കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യയുടെ 'ജയ് ഭീമും' തമിഴ് നാട്ടിലെ സിപിഎമ്മും... കെട്ടുകഥയല്ല, യഥാര്‍ത്ഥ സംഭവങ്ങള്‍; ചന്ദ്രു മാത്രവുമല്ല..

Google Oneindia Malayalam News

സൂര്യ പ്രധാന കഥാപാത്രമായി എത്തിയ 'ജയ് ഭീം' എന്ന സിനിമയെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ഒരു തമിഴ് സിനിമയെങ്കിലും, അത് കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഇത്രയേറെ ചര്‍ച്ചയാകാന്‍ ഒരു കാരണമുണ്ട്. സിനിമ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം തന്നെയാണത്. സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത് വന്നപ്പോള്‍ തന്നെ, സിപിഎമ്മുമായുള്ള ബന്ധം പലവിധ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

ചെങ്കൊടിയ്ക്ക് മുന്നില്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന സൂര്യ; 'ജയ് ഭീം' ട്രെയ്‌ലറിൽ സിപിഎം കൊടിയോ...ചെങ്കൊടിയ്ക്ക് മുന്നില്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന സൂര്യ; 'ജയ് ഭീം' ട്രെയ്‌ലറിൽ സിപിഎം കൊടിയോ...

സിനിമ പുറത്തിറങ്ങിയപ്പോള്‍, അതില്‍ കൂടുതല്‍ വ്യക്തത വരികയും ചെയ്തു. ഇരുളര്‍ വിഭാഗത്തില്‍ പെട്ട രാജാക്കണ്ണ് എന്ന യുവാവിനെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയും ഒടുവില്‍ അതിക്രൂരമായ ലോക്ക് അപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുകയും ആയിരുന്നു. രാജാക്കണ്ണിന്റെ ഭാര്യ പാര്‍വ്വതിയ്‌ക്കൊപ്പം നിന്ന് പോരാടി, സത്യം പുറത്തെത്തിച്ച അഡ്വ കെ ചന്ദ്രുവിനെ ആണ് സൂര്യ സിനിമയില്‍ അവതരിപ്പിക്കുന്നത്. എന്താണ് ഈ കേസും തമിഴ്‌നാട്ടിലെ സിപിഎമ്മും തമ്മിലുള്ള ബന്ധം? എന്താണ് അഡ്വ ചന്ദ്രുവും സിപിഎമ്മും തമ്മിലുള്ള ബന്ധം? അതൊന്നും ഒരു കെട്ടുകഥയേ അല്ല. പരിശോധിക്കാം...

1

അഡ്വ കെ ചന്ദ്രു പിന്നീട് ന്യായാധിപനായി. നീതിയുടെ പക്ഷത്ത് നിന്ന് അസംഖ്യം വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍, അതിന് മുമ്പ് അദ്ദേഹം തമിഴ്‌നാട്ടിലെ ഇടത് മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. തമിഴ്‌നാട്ടില്‍ എസ്എഫ്‌ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. അഭിഭാഷക വൃത്തിയില്‍ സജീവമാകുമ്പോഴും സിപിഎം പ്രവര്‍ത്തകനായി കെ ചന്ദ്രു നിലകൊണ്ടു. അനീതികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നണി പോരാളിയായി അദ്ദേഹം നിലകൊള്ളുകയും ചെയ്തു. ചന്ദ്രുവിന്റെ രാഷ്ട്രീയം എന്തെന്ന് സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്ന ഒരോ ഫ്രെയിമിലും വ്യക്തമാക്കപ്പെടുകയും ചെയ്തിട്ടുണ്ട് സംവിധായകന്‍.

2

രാജാക്കണ്ണിന്റെ ഭാര്യയുടെ പേര് പാര്‍വ്വതി എന്നായിരുന്നു. എന്നാല്‍, സിനിമയില്‍ അത് സെങ്കെണി എന്നാക്കി മാറ്റിയിട്ടുണ്ട്. രാജാക്കണ്ണിനെ തേടിയുള്ള പാര്‍വ്വതിയുടെ പോരാട്ടത്തില്‍ ആദ്യം കണ്ണിചേരുന്നത് പ്രാദേശിക സിപിഎം നേതാവായിരുന്ന ഗോവിന്ദന്‍ ആയിരുന്നു. സിപിഎമ്മിന്റെ കമ്മപുരം താലൂക്ക് കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. പാര്‍വ്വതിയ്ക്കും രാജാക്കണ്ണിനും വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ശാരീരിക ആക്രമണങ്ങള്‍ പോലും ഗോവിന്ദന്‍ നേരിടേണ്ടി വന്നിരുന്നു. പാര്‍വ്വതിയുടെ പോരാട്ടത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഗോവിന്ദന്‍ ഉണ്ടായിരുന്നു. 13 വര്‍ഷമായിരുന്നു അദ്ദേഹം ഈ ഒരു കേസിന് വേണ്ടി മാത്രം ചെലവഴിച്ചത്.

4

പോലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആയിരുന്നു. സഖാവ് ഗോവിന്ദനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കമ്മപുരം സിപിഎം താലൂക്ക് സെക്രട്ടറി രാജ്‌മോഹനും വിഷയത്തില്‍ ഇടപെട്ടു. അദ്ദേഹം വിവരങ്ങള്‍ ജില്ലാ കമ്മിറ്റിയെ അറിയിക്കുകയും തുടര്‍പോരാട്ടങ്ങള്‍ നടത്തുകയും ചെയ്തു. രാജ്‌മോഹന്റെ ഇടപെടലിനെ തുടര്‍ന്നാണ് രാജാക്കണ്ണിന്റെ തിരോധാനത്തില്‍ ഒരു പോലീസ് കേസ് തന്നെ ഫയല്‍ ചെയ്യപ്പെട്ടത്.

4

സിപിഎമ്മിന്റെ സംഘടനാ സംവിധാനം എങ്ങനെയാണ് പാര്‍വ്വതിയ്ക്ക് വേണ്ടി ഇടപെട്ടത് എന്നത് കൂടി ഈ വിഷയത്തില്‍ പരിഗണിക്കേണ്ടതുണ്ട്. കമ്മപുരം താലൂക്ക് സെക്രട്ടറിയില്‍ നിന്ന് വിവരം ലഭിച്ച വിരുധാചലം ജില്ലാ സെക്രട്ടറി കെ ബാലകൃഷ്ണന്റെ ഇടപെടലുകളാണ് കേസിന്റെ ആദ്യ ഘട്ടത്തില്‍ ഏറെ നിര്‍ണായകമായത്. വിഷയം സംസ്ഥാന സമിതിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതും അതുവഴി അഡ്വ ചന്ദ്രുവിലേക്കെത്തിക്കുന്നതും ബാലകൃഷ്ണന്‍ തന്നെയാണ്. ബാലകൃഷ്ണന്‍ ഇപ്പോള്‍ സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയും ചിദംബരം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ആണ്.

5

സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത് മലയാളിയായ രജിഷ വിജന്‍ ആണ്. ഗ്രാമത്തില്‍ 'അറിവൊളി ഇയക്കം' എന്ന വിദ്യാഭ്യാസ മുന്നേറ്റ പരിപാടിയുമായി എത്തിയ 'ടീച്ചറുടെ' വേഷമാണ് രജിഷയുടേത്. സിനിമയില്‍ സെങ്കെണിയെ ഈ പോരാട്ടത്തിന്റെ മുന്നിലേക്കെത്തിക്കുന്നതും എന്തിനും ഏതിനും കൂടെ നില്‍ക്കുന്നതും ടീച്ചര്‍ തന്നെ. രജിഷ അവതരിപ്പിച്ച ഈ കഥാപാത്രവും യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നു. സാക്ഷരതാ പ്രസ്ഥാനം പോലെ, തമിഴ്‌നാട്ടില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച പ്രസ്ഥാനം ആയിരുന്നു 'അറിവൊളി ഇയക്കം'. ആ മുന്നേറ്റം ഇന്ന് 'തമിഴ്‌നാട് സയന്‍സ് ഫ്രണ്ട്' എന്ന പേരില്‍ തുടരുകയും ചെയ്യുന്നുണ്ട്.

6

ജയ് ഭീം എന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ടിജെ ജ്ഞാനവേല്‍ ആണ്. എന്തുകൊണ്ടാണ് സിനിമയില്‍ സിപിഎം രാഷ്ട്രീയത്തിന് ഇത്രയേറെ പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്നത് എന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ആദ്യം അഭിഷാകനും പിന്നീട് ന്യായാധിപനും ആയിമാറിയ ജസ്റ്റിസ് ചന്ദ്രു ഒരു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിരുന്നു എന്നാണ് ജ്ഞാനവേല്‍ തന്നെ പറയുന്നത്. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ രാഷ്ട്രീയം സിനിമയിലും ഉണ്ടാകും. ഒരു യഥാര്‍ത്ഥ സംഭവം സിനിമയാക്കുമ്പോള്‍, അതിനോട് നീതികാണിക്കേണ്ടതുണ്ടെന്നും അതില്‍ താന്‍ ഒരിക്കലും വെള്ളം ചേര്‍ക്കില്ലെന്നും കൂടി ജ്ഞാനവേല്‍ ആ അഭിമുഖത്തില്‍ പറയുന്നുണ്ട്. കാള്‍ മാര്‍ക്‌സ്, ഏംഗല്‍സ്, പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ എന്നിവര്‍ ചിത്രങ്ങളായോ രൂപങ്ങളായോ രാഷ്ട്രീയമായോ സിനിമയില്‍ പലയിടത്തും പ്രത്യക്ഷപ്പെടുന്നത് വെറുതേയല്ലെന്ന് ഈ വാക്കുകളിലൂടെ ജ്ഞാനവേല്‍ വ്യക്തമാക്കുകയാണ്.

7

സൂര്യയുടേയും ജ്യോതികയുടേയും പ്രൊഡക്ഷന്‍ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റ് ആണ് 'ജയ് ഭീം' നിര്‍മിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. സിനിമയിലെ സുപ്രധാന കഥാപാത്രമായ സെങ്കെണിയെ അവതരിപ്പിച്ചിരിക്കുന്നത് മലയാളിയായ ലിജോമോള്‍ ജോസ് ആണ്. പ്രകാശ് രാജ്, റാവു രമേശ്, കെ മണികണ്ഠന്‍ എന്നിവരും പ്രധാന വേഷയത്തില്‍ എത്തുന്നുണ്ട്. അടുത്തിടെ തമിഴ് സിനിമകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ സിപിഎമ്മും ഇടതുപക്ഷവും നയിക്കുന്ന വലിയ പോരാട്ടങ്ങള്‍ മുമ്പും ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. കീള്‍വെണ്‍മണി സംഭവവും ജാതിമതിലിന് എതിരെയുള്ള പോരാട്ടവും ക്ഷേത്ര പ്രവേശന സമരവും എല്ലാം അത്തരത്തിലുള്ളവയാണ്.

Recommended Video

cmsvideo
Ayan movie special birthday remake tribute | Oneindia Malayalam
8

കേരളം കഴിഞ്ഞാല്‍, ഇടതുപക്ഷത്തിന് പാര്‍ലമെന്ററി രംഗത്ത് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനം എന്നും തമിഴ്‌നാടിനെ ഇപ്പോള്‍ വിശേഷിപ്പിക്കാവുന്നതാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും സിപിഐയ്ക്കും രണ്ട് വീതം എംപിമാരെ സംഭാവന ചെയ്ത ഏക സംസ്ഥാനവും തമിഴ്‌നാട് തന്നെ. കേരളത്തില്‍ നിന്ന് സിപിഎമ്മിന് ഒരു ലോക്‌സഭ എംപിമാത്രമേ ഇപ്പോഴുള്ളു. സിപിഐയ്ക്കാണെങ്കില്‍ ഒരാള്‍ പോലുമില്ല.

English summary
How the Suriya movie Jai Bhim is closely connected to Tamil Nadu CPIM? The real story is more connected to CPM as the struggle of Rajakkannu's wife Parvathy was took to the limelight by CPM leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X