കേരളത്തിലെ അപൂർവ്വമായ ശത്രുഘ്ന ക്ഷേത്രം; അറിയാം നാലമ്പലങ്ങളിലെ പായമ്മൽ ക്ഷേത്രത്തെക്കുറിച്ച്
തൃശൂർ: ശ്രീരാമസഹോദരനായ ശത്രുഘനനെ ആരാധിക്കുന്ന, കേരളത്തിലെ അപൂർവ്വമായ ശത്രുഘ്ന പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് തൃശൂർ പായമ്മൽ ശത്രുഘ്ന ക്ഷേത്രം. നാലമ്പലങ്ങളിൽ ഒന്നായ ഇവിടെ കർക്കിടകത്തിലെ നാലമ്പല യാത്രയിലാണ് ഏറ്റവും കൂടുതൽ വിശ്വാസികൾ വരുന്നത്. തൃപ്രയാറിൽ രാമനെ തൊഴുത് പിന്നീട് കൂടൽമാണിക്യ ക്ഷേത്രവും തിരുമൂഴിയ്ക്കൽ ലക്ഷ്മമണ ക്ഷേത്രവും കണ്ട് കഴിഞ്ഞ് നാലാമതായാണ് ഭക്തർ ഇവിടേക്ക് എത്തുന്നത്.
ശാന്തഭാവത്തിലാണ് ഇവിടെ ശത്രുഘ്നനെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ജ്യേഷ്ഠനയ രാമൻ വനവാസത്തിന് പോകാനുള്ള കാരണം മന്ഥരയാണെന്നറിഞ്ഞ ശേഷം അവരെ വധിക്കാനൊരുങ്ങിയ ശത്രുഘ്നനെ മറ്റൊരു സഹോദരനായ ഭരതൻ ആശ്വസിപ്പിക്കുന്ന ഭാവത്തിലാണ് ഇവിടെ പ്രതിഷ്ഠയുള്ളത്.

ചിത്രം കടപ്പാട്-വിക്കിപീഡിയ
3.5 അടിയാണ് വിഗ്രഹത്തിന്റെ ഉയരം. പടിഞ്ഞാറ് ഭാഗത്തേക്കാണ് വിഗ്രഹത്തിന്റെ ദർശനം. നാല് കൈകളുള്ള വിഗ്രഹം ചതുർ ബാഹു വിഗ്രഹം എന്നാണ് അറിയപ്പെടുന്നത്. ഗണപതിയാണ് ക്ഷേത്രത്തിലെ ഉപദേവത. മുഘമണ്ഡപത്തിൽ ഹനുമാന്റെ സാന്നിധ്യവുമുണ്ട്.
ഐതീഹ്യം ഇങ്ങനെ
ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹം വക്കയിൽ കൈമൾ എന്ന അക്കാലത്തെ ഭരണാധികാരിക്ക് കടൽതീരത്ത് നിന്നാണ് കിട്ടിയതെന്നാണ് വിശ്വാസം. ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന നാല് ചതുർബാഹു വിഗ്രഹങ്ങളിൽ ഒന്നാണത്രേ ഇത്. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് ക്ഷേത്രങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടപ്പോൾ ഈ പഞ്ചലോഹത്തെ വിഗ്രഹത്തെ കുളത്തിൽ എറിഞ്ഞെന്നാണ് കണക്കാക്കപ്പെടുന്നത്.ഇപ്പോഴും യഥാർത്ഥ വിഗ്രഹം മറഞ്ഞുകിടക്കുകയാണെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്.
പായമ്മൽ ഉൾപ്പെടെ അഞ്ച് ഇല്ലങ്ങളുടേതായിരുന്നു ക്ഷേത്രം. പുനഃപ്രതിഷ്ഠയ്ക്ക് ശേഷം ശ്രീകോവിൽ നെടുമ്പള്ളി തരണനെല്ലൂർ മനയുടേതായി. ശത്രുഘ്ന സേവാ സമിതിയുടെ കീഴിലാണ് ഇപ്പോൾ ക്ഷേത്രമുള്ളത്. കുംഭമാസത്തിലെ പൂയം നക്ഷത്രത്തിൽ അഞ്ച് ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ഉത്സവം. മേട മാസത്തിലെ മകീര്യം നാളിൽ പ്രതിഷ്ഠാ ദിനവും ആചരിക്കാറുണ്ട്.












Click it and Unblock the Notifications