വിഷ്ണു ചെയ്തത് ശരിയല്ല, തുറന്നടിച്ച് ശ്രുതി: ഏഷ്യാനെറ്റിനെ വിളിച്ചു, നിയമ നടപടിയിലേക്കും നീങ്ങും
ബിഗ് ബോസ് സീസണ്‍ ഫൈവിലെ 'സെക്സ് ജോക്സ്' വിവാദം പുതിയ തലത്തിലേക്ക് നീളുന്നു. അനാവശ്യ ആരോപണങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നതിനെതിരെ നടി ശ്രുതി ലക്ഷ്മി തന്നെ ഇപ്പോള്‍ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. വിഷ്ണു റിനോഷിനേയും തന്നേയും സംബന്ധിച്ച് അനാവശ്യമായി ഉന്നയിച്ച ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ഏഷ്യാനെറ്റിനെ വിളിച്ചിരുന്നുവെന്നാണ് ശ്രുതി ലക്ഷ്മി വ്യക്തമാക്കുന്നത്. അനു ജോസഫുമായി ബിഹൈന്‍ഡ് വുഡ്സ് നടത്തിയ അഭിമുഖത്തിനിടെ ഫോണിലൂടെയായിരുന്നു ശ്രുതിയുടെ പ്രതികരണം.
ഈ സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടാവണം. നിയമപരമായി നേരിടാനും തയ്യാറാണ്. ഷോയില്‍ നിന്നും പുറത്ത് പോയ ഒരാളെക്കുറിച്ച് മോശം പറയാന്‍ പാടില്ല. പുറത്തുള്ള വിഷ്ണുവിന്റെ ആരാധകരൊക്കെ ആ വിഷയം ഏറ്റെടുത്ത് അനാവശ്യമായ രീതിയിലുള്ള പ്രചരണം നടത്തുകയാണ്. ആദ്യം ഈ വിഷയം എന്താണെന്ന് പോലും ഞാന്‍ അറിഞ്ഞിരുന്നില്ല. പിന്നെ സുഹൃത്തുകള്‍ പറഞ്ഞാണ് വിഷയം അറിയുന്നതെന്നും ശ്രുതി പറയുന്നു.

ബിഗ് ബോസിലെ വിഷയങ്ങളൊക്കെ വിട്ടുകളഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ യാത്രകളിലായിരുന്നു. ബിഗ് ബോസ് വീടിന് അകത്തും പുറത്തും നടക്കുന്ന ഈ വിവാദങ്ങളൊന്നും ഞാന്‍ അറിഞ്ഞിരുന്നേയില്ല. എന്നാല്‍ ചിലർ വീണ്ടും തെറ്റായി ഇതിനെ ചിത്രീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടായി എന്നേയുള്ളു. അല്ലാതെ വേറെ എന്താണ്. ഇതൊക്കെ ആലോചിച്ചിരുന്നാല്‍ ജീവിക്കാന്‍ സാധിക്കുമോയെന്നും താരം ചോദിക്കുന്നു.
ഞാന്‍ ആ തരത്തില്‍ മൈന്‍ഡ് ചെയ്യാതെ വിട്ടുകളഞ്ഞ കാര്യമാണ്. എന്നാല്‍ റിനോഷിനെ ആക്രമിക്കാന്‍ വേണ്ടി വിഷ്ണു ഈ വിഷയം വീണ്ടും എടുത്തിട്ടത് ശരിയല്ല. നമ്മള്‍ വിട്ടുകളഞ്ഞ ഒരു കാര്യം വീണ്ടും എടുത്ത് വ്യക്തിപരമായി ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ എത്തിയപ്പോഴാണ് ഏഷ്യാനെറ്റിനെ വിളിക്കുന്നത്. അവർ ആ വിഷയത്തില്‍ നടപടിയെടുക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അഭിമുഖത്തില്‍ ശ്രുതി കൂട്ടിച്ചേർക്കുന്നു.

അതേസമയം വിഷ്ണുവിന്റെ പരാമർശം അനാവശ്യമായിരുന്നുവെന്ന് അനു ജോസഫും വ്യക്തമാക്കി. അത്തരം കാര്യങ്ങളൊന്നും അവിടെ വേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നുന്നു. ശ്രുതിക്ക് ഒരു കുടുംബം ഉള്ളതാണ്. അതുകൊണ്ട് മാത്രമല്ല, ഈ വിഷയങ്ങളൊക്കെ അവിടെ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. ബിഗ് ബോസിലെ ഇനി വരാനിരിക്കുന്ന ദിവസങ്ങള്‍ പരസ്പരമുള്ള ചളിവാരിയേറുകള്‍ കൂടുന്ന ദിവസങ്ങളായിരിക്കും.
പൊതുവേ എനിക്ക് താല്‍പര്യമില്ലാത്ത കാര്യമാണ് ഇതൊക്കെ. ആവശ്യമില്ലാതെ ഒരു പരിധിയില്‍ കൂടുതല്‍ മറ്റൊരാളുകളുടെ മേല്‍ നെഗറ്റീവുകള്‍ നിരന്തരം ആരോപിച്ച്, ആയാളെ മോശമാക്കുന്ന കാര്യമാണ് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉള്ള നെഗറ്റീവിന് പുറമെ ഇല്ലാത്ത കാര്യങ്ങളില്‍ പോലും നെഗറ്റീവ് ചുണ്ടിക്കാണിക്കുന്ന ഘട്ടത്തിലൂടെ ബിഗ് ബോസ് ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നതെന്നും അനു ജോസഫ് വ്യക്തമാക്കുന്നു.

ആളുകളുടെ പ്രശ്നമല്ല അത്, അങ്ങനെയാണ് ബിഗ് ബോസ്. മൊത്തത്തില്‍ അങ്ങനെ സംഭവിച്ച് പോവുന്നതാണ്. എവിക്ഷന്റെ സമയത്ത് മറ്റൊരാളുടെ കുറ്റം എന്താണെന്ന് നോക്കി നടക്കുകയാണ്. ചെറിയ പ്രശ്നങ്ങള്‍ വരെ ചൂണ്ടിക്കാട്ടി പറയും. ഈ കാര്യം ഞാന്‍ അവിടെ ഉണ്ടായിരുന്ന സമയത്ത് വിഷ്ണു എന്നോട് പറഞ്ഞിരുന്നു. ഒരാള്‍ എന്ത് പറയുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യമാണ്. നിങ്ങള്‍ എന്നോട് ഇങ്ങനെ സംസാരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ആരും സംസാരിക്കില്ല.
സംസാരിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് അവരുടെ മാത്രം കാര്യമാണ്. അതില്‍ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ല. സംസാരിച്ച ആള്‍ക്കും, കേട്ടയാള്‍ക്കും പരാതിയില്ല. ഷോയില്‍ നിന്നും പുറത്തുപോയ ഒരാളെക്കുറിച്ച് മോശമായി സംസാരിക്കാതിരിക്കുന്നത് നന്നായിരിക്കും. അവർ കുടുംബമൊക്കെയുള്ള ആളാണ്. അതുകൊണ്ട് തന്നെ ഇത്തരം സംസാരങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഒരിക്കല്‍ കൂടി പറയുന്നുവെന്നും അനു അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications