'മലയാളി ഹൗസ് അവതരിപ്പിക്കേണ്ടിയിരുന്നത് മോഹന്‍ലാലും ദിലീപും.. പക്ഷെ'; രാഹുല്‍ ഈശ്വര്‍
ബിഗ് ബോസ് മലയാളം വളരെ പെട്ടെന്നാണ് മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബബോസിന്റെ അഞ്ചാമത്തെ സീസണ്‍ ആണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. എന്നാല്‍ ബിഗ് ബോസിനും മുന്‍പ് സമാനമായ രീതിയില്‍ വന്ന ഏറ്റവും വലിയ മലയാളം റിയാലിറ്റി ഷോയായിരുന്നു മലയാളി ഹൗസ്. സൂര്യ ടി വിയില്‍ 2013 ല്‍ ആണ് ഇത് സംപ്രേഷണം ചെയ്തത്.
അന്താരാഷ്ട്ര റിയാലിറ്റി ഷോയായ ബിഗ് ബ്രദറിന്റേയും അതിന്റെ ഇന്ത്യന്‍ രൂപമായ ബിഗ് ബോസിന്റെയും അതേ രൂപത്തിലും, ഭാവത്തിലുമാണ് മലയാളി ഹൗസ് രൂപപ്പെടുത്തിയത്. എന്നാല്‍ ഒറ്റ സീസണ്‍ മാത്രമെ മലയാളി ഹൗസിന്റേതായി പുറത്തുവന്നുള്ളൂ. 85 ദിവസങ്ങള്‍ ആയിരുന്നു മലയാളി ഹൗസ് സംപ്രേഷണം ചെയ്തത്. ഹൈദരാബാദില്‍ കേരള മാതൃകയില്‍ ആയിരുന്നു മലയാളി ഹൗസ് ഒരുക്കിയത്.

രാഹുല്‍ ഈശ്വറായിരുന്നു മലയാളി ഹൗസില്‍ കിരീടം നേടിയത്. സിന്ധു ജോയ് ഫസ്റ്റ് റണ്ണറപ്പും തിങ്കള്‍ ബാല സെക്കന്റ് റണ്ണറപ്പുമായിരുന്നു. രേവതിയായിരുന്നു മലയാളി ഹൗസിന്റെ അവതാരക. ഇപ്പോഴിതാ മലയാളി ഹൗസും ബിഗ് ബോസും തമ്മിലുള്ള സാമ്യതകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. ബിഗ് ബോസിന്റെ അതേ ശൈലി തന്നെയാണ് മലയാളി ഹൗസിനുമുണ്ടായിരുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. ദി പ്രൈം വിറ്റ്‌നസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍
മലയാളി ഹൗസിലും ബിഗ് ബോസിലും ഒരേ ക്രൂ തന്നെയാണ്. അന്ന് മോഹന്‍ലാലിനെ നോക്കിയിരുന്നു. പക്ഷെ എന്തൊക്കയോ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം വന്നില്ല. ദിലീപേട്ടനേയും നോക്കിയിരുന്നു. പിന്നീടാണ് രേവതി അവതാരകയായി അതിലേക്ക് വന്നത്. ബിഗ് ബോസിന്റെ അതേ പാറ്റേണാണ് മലയാളി ഹൗസിലും. ഒരു കണ്‍ട്രോള്‍ഡ് അറ്റ്മോസ്ഫിയറില്‍ 18-20 പേരെ വെക്കുകയും അവരുടെ ജീവിതം 30-50 ക്യാമറകള്‍ വെച്ച് ഒപ്പിയെടുക്കുകയും ചെയ്യുക എന്നതാണ്.
അവര്‍ അതില്‍ എങ്ങനെ ജീവിക്കുന്നു എന്ന് കാണിക്കുക എന്നുള്ളതാണ് തീം. 2013 ല്‍ ആണ് ഞാന്‍ മലയാളി ഹൗസിന്റെ വിന്നറാകുന്നത്. അത് വലിയൊരു ലേണിംഗ് ആയിരുന്നു. എന്റെ ജീവിതത്തില്‍ എന്നെ കുറിച്ച് അറിയാത്ത പലകാര്യങ്ങളും ഞാന്‍ മലയാളി ഹൗസില്‍ പോയിട്ടാണ് അറിഞ്ഞത്.
കാരണം അവിടെ നമുക്കൊരുപാട് സമയമുണ്ട്. മൊബൈലില്ല, ഫേസ്ബുക്കില്ല. ഒന്നും ചെയ്യാനില്ല. അപ്പോള്‍ നമ്മുടെ ഉള്ളിലേക്ക് തന്നെ നോക്കാനും ബന്ധങ്ങളിലൂടെ കടന്ന് പോകാനും സാധിക്കും. ഇപ്പോഴും മലയാളി ഹൗസിലുള്ളവരുമായി കഴിയുന്നത്ര ബന്ധം നിലനിര്‍ത്തുന്നുണ്ട്.'












Click it and Unblock the Notifications