ബിഗ് ബോസിൽ നിന്ന് അഖില്‍ മാരാര്‍ പുറത്തേക്ക്? കര്‍ശന നടപടി ഉറപ്പെന്ന് മോഹൻലാൽ
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇതിനോടകം തന്നെ മത്സരാര്‍ത്ഥികളുടെ പല പരാമര്‍ശങ്ങളും പെരുമാറ്റങ്ങളും ചര്‍ച്ചയായിട്ടുണ്ട്. ഇതില്‍ തന്നെ ഏറെ വിവാദമായ പരാമര്‍ശമായിരുന്നു സംവിധായകന്‍ അഖില്‍ മാരാറിന്റെ ഭാഗത്ത് നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നത്. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ കുറിച്ചുള്ള അഖില്‍ മാരാരുടെ പരാമര്‍ശമാണ് വിവാദമായത്.
ആള്‍ക്കൂട്ട കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു അഖില്‍ മാരാറുടെ പരാമര്‍ശം. മാത്രമല്ല മധുവിനെ കള്ളന്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ഥികളുടെ കലാപ്രാവീണ്യം അടയാളപ്പെടുത്തുന്നതിനായി കൊണ്ടുവന്ന ടാസ്‌കിനിടെ ആയിരുന്നു വിവാദ പരാമര്‍ശം. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ അനുകരിക്കുക എന്നതായിരുന്നു ഇത്.

ഇതില്‍ സാഗറിന് ലഭിച്ചിരുന്നത് മീശമാധവനിലെ കള്ളന്‍ മാധവന്റെ വേഷമാണ്. സാഗറിന്റെ ടാസ്‌കിലെ പ്രകടനത്തിനിടയില്‍ അഖില്‍ മാരാര്‍ സാഗറിനോട് പറഞ്ഞതാണ് വിവാദത്തില്‍ കലാശിച്ചത്. നിന്നോട് മോഷ്ടിക്കാന്‍ അരിയാഹാരം മോഷ്ടിക്കാനാണോടാ പറഞ്ഞത്. നീ ആരാ മധുവോ, ബാക്കിയുള്ളവരുടെ സാധനങ്ങള്‍ മോഷ്ടിക്കാന്‍. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ മധുവിന്റെ അവസ്ഥ വരും എന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്.
ഇത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ സാമൂഹ്യ സംഘടനയായ ദിശ പരാതിയുമായി എത്തിയിരുന്നു. അഖില്‍ മാരാര്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും ഒരു പൊതു ഇടത്തില്‍ വെച്ച് അപകീര്‍ത്തിപെടുത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പരാമര്‍ശം നടത്തിയത് എന്നായിരുന്നു ദിശ അതിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.
അഖില്‍ മാരാര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം വംശീയവും, ആദിവാസികളോടുള്ള അതിക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ല കുറ്റകൃത്യവുമാണ് എന്നാണ് ശ്രീജിത്ത് പെരുമന പറഞ്ഞിരുന്നത്. രാജ്യവും ജനതയും പ്രതിസന്ധിയിലായിരിക്കുമ്പോള്‍ കുറച്ചുകൂടി പക്വതയോടെ സാമൂഹിക ചര്‍ച്ചകളെ കൊണ്ടുപോകണം. മധു വിഷയത്തില്‍ അഖില്‍ മാരാറിനെതിരെ ബന്ധുക്കളുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Astro Tips for Nail Cutting: ഈ ദിവസം നഖം വെട്ടല്ലേ... മുടിഞ്ഞ് പോകും..!!
സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ മോഹന്‍ലാലിനേയും ഏഷ്യാനെറ്റ് ചാനലിനേയും ഏഷ്യാനെറ്റ് ന്യൂസിനേയും ടാഗ് ചെയ്ത് കൊണ്ട് വിഷയത്തില്‍ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. അഖില്‍ മാരാറിനെ പുറത്താക്കണം എന്നും പലരും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അഖില്‍ മാരാറിന് എതിരെ നടപടിയുണ്ടാകും എന്ന ഉറപ്പുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്.
മധുവിനെ രക്തസാക്ഷി എന്ന് വിളിച്ച് കൊണ്ടാണ് മോഹന്‍ലാല്‍ വിഷയം അഡ്രസ് ചെയ്തിരിക്കുന്നത്. ഇന്നത്തെ എപ്പിസോഡിന്റെ ട്രെയിലറില്‍ ആണ് മോഹന്‍ലാല്‍ ഈ വിഷയത്തെ കുറിച്ച് പറയുന്നത്. ഇന്ന് രാത്രി 9 മണിക്കാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. ഇതിന് മുന്നോടിയായുള്ള പ്രോമോ വീഡിയോയില്‍ ആണ് സംഭവത്തില്‍ നടപടി ഉണ്ടാകും എന്ന് മോഹന്‍ലാല്‍ പറയുന്നത്.
മത്സരാര്‍ത്ഥികളില്‍ ഒരാള്‍ രക്തസാക്ഷിയായ സഹോദരന്‍ മധുവിന്റെ പേര് പരാമര്‍ശിച്ച് പരിഹസിച്ചത് അങ്ങേയറ്റം ഖേദകരവും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. ഞങ്ങള്‍ ഈ വിഷയം ബന്ധപ്പെട്ട മത്സരാര്‍ത്ഥിയുമായി സംസാരിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ്. അങ്ങനെ പറഞ്ഞ ഒരാള്‍ക്ക് എന്താണ് ഇതില്‍ മറുപടി പറയാനുള്ളത് എന്നാണ് പ്രോമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.
ഇതോടെ അഖില്‍ മാരാറിനെ പുറത്താക്കിയേക്കും എന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് കഴിഞ്ഞു. അഖില്‍ മാരാര്‍ക്ക് എതിരെ എസ് സി എസ് ടി ആക്ട് പ്രകാരം കേസെടുക്കണം എന്നും പലരും ആവശ്യപ്പെടുന്നുണ്ട്. എന്തായാലും വിഷയത്തില്‍ അഖില്‍ മാരാര്‍ക്കെതിരെ എന്ത് നടപടിയാകും സ്വീകരിക്കുക എന്ന് അറിയാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകര്‍.












Click it and Unblock the Notifications