'ബഹിരാകാശ പരിപാടികളിലും ഗവേഷണങ്ങളിലും എഐ കൂടുതലായി ഉൾപ്പെടുത്തണം'; ശുഭാൻഷു ശുക്ല
ന്യൂഡൽഹി: വിവിധ ബഹിരാകാശ പരിപാടികളിലും ഗവേഷണങ്ങളിലും കൂടുതൽ എഐ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ബഹിരാകാശ സഞ്ചാരിയും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ല. സമൂഹത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഈ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിൽ യുവതലമുറ ഉത്തരവാദിത്തം ഏറ്റെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു.
'ഡൽഹി എഐ ഗ്രൈൻഡ്' പരിപാടിയുടെ പ്രാരംഭ ചടങ്ങിൽ സംസാരിക്കവെ, തന്റെ 20 ദിവസത്തെ ബഹിരാകാശ ദൗത്യം ശാസ്ത്രീയ നേട്ടങ്ങൾക്ക് വഴിയൊരുക്കിയെന്ന് ശുക്ല പറഞ്ഞു. 'ആദ്യമായി ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് മൈക്രോഗ്രാവിറ്റിയിൽ പരീക്ഷണങ്ങൾ നടത്താൻ അവസരം ലഭിച്ചു. ഞങ്ങൾ കൊണ്ടുപോയ 7 പരീക്ഷണങ്ങളും വിജയകരമായി തിരിച്ചെത്തിച്ചു' അദ്ദേഹം കൂട്ടിച്ചേർത്തു.

'എഐ എല്ലാ കാര്യങ്ങളിലും അവിഭാജ്യ ഘടകമാണെന്ന് ഞാൻ കണ്ടു. ഭൂമിയുടെ നിരീക്ഷണം, ബഹിരാകാശ നിലയത്തിൽ ശാസ്ത്ര പരീക്ഷങ്ങൾ നടത്തുക, അല്ലെങ്കിൽ ബഹിരാകാശയാത്രികരുടെ ജോലിഭാരം കുറയ്ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നതിനും നേടുന്നതിനുമുള്ള ഒരു ഉപാധിയാണത്' എഐയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ശുക്ല വ്യക്തമാക്കി.
ബഹിരാകാശ നിലയത്തിലെ പരീക്ഷണങ്ങളിൽ നിന്ന് ശേഖരിച്ച ടെറാബൈറ്റ് കണക്കിന് ചിത്രങ്ങളും വീഡിയോകളും വേർതിരിക്കാൻ എഐക്ക് കഴിയുമെന്ന് ശുക്ല ഉദാഹരണമായി പറഞ്ഞു. വിവര വിശകലനത്തിന് എഐ എടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാസയ്ക്ക് ഒരു മാസത്തോളം വേണ്ടിവന്ന ഈ പ്രക്രിയ എഐക്ക് വേഗത്തിലാക്കാൻ കഴിയുമെന്നും ശുക്ല അഭിപ്രായപ്പെട്ടു.
ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌തയും മന്ത്രി ആശിഷ് സൂദും ചടങ്ങിൽ സന്നിഹിതരായിരുന്നു. നമ്മുടെ ബഹിരാകാശ പദ്ധതി ആരംഭിക്കുമ്പോൾ, നമ്മുടെ ദർശകനായ വിക്രം സാരാഭായിയുടെ മുദ്രാവാക്യം 'സമൂഹത്തിന്റെ നന്മയ്ക്കായി നൂതന സാങ്കേതികവിദ്യകളുടെ പ്രയോഗത്തിൽ ഇന്ത്യ ആരുടേതിനേക്കാളും പിന്നിലാകരുത്' എന്നതായിരുന്നുവെന്നും ശുക്ല ചൂണ്ടിക്കാട്ടി.
അതുപോലെ, ഡൽഹി എഐ ഗ്രൈൻഡ് പോലുള്ള സംരംഭങ്ങൾ വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ സഹായിക്കുമെന്ന് പറഞ്ഞുകൊണ്ട്, രാഷ്ട്രീയ ഇച്ഛാശക്തിയുടെയും അത്തരം വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും പ്രാധാന്യത്തെ ശുഭാൻഷു ശുക്ല എടുത്തുപറഞ്ഞു. നേരത്തെ ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിനെ കുറിച്ചും ശുക്ല പറഞ്ഞ വാക്കുകൾ വലിയ ശ്രദ്ധ നേടിയിരുന്നു.
ബെംഗളൂരുവിലെ ഗതാഗതത്തെക്കാൾ എളുപ്പം ബഹിരാകാശ യാത്രയാണെന്ന് ശുഭാൻഷു ശുക്ല അടുത്തിടെ തമാശയായി പറഞ്ഞിരുന്നു. നഗരത്തിലെ കുപ്രസിദ്ധമായ ഗതാഗത തിരക്ക് എടുത്തുകാണിച്ചുകൊണ്ട്. ബെംഗളൂരു ടെക് ഉച്ചകോടിയിൽ നടത്തിയ നർമ്മപരമായ പരാമർശമാണ് ഏറെ ശ്രദ്ധ നേടിയത്. ഇതിന് പിന്നാലെ വിഷയം വലിയ രീതിയിൽ ചർച്ചയായിരുന്നു.












Click it and Unblock the Notifications