മരിച്ചവരുടെ പട്ടികയിൽ അബദ്ധത്തിൽ പേര്; ജീവനോടെ ഉണ്ടെന്ന് തെളിയിക്കാൻ പോരാടുന്ന ഒരു സ്ത്രീ
ഈ ഭൂമിയിൽ താൻ ജീവനോടെ ഉണ്ട് എന്ന് തെളിയിക്കേണ്ട അവസ്ഥ വന്നാൽ എങ്ങനെയിരിക്കും. അതെ താൻ ജീവനോടെ ഉണ്ടെന്ന് തെളിയിക്കാൻ 16 വർഷമായി ശ്രമിക്കുകയാണ് അമേരിക്കക്കാരിയായ 52 കാരി. 2007ൽ സംഭവിച്ച ഒരു അബദ്ധം ആണ് ഈ കഷ്ടപ്പാടിന് കാരണം ആയത്. അബദ്ധം കാരണം രേഖകളിൽ മിഷേൽ കാർത്തൻ മാഡലിൻ മരണപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെട്ടു.
വെബ്സ്റ്റർ സർവകലാശാലയിലെ ബിസിനസ് ടെക്നോളജി വിദ്യാർത്ഥിനി ആയിരുന്നു മാഡലിൻ. ഒരു രാജ്യന്തര ഇന്റേൺഷിപ്പ് പരിപാടിയിലേക്ക് ഇവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് വേണ്ടിയുള്ള പണത്തിനായി ഫിനാൻഷ്യൽ എയ്ഡിന് വേണ്ടി ശ്രമിക്കുമ്പോഴാണ് അബദ്ധം പറ്റുന്നത്. മരിച്ച ഒരു വ്യക്തിയുടെ സോഷ്യൽ സെക്യൂരിറ്റി നമ്പറായിരുന്നു മാഡലിന്റെ രേഖകളിൽ ഉണ്ടായിരുന്നത്.

എത്രയും പെട്ടെന്ന് ഇത് മാറ്റേണ്ടത് ആവശ്യമായതിനാൽ ഇവർ ഉടൻ തന്നെ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ടു. എന്നാൽ മരണപ്പെട്ടവരുടെ പട്ടികയിൽ മാഡലിന്റെ പേര് ചേർത്തിരുന്നു എന്നാണ് മറുപടി കിട്ടിയത്. പിന്നീട് ഈ പട്ടികയിൽ നിന്ന് ഒഴിവാകാനുള്ള ശ്രമത്തിലായിരുന്നു മാഡലിൻ.
2019 ൽ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന് എതിരായി നിയമപരമായി മുന്നോട്ട് നീങ്ങുന്നതിലേക്ക് വരെ ഈ വിഷയം എത്തി. എന്നാൽ ഇത് കൊണ്ട് ഈ പ്രശ്നത്തിന് അവസാനം ഉണ്ടായില്ല, മരണപ്പെട്ടവരുടെ പട്ടികയിൽ ഇവരുടെ പേര് തുടർന്നു. ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് അഡിമിന് സ്ട്രേഷൻ പറയുന്നത്.
തയ്യാറാക്കിയിരിക്കുന്ന മരണപ്പെട്ടവരുടെ പട്ടികയിൽ ഒരു ശതമാനം ആണ് ഇത്തരത്തിൽ തെറ്റായി രേഖപ്പെടുത്തപ്പെടാറുള്ളത് എന്നും ഇതിന്റെ മൂന്നിലൊന്നു മാത്രമേ തിരുത്താൻ സാധിക്കാറുള്ളൂ എന്നുമാണ് ഇവർ പറയുന്നത്. അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ട പ്രകാരം സ്കൂൾ റിപ്പോർട്ട് കാർഡും ലൈസൻസും പാസ്പോർട്ട് അടക്കമുള്ള രേഖകളും ജീവനോടെ ഇരിക്കുന്നു എന്ന് അധികാരികളുടെ പക്കൽ നിന്നെഴഴുതി വാങ്ങിയ കത്തും എല്ലാം മാഡലിൻ സമർപ്പിച്ചിരുന്നു.
എന്നാൽ ഇത് കൊണ്ടും കാര്യം ഉണ്ടായില്ല, 2007 മുതൽ ഇങ്ങോട്ട് തനിക്ക് സാധാരണ ജീവിതം ജീവിക്കാൻ കഴിയുന്നില്ലെന്ന് മാഡലിൻ പറയുന്നു. ജോലിക്ക് പോകാൻ സാധിക്കുന്നില്ല എന്നും വോട്ട് ചെയ്യാൻ പോലും നിയമപരമായി അനുവാദമില്ലെന്നും പറയുന്നു. വാഹനം വാങ്ങാൻ പോലും സാധിക്കുന്നില്ലെന്നും ഇവർ പറയുന്നു. 2021ൽ ഒരു പുതിയ സോഷ്യൽ സെക്യൂരിറ്റി നമ്പർ മാഡലിന് അനുവദിച്ചിരുന്നു. പക്ഷേ അതുകൊണ്ടും കാര്യമില്ലായിരുന്നു.












Click it and Unblock the Notifications