ഉള്ളിൽ സ്വിമ്മിംഗ് പൂളും ഹെലിപാഡും മിനി ഗോൾഫ് കോഴ്‌സ് സൗകര്യവും; ലോകത്തിലെ ഏറ്റവും വലിയ കാർ അറിയാമോ?
നമ്മളിൽ പലരുടെയും സ്വപ്‌നമായിരിക്കും സ്വന്തമായി കാർ വാങ്ങുക എന്നത്. ഇപ്പോഴത്തെ കാലത്ത് അതൊരു അസാധ്യമായ ആഗ്രഹമൊന്നുമല്ല. ഇഎംഐ പോലെയുള്ള സൗകര്യങ്ങൾ ഉള്ളപ്പോൾ പിന്നെ ടെൻഷന്റെ ആവശ്യമില്ലലോ. പറഞ്ഞുവന്നത് കാർ സ്വന്തമാക്കുന്നതിനെ കുറിച്ചാണ്. എന്നാൽ ലോകത്തിലെ ഏറ്റവും കാർ ആണ് നിങ്ങളുടെ സ്വന്തമെങ്കിലോ? എപ്പോഴെങ്കിലും അതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ...
എങ്കിൽ വലുപ്പം കൊണ്ടും അതിലെ സൗകര്യങ്ങൾ കൊണ്ടും എല്ലാവരെയും ഞെട്ടിക്കുന്ന ഒരു കാറുണ്ട് ലോകത്തിൽ. അതുള്ളവർക്ക് വേണമെങ്കിൽ വീട് തന്നെ സ്വന്തമായി വേണ്ടെന്ന് പറയാം. അത്രയധികം സൗകര്യങ്ങളും അതിലേറെ പ്രത്യേകതകളുമുള്ള ഈ കാർ സ്വന്തമായി ഗിന്നസ് ലോക റെക്കോർഡ് വരെ നേടിയിട്ടുണ്ടെന്ന് അറിഞ്ഞാൽ നിങ്ങൾ ഉറപ്പായും മൂക്കത്ത് വിരൽ വയ്ക്കും.

അപ്പോൾ പിന്നെ ഈ സൂപ്പർകാറിന്റെ മറ്റ് വിശദാംശങ്ങൾ കൂടി അറിഞ്ഞാൽ പിന്നെ നിങ്ങൾ അത്ഭുതപ്പെട്ടില്ലെങ്കിലേ പറയാനുള്ളൂ. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം 'ദി അമേരിക്കൻ ഡ്രീം' എന്ന സൂപ്പർ ലിമോ കാറാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയത്. അതിന്റെ വലുപ്പം കൊണ്ടും പ്രൗഢി കൊണ്ടും സൗകര്യങ്ങൾ കൊണ്ടും ഏഴ് മുൻപിലാണ് ഈ വാഹനം എന്ന് കൂടി ഓർക്കണം.
പ്രമുഖ കാർ കസ്‌റ്റമൈസർ ജെയ് ഓർബെർഗ് 1986ൽ കാലിഫോർണിയയിലെ ബർബാങ്കിലാണ് ഈ ഭീമൻ വാഹനം ആദ്യമായി നിർമ്മിച്ചത്. 18.28 മീറ്റർ അഥവാ 60 അടി നീളമുള്ള ഈ കാറിൽ 26 ചക്രങ്ങളാണ് ആകെ ഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ മുന്നിലും പിന്നിലും കറുത്തകനായി രണ്ട് വി8 എഞ്ചിനുകളാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത്.
എന്നാൽ നീണ്ട 36 വർഷങ്ങൾക്ക് ശേഷം 2022ൽ ഈ വാഹനം പുനർ രൂപകൽപന ചെയ്‌ത് പുറത്തെടുക്കുകയായിരുന്നു. ഇതോടെ കാറിന് ഇപ്പോൾ 30.54 മീറ്റർ (100 അടിയും 1.5 ഇഞ്ചും) നീളമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ കാർ യഥാർത്ഥത്തിൽ രണ്ട് ഭാഗങ്ങളായി നിർമ്മിച്ച ശേഷം കൂട്ടി യോജിപ്പിക്കുകയായിരുന്നു.
ഈ നീളൻ കാറിന്റെആഡംബര പദവിയുടെ ഒരു പ്രധാന കാരണം അതിൽ നിരവധി ഞെട്ടിക്കുന്ന സൗകര്യങ്ങൾ ഉൾപ്പെടുന്നു എന്നതാണ്. ഒരു വലിയ വാട്ടർബെഡ്, ഡൈവിംഗ് ബോർഡുള്ള നീന്തൽക്കുളം, ഹെലിപാഡ്, ജാക്കൂസി, ബാത്ത് ടബ്, മിനി ഗോൾഫ് കോഴ്‌സ് സൗകര്യം, നിരവധി ടിവികൾ, റഫ്രിജറേറ്റർ, ടെലിഫോൺ എന്നിങ്ങനെ ഒരു വീട്ടിലോ ഫ്ലാറ്റിലോ പോലും കിട്ടാത്ത അത്രയും സൗകര്യങ്ങൾ ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്‌റ്റീൽ ബ്രാക്കറ്റുകളുടെ സഹായത്തോടെയാണ് ഹെലിപാഡ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. നാലായിരം പൗണ്ട് വരെ ഭാരം വഹിക്കാൻ ഇതിന് കഴിയുമെന്നാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയവർ ഉൾപ്പെടെ അവകാശപ്പെടുന്നത്. ഇത്രയൊക്കെ ആണെങ്കിലും സാധാരണ ഹൈവേകൾ വഴി ഈ വാഹനവുമായി പോവുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ നീളത്തിന്റെ കാര്യത്തിൽ ഇതിനെ വെല്ലാൻ മറ്റാർക്കും കഴിയുകയുമില്ല.












Click it and Unblock the Notifications