കിയത്.
ആഭ്യന്തര സര്‍വീസുകള്‍ക്കെല്ലാം വലിയ നിയന്ത്രണങ്ങളുണ്ട്. ബാഴ്‌സലോണ, ബെര്‍ലിന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം ജെറിറ്റ് കൊടുങ്കാറ്റ് ബ്രിട്ടനിലെ റെയില്‍ സര്‍വീസുകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്്. അതേസമയം കൊടുങ്കാറ്റിനൊപ്പം മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ ടൊര്‍ണാഡോയില്‍ നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു.
വന്‍മരങ്ങള്‍ കടപുഴകി റോഡിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നൂറോളം വീടുകളാണ് മാഞ്ചസറ്ററിലെ തെയിംസൈഡില്‍ ടൊര്‍ണാഡോ കാരണം തകര്‍ന്നത്. ടൊര്‍ണാഡോയുണ്ടായ സ്ഥലങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കോട്‌ലന്‍ഡിലും കൊടുങ്കാറ്റ് കാരണം നാശനഷ്ടങ്ങലുണ്ടായി. ഇവിടെ എണ്ണായിരത്തില്‍ അധികം വീടുകളില്‍ വൈദ്യുതി ഇല്ല. ദീര്‍ഘദൂര ട്രെയന്‍ സര്‍വീസുകളും നിലച്ചിരിക്കുകയാണ്.
നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സതേണ്‍ കോസ്റ്റ്, നോര്‍തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം പുതുവത്സരം വരാനിരിക്കെ ആഘോഷങ്ങള്‍ക്കായി പോയവരും, ആഘോഷങ്ങള്‍ക്ക് പ്ലാന്‍ ചെയ്തവരും ദുരിതത്തിലായിരിക്കുകയാണ്. ന്യൂഇയര്‍ ആഘോഷങ്ങള്‍ കൊടുങ്കാറ്റ് കാരണം തടസ്സപ്പെടാന്‍ സാധ്യതയേറെയാണ്. അതുപോലെ നാട്ടിലേക്ക് മടങ്ങി വരാനും ഇവര്‍ ബുദ്ധിമുട്ടും.












Click it and Unblock the Notifications