'വീട് തല്ലി തകർത്തു'; പരാതിയുമായി പൊളി ഫിറോസും സജ്നയും, പതിനെട്ടര ലക്ഷം കൊടുത്തു, കൂടുതൽ തുക ആവശ്യപ്പെട്ടു'
കൊച്ചി: ഡെയ്ഞ്ചറസ് ബോയ്സ് എന്ന പരിപാടിയിലൂടെയാണ് ഫിറോസ് ഖാൻ എന്ന പൊളി ഫിറോസ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നതെങ്കിലും ബിഗ് ബോസ് മലയാളം സീസൺ 3 യിലൂടെയായിരുന്നു താരത്തിന് വലിയ സ്വീകാര്യത ലഭിച്ചത്. ഷോയിൽ ഭാര്യ സജ്നയും ഫിറോസും ഒരുമിച്ചായിരുന്നു മത്സരിച്ചിരുന്നത്. ഷോയോട് കൂടി ജീവിതം മാറി മറിഞ്ഞെന്നും തങ്ങളുടെ കുഞ്ഞു സ്വപ്നങ്ങളെല്ലാം നിറവേറ്റാൻ സാധിച്ചുവെന്നും പല അഭിമുഖങ്ങളിലായി ഇരുവരും പറഞ്ഞിട്ടുണ്ട്. അതിലൊന്നായിരുന്നു തങ്ങളുടെ വീടെന്നും താരങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ തങ്ങളുടെ നിർമ്മാണത്തിലിരിക്കുന്ന പുതിയ വീട് കോൺടാക്ടർ അടിച്ച് തകർത്തുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സജ്നയും ഫിറോസും.

കൊല്ലം ചാത്തന്നൂരിലാണ് ഫിറോസ് തങ്ങളുടെ പുതിയ വീട് വെച്ചിരിക്കുന്നത്. ഇതിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് കോൺട്രാക്ടർ തന്നെ വീട് തകർത്തുവെന്ന് ഫിറോസ് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കോൺട്രാക്ടർ വീട് തകർത്തതെന്നും ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നുവെന്നും ഫിറോസും സജ്നയും ആരോപിച്ചു.

രാത്രി 9 മണിയോടെയായിരുന്നു സംഭവം. വീട്ടിന്റെ ജനൽ ചില്ലകളും മുറ്റത്ത് വെച്ച ചെടികളുമെല്ലാം അടിച്ച് തകർത്തു. കോൺട്രാക്ടർ കൂടുതൽ പണം തങ്ങളിൽ നിന്ന് ആവശ്യപ്പെട്ടുവെന്നും ഇരുവരും ആരോപിച്ചു. '18 അര ലക്ഷം രൂപയാണ് ഇതിനോടകം തന്നെ തങ്ങൾ കോൺട്രാക്ടർക്ക് നൽകിയിട്ടുണ്ട്. ഇനി മൂന്നരലക്ഷം രൂപ കൂടി കരാർ പ്രകാരം നൽകാനുണ്ട്'

'എന്നാൽ ഒന്നരലക്ഷം രൂപ കൂടി കൂടുതലായി കോൺട്രാക്ടർ ആവശ്യപ്പെടുകയാണ്. അതിന് ഞങ്ങൾ തയ്യാറായിട്ടില്ല', ഫിറോസ് പറഞ്ഞു. അതേസമയം കൊടുത്ത പണത്തിനുളള പണി പോലും വീട്ടിൽ പൂർത്തിയാക്കിയിട്ടില്ലെന്ന് സജ്നയും ആരോപിച്ചു. ഘടുവായാണ് പണം നൽകിയത്. അങ്ങനെ വെച്ച് നോക്കുമ്പോൾ തന്നെ പണം കൊടുക്കുന്നതിനുള്ള ഫിനിഷിംഗ് സ്റ്റേജിലാണ് ഞങ്ങൾ.

ഇത് കൂടാതെയാണ് കൂടുതൽ തുക ആവശ്യപ്പെട്ടിരിക്കുന്നത്. പണികൾ ഒത്തിരി ബാക്കിയുണ്ടെന്നിരിക്കെയാണ് ഇത്. എന്തായാലും നിയമപരമായി തന്നെ നീങ്ങാനാണ് ഞങ്ങളുടെ തീരുമാനം. ചാത്തന്നൂർ പോലീസിൽ ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്ന് ഫിറോസും സജ്നയും പറഞ്ഞു. അതേസമയം ഇരുവരുടേയും ആരോപണങ്ങൾ കോൺട്രാക്ടർ തള്ളിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. താനല്ല വീട് അടിച്ച് തകർത്തത് എന്നാണ് കോൺട്രക്ടർ പറയുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബിഗ് ബോസിൽ നിന്ന് ലഭിച്ച പ്രതിഫലം കൊണ്ടാണ് തങ്ങളുടെ വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെ പ്രധാന മുടക്ക് എന്ന് നേരത്തേ ഫിറോസും സജ്നയും പറഞ്ഞിരുന്നു. തെറ്റില്ലാത്ത ഒരു തുകയാണ് തങ്ങൾക്ക് ലഭിച്ചത്. രണ്ട് പേരും പോയതിനാൽ രണ്ട് പേർക്കും ആവശ്യത്തിന് പ്രതിഫലം ലഭിച്ചിരുന്നു', എന്നായിരുന്നു ഇരുവരും പറഞ്ഞത്.

ബിഗ് ബോസ് സീസൺ 3 യിലെ ശക്തരായ മത്സരാർത്ഥികളായിരുന്നു ഫിറോസും സജ്നയും. വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു ഇരുവരും എത്തിയത്. വളരെ പെട്ടെന്ന് തന്നെ തങ്ങളുടെ ഗെയിം സ്ട്രാറ്റജി കൊണ്ട് പ്രേക്ഷകര പ്രീതി നേടിയെടുക്കാൻ ഇരുവർക്കുമായി. ഷോയിലെ ശക്തനായ ഗെയിമർ എന്ന നിലയ്ക്കായിരുന്നു ഫിറോസ് ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ വെറും 53 ദിവസം മാത്രമാണ് ഇരുവരും ഷോയിൽ ഉണ്ടായിരുന്നത്. സഹമത്സരാർത്ഥികളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിൽ ഇരുവരും പുറത്താകുകയായിരുന്നു. നിലവിൽ സീരിയലിൽ സജീവമാണ് സജ്ന. ഫിറോസും നിരവധി പരിപാടികളുടെ ഭാഗമായിട്ടുണ്ട്.












Click it and Unblock the Notifications