അടിമാറി കൊണ്ടത് ഭാര്യക്ക്... എറങ്ങി പോടാ ഇവിടുന്ന് എന്നായിരുന്നു ആക്രോശം; ജീവിതം പറഞ്ഞ് അഖില്‍ മാരാര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ പല മത്സരാര്‍ത്ഥികളും ഇതിനോടകം തങ്ങളുടെ ജീവിതകഥ പറഞ്ഞ് കഴിഞ്ഞു. ഈ സെഗ്മെന്റില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച ജീവിതകഥകളില്‍ ഒന്ന് അഖില്‍ മാരാരുടേതായിരിക്കും. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ത്ഥികളില്‍ ഏറ്റവും ശ്രദ്ധേയനായ മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍ എന്നത് തന്നെയാണ് ഇതിന് കാരണം.
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കുന്നതിന് മുന്‍പ് ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണനുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ ശ്രദ്ധേയനായിരുന്നു അഖില്‍ മാരാര്‍. ചാനല്‍ ചര്‍ച്ചകളിലും സജീവമായിരുന്ന അഖില്‍ മാരാര്‍ ബിഗ് ബോസിലെ എന്റെ കഥ എന്ന സെക്ഷനില്‍ വളരെ രസകരമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം അവതരിപ്പിച്ചത്. അഖില്‍ മാരാരുടെ ജീവിതകഥ ഇങ്ങനെയാണ്...

മൂന്ന് ഘട്ടങ്ങളിലായാണ് തന്റെ ജീവിതം എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. ഈ മൂന്ന് ഘട്ടങ്ങളിലും തനിക്ക് മൂന്ന് പേരുകളുമായിരുന്നു എന്നും അഖില്‍ മാരാര്‍ പറഞ്ഞു. അഖില്‍ രാജ് എന്നായിരുന്നു ആദ്യഘട്ടത്തില്‍ ഞാന്‍ അറിയപ്പെട്ടിരുന്നത്. രാജേന്ദ്രന്‍ പിള്ളയാണ് അച്ഛന്‍, അമ്മ അമ്മിണിയമ്മ. ഒരു സഹോദരനുമുണ്ട്. വയലിലെ ഒരു കൊച്ചു ഓലപ്പുരയിലായിരുന്നു തന്റെ കുട്ടിക്കാലം എന്ന് അഖില്‍ മാരാര്‍ പറയുന്നു.
പഠനത്തില്‍ മിടുക്കനായിരുന്നു താന്‍ എന്ന് അഖില്‍ മാരാര്‍ പറയുന്നു. അച്ഛന്‍ പഠിച്ച അതേ സ്‌കൂളില്‍ തന്നെയാണ് താനും പഠിച്ചത്. അച്ഛന്‍ ആ സ്‌കുളിലെ ഏറ്റവും കുറവ് മാര്‍ക്ക് വാങ്ങിയപ്പോള്‍ താന്‍ ആ സ്‌കൂളിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കാണ് നേടിയത് എന്ന് അഖില്‍ മാരാര്‍ അഭിമാനത്തോടെ പറയുന്നു. പ്ലസ് ടുവിനും ഭേദപ്പെട്ട മാര്‍ക്ക് വാങ്ങി തന്നെയാണ് പാസായത് എന്നും അഖില്‍ പറയുന്നു.
സാമ്പത്തികമായ പ്രശ്‌നങ്ങള്‍ കാരണം വരുമാനം ഒരു പ്രശ്‌നമായി തുടങ്ങിയതോടെ ഡിഗ്രി ആദ്യ വര്‍ഷം മുതല്‍ ട്യൂഷന്‍ പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ അത് കാരണം തന്റെ പഠനത്തിന് സമയം കിട്ടിയില്ല എന്ന് അഖില്‍ മാരാര്‍ പറയുന്നു. പഠിത്തം അവസാനിപ്പിക്കാന്‍ ആലോചിക്കുമ്പോഴാണ് അവിടെയുള്ള ഒരു പെണ്‍കുട്ടിയെ പ്രണയിക്കാം എന്ന ചിന്ത ഉടലെടുത്തത്.
അങ്ങനെ താന്‍ തന്റെ ജൂനിയര്‍ ആയിട്ടുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലായി എന്ന് അഖില്‍ മാരാര്‍ പറയുന്നു. ജാതിയില്‍ വ്യത്യാസമുള്ളതുകൊണ്ട് ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും താനത് കാര്യമാക്കിയില്ല. അതിനിടെ ഒരു അമേരിക്കന്‍ കമ്പനിയില്‍ ജോലി ലഭിച്ചു. ആയിടക്ക് തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പ്രണയബന്ധത്തില്‍ നിന്ന പിരിഞ്ഞിരുന്നു.
അധികം വൈകാതെ ജോലി രാജിവച്ചു. പിന്നെ തന്റെ മുന്നില്‍ ഉണ്ടായിരുന്നത് സിനിമയായിരുന്നു എന്നും മുന്‍പ് നാടകം എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നും എന്നും അഖില്‍ മാരാര്‍ പറയുന്നു. അങ്ങനെയാണ് ഒരു തിരക്കഥ എഴുതി ചെന്നൈയിലേക്ക് പോകുന്നത്. എന്നാല്‍ ജോലി ഉപേക്ഷിച്ച് തെണ്ടി തിരിഞ്ഞ് നടക്കുന്ന മകനെ ഉള്‍ക്കൊള്ളാന്‍ വീട്ടുകാര്‍ക്ക് കഴിയുമായിരുന്നില്ല.
ആയിടക്ക് ആല്‍ക്കെമിസ്റ്റ് എന്ന പേരില്‍ ഒരു ജ്യൂസ് കട തുടങ്ങി. ഇതിനൊപ്പം ട്യൂഷനും എടുത്തിരുന്നു. ഇതിനിടെ അവിടെയുള്ള പിള്ളേരോട് അസിസ്റ്റന്റ് ഡയറക്ടര്‍ ആണ് എന്നൊക്കെ പറഞ്ഞിരുന്നു. അത് പണിയായി. ഒരിക്കല്‍ ഞങ്ങളുടെ നാട്ടില്‍ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ ഉണ്ട് എന്ന് പറഞ്ഞ് ആ പിള്ളേരില്‍ ഒരുത്തന്‍ സ്‌കൂളില്‍ പോയി പറഞ്ഞു. അങ്ങനെ സ്‌കൂളിലെ ഒരു പരിപാടിയില്‍ എന്നെ ഉദ്ഘാടനത്തിന് വിളിച്ചു.
കുറച്ച് ദിവസം കഴിയുമ്പോള്‍ കടയില്‍ നിന്ന് നാരങ്ങാവെള്ളം അടിച്ചുകൊണ്ടിരിക്കുമ്പോള്‍ അതേ സകൂളിലെ ബസ് എന്റെ കടയുടെ മുന്നില്‍ നിര്‍ത്തി. ഇതിനെല്ലാം ശേഷം ഒരിക്കല്‍ കടയില്‍ നില്‍ക്കുന്ന ഒരുത്തനെ ആരൊക്കെയോ ഇടിച്ചു എന്ന് പറഞ്ഞ് വിളിച്ചു. അന്നുവരെ ജീവിതത്തില്‍ ഒരു പ്രശ്‌നത്തിനും പോയിട്ടില്ലാത്ത ഞാന്‍ ആദ്യമായി ഒരു അടിയുണ്ടാക്കുന്നത് അന്നാണ്.
ഇതിന് ശേഷം വീണ്ടും അടിയുണ്ടായി എന്നും അത് പൊലീസ് കേസ് ആയി എന്നും അഖില്‍ പറയുന്നു. അന്ന് സ്റ്റേഷനില്‍ നിന്ന് പോരാന്‍ നേരം എസ് ഐ എന്താണ് പേര് എന്ന് ചോദിച്ചു. അന്ന് മനസില്‍ വന്ന പേരാണ് അഖില്‍ കോട്ടാത്തല എന്നും അതിന് ശേഷം താന്‍ അങ്ങനെയാണ് അറിയപ്പെട്ടത് എന്നും അഖില്‍ പറയുന്നു. ഇതിനിടെ 2015 ല്‍ ആണ് വിവാഹം കഴിക്കുന്നത്.
Relationship Tips: സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യം കുറയുന്നോ? കാരണമിതാകാം
വിവാഹവും പ്രണയവുമെല്ലാം ഇതുപോലെ രസകരമായിരുന്നു എന്നാണ് അഖില്‍ പറയുന്നത്. ഒരു വീടുപണി നീണ്ടുപോയതുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടറും വീട്ടുകാരുമായി നടന്ന തര്‍ക്കത്തില്‍ ഇടപെട്ടതില്‍ നിന്നാണ് പ്രണയം മൊട്ടിടുന്നത്. ആ പ്രശ്‌നം ആ വീട്ടിലെ ഗൃഹനാഥ (ഇപ്പോള്‍ ഭാര്യാമാതാവ്) എന്നോട് വന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ ഇടപെടാതെ തന്നെ ആ പ്രശ്‌നം തീര്‍ന്നു.
ഇതോടെ അവര്‍ക്ക് തന്നെ വലിയ കാര്യമായി എന്നും അങ്ങനെയാണ് അവരുടെ മകളുമായി പ്രണയം തുടങ്ങിയത് എന്നും അഖില്‍ മാരാര്‍ പറഞ്ഞു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് എന്റെ അച്ഛന്‍ വിവാഹക്കാര്യം സംസാരിച്ചപ്പോള്‍ അവര്‍ അത് പറ്റില്ലെന്നാണ് പറഞ്ഞത്. അന്ന് അവളോട് താന്‍ ഇറങ്ങി വരാന്‍ പറഞ്ഞെങ്കിലും ആദ്യം വന്നില്ലെന്നും എന്നാല്‍ വൈകാതെ കല്യാണം നടന്നു എന്നും അഖില്‍ മാരാര്‍ പറയുന്നു.
അതിനിടെ അനിയന്‍ പ്രണയിച്ച പെണ്ണിനെ വിളിച്ചിറക്കി കൊണ്ടുവന്നു. ഇതോടെ തന്റെ ജീവിതം ഭാര്യവീട്ടിലായി. ഒരുപാട് ബിസിനസുകള്‍ ചെയ്ത് പരാജയപ്പെട്ടു എന്നും ആകെ ലാഭമുണ്ടാക്കിയ ഒരു ബിസിനസ് മാങ്ങാക്കച്ചവടമായിരുന്നു എന്നും അഖില്‍ മാരാര്‍ പറയുന്നു. ഒരുദിവസം വീട്ടിലെ ഒരു ചെറിയ തര്‍ക്കത്തിന്റെ ഇടയിലേക്ക് ഭാര്യ കയറിയപ്പോള്‍ അവളെ മാറി അടിച്ച് പോയി.
ഇറങ്ങെടാ ഇവിടുന്ന് എന്നായിരുന്നു അവള്‍ പറഞ്ഞത്. അന്ന് ഒരു കൂട്ടുകാരന്‍ എറണാകുളത്തേക്ക് വരാന്‍ പറഞ്ഞതോടെ വീണ്ടും സിനിമയില്‍ വീണ്ടും അസിസ്റ്റന്റ് ഡയറക്ടറായി. ആ സമയത്ത് ഒരു പ്രൊഡ്യൂസറുടെ ആവശ്യപ്രകാരം ഒരു കഥയെഴുതി. ആ പ്രോജക്റ്റ് ഓകെ ആയി ഷൂട്ടിന്റെ തീയതിയും തീരുമാനിച്ചപ്പോഴാണ് കൊറോണയുടെ വരവ്. അതോടെ നിര്‍മാതാവ് ചിത്രം ചെയ്യേണ്ട എന്ന തീരുമാനത്തില്‍ എത്തി.
എന്നാല്‍ 2020 ജനുവരി 1 ന് ഷൂട്ട് ആരംഭിച്ചു. അഖില്‍ കോട്ടാത്തല എന്ന പേര് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ പല രീതിയില്‍ വായിക്കപ്പെടാം എന്നതുകൊണ്ട് ന്യൂമറോളജി പ്രകാരം അഖില്‍ മാരാര്‍ എന്ന പേര് നിര്‍ദേശിച്ചത് ജോയി ചേട്ടനാണ്. താന്‍ ജീവിതത്തില്‍ ഒരാളെയും ചതിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും പരിഹസിക്കുന്നവരുടെ മുന്നില്‍ നിന്ന് പതിയെ വളര്‍ന്നുകൊണ്ടേയിരിക്കണം എന്നും അഖില്‍ മാരാര്‍ ഉപദേശിക്കുന്നു.












Click it and Unblock the Notifications