ചൈനീസ് നിർമ്മിത റോബോട്ട് സ്വന്തമെന്ന നിലയിൽ പ്രദർശിപ്പിച്ചു; ഗാൽഗോട്ടിയാസ് സർവകലാശാലക്ക് എതിരെ നടപടി
ന്യൂഡൽഹി: സ്വന്തമായി വികസിപ്പിച്ച കണ്ടുപിടിത്തമെന്ന് കാണിച്ച് പ്രദർശിപ്പിച്ച റോബോട്ടിക് നായ യഥാർത്ഥത്തിൽ ചൈനയിൽ നിർമ്മിച്ച, നിലവിൽ വിപണിയിൽ ലഭ്യമായ ഉൽപ്പന്നമാണെന്ന് തെളിഞ്ഞതോടെ ഇന്ത്യ എഐ ഇമ്പാക്റ്റ് ഉച്ചകോടിയിൽ നിന്ന് ഗാൽഗോട്ടിയാസ് സർവകലാശാലയുടെ സ്‌റ്റാൾ ഒഴിപ്പിച്ചു. നിജസ്ഥിതി ഒരു വൈറൽ വീഡിയോയിലൂടെ വെളിപ്പെട്ടതിന് പിന്നാലെയാണ് സംഭവം നടന്നത്.
നോയിഡ ആസ്ഥാനമായ സർവകലാശാല "ഓറിയോൺ" എന്ന പേരിൽ ഒരു റോബോട്ടിക് നായയെ ഉച്ചകോടിയിൽ പ്രദർശിപ്പിച്ചിരുന്നു. സ്‌റ്റാളിലെ പ്രതിനിധികൾ ഇത് സർവകലാശാലയുടെ സെന്റർ ഓഫ് എക്‌സലൻസ് വികസിപ്പിച്ചതാണെന്ന് അവകാശപ്പെട്ടു. എന്നാൽ, പിന്നീട് ഈ ഉപകരണം ചൈനീസ് കമ്പനിയായ യൂണിട്രീ റോബോട്ടിക്‌സ് നിർമ്മിക്കുന്ന യൂണിട്രീ ഗോ2 ആണെന്ന് തിരിച്ചറിഞ്ഞു. ഈ മോഡൽ ഇന്ത്യയിൽ ഓൺലൈനായി 2 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ വിലയ്ക്ക് ലഭ്യമാണ്.

റോബോട്ടിന്റെ സവിശേഷതകൾ വിശദീകരിക്കുകയും സ്വന്തം കണ്ടുപിടുത്തമെന്ന് അവകാശപ്പെടുകയും ചെയ്യുന്ന സർവകലാശാലാ പ്രതിനിധികളുടെ ദൃശ്യങ്ങൾ ഉച്ചകോടിയിലെ വേദിയിൽ നിന്ന് പ്രചരിക്കുകയും അത് വൈറലാവുകയും ചെയ്‌തിരുന്നു. ഒരു ഫാക്കൽറ്റി അംഗം മാധ്യമങ്ങളോട് സമാനമായ കാര്യങ്ങൾ പറയുന്ന വീഡിയോയും പുറത്തുവന്നു.
ഈ വീഡിയോകൾ ഓൺലൈനിൽ അതിവേഗം പ്രചരിച്ചതോടെ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ റോബോട്ടിന്റെ യഥാർത്ഥ നിർമ്മാതാവിനെ കണ്ടെത്തുകയും ഇറക്കുമതി ചെയ്‌ത സാങ്കേതികവിദ്യ സ്വന്തം കണ്ടുപിടിത്തമായി തെറ്റിദ്ധരിപ്പിച്ചതിന് സ്ഥാപനത്തെ വിമർശിക്കുകയും ചെയ്‌തിരുന്നു. ഇത് സാങ്കേതിക വിദഗ്‌ധരിൽ നിന്നും ഉപയോക്താക്കളിൽ നിന്നും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.
പിന്നാലെ ഗാൽഗോട്ടിയാസ് സർവകലാശാലാ പ്രൊഫസർ നേഹാ സിംഗ് വിശദീകരണം നൽകി. 'കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടില്ലാത്തതുകൊണ്ടാണ് വിവാദം ഉണ്ടായത്. ഒരുപക്ഷേ ഞാൻ അത് ശരിയായി കൈകാര്യം ചെയ്‌തില്ലെന്ന് ഞാൻ അംഗീകരിക്കുന്നു. ഞാൻ സാധാരണ സംസാരിക്കുന്നതുപോലെ വ്യക്തമായി പറഞ്ഞിരിക്കില്ല. ഉദ്ദേശം ശരിയായി മനസിലാക്കിയിട്ടുണ്ടാകില്ല' എന്നായിരുന്നു അവരുടെ വാക്കുകൾ.
'റോബോട്ട് നായയെ സംബന്ധിച്ച ഒരു പ്രധാന കാര്യം, ഞങ്ങൾ ഇത് നിർമ്മിച്ചുവെന്ന് അവകാശപ്പെടാൻ കഴിയില്ല എന്നതാണ്. സ്വന്തമായി മികച്ച എന്തെങ്കിലും ഉണ്ടാക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനായി ഞങ്ങൾ ഇത് അവർക്ക് പരിചയപ്പെടുത്തി എന്ന് ഞാൻ എല്ലാവരോടും പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ സർവകലാശാല എഐ മേഖലയിൽ അത്യന്താധുനിക സാങ്കേതികവിദ്യകൾ നൽകിക്കൊണ്ട് ഭാവി നേതാക്കളെ വാർത്തെടുക്കാൻ സഹായിക്കുന്നു, അത് തുടരുകയും ചെയ്യും' എന്നും അവർ പറഞ്ഞു.
സ്‌റ്റാൾ ഒഴിയാൻ സർക്കാർ ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന്, 'എനിക്ക് അതിനെക്കുറിച്ച് വിവരമൊന്നുമില്ല. ഞങ്ങൾ ഇന്ന് ഇവിടെയുണ്ട് എന്നതാണ് എനിക്കറിയാവുന്ന കാര്യം' എന്ന് പ്രൊഫസർ മറുപടി നൽകി.
പ്രതിഷേധത്തെ തുടർന്ന്, ഉച്ചകോടി സംഘാടകർ സർവകലാശാലയോട് എക്സ്പോ ഏരിയയിലെ സ്‌റ്റാൾ ഒഴിയാൻ ആവശ്യപ്പെട്ടുവെന്നാണ് വിവരം.
പൊതുവേദികളിൽ സാങ്കേതികവിദ്യയും കണ്ടുപിടിത്തങ്ങളും പ്രദർശിപ്പിക്കുന്നതിലെ സുതാര്യതയെക്കുറിച്ച് ഈ സംഭവം വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. വിവാദത്തെക്കുറിച്ച് സർവകലാശാല ഇതുവരെ പൊതുപ്രസ്‌താവന ഇറക്കിയിട്ടില്ല. എങ്കിലും ഉച്ചകോടിയിൽ നിന്നുള്ള വീഡിയോകൾ ഓൺലൈനിൽ ഇപ്പോഴും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications