സിസ്റ്റ് കാൻസറാണെന്ന് പറഞ്ഞ് വേദനിപ്പിച്ചു,പാടുന്നതിലും നിയന്ത്രണം വെച്ചു; വിവാഹമോചനത്തെ കുറിച്ച് വിജയലക്ഷ്മി
കൊച്ചി; 2018 ഒക്ടോബറിലായിരുന്നു ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം. മിമിക്രി കലാകാരനായ അനൂപിനെയായിരുന്നു വിജയലക്ഷ്മി വിവാഹം കഴിച്ചത്. ഏറെ കാലമായി ഗായിക വിവാഹമോചനം നേടിയെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇപ്പോഴിതാ തങ്ങൾ വിവാഹമോചിതരായെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വൈക്കം വിജയലക്ഷ്മി. ഒരുമിച്ച് പോകാൻ സാധിക്കില്ലെന്നായപ്പോഴാണ് വേർപിരിഞ്ഞതെന്നും ഇരുവരും ഒരുമിച്ചാണ് തിരുമാനം എടുത്തതെന്നും വിജയലക്ഷ്മി പറയുന്നു. മനോരമ ഓൺലൈനിനോടാണ് വിജയലക്ഷ്മിയുടെ പ്രതികരണം. വിശദമായി വായിക്കാം.

വൈക്കം വിജയലക്ഷ്മിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റാടെയായിരുന്നു അവരുടെ വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്. ദുഃഖവും നിരാശയും കലർന്ന ഒരു കുറിപ്പായിരുന്നു അന്ന് താരം പങ്കിട്ടത്. ഇതോടെ താരം വിവാഹ മോചനത്തിലേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാൽ അന്ന് ഇത്തരം പ്രചരണങ്ങളെ തള്ളി വിജയലക്ഷ്മിയുടെ പിതാവ് രംഗത്തെത്തി.

മകൾക്ക് യാതൊരു പ്രശ്നവുമില്ലെന്നും അനാവശ്യമായ പ്രചരണങ്ങളാണ് നടക്കുന്നതെന്നുമായിരുന്നു പിതാവിന്റെ വിശദീകരണം. കൊവിഡും ലോക്ക്ഡൗൺ പ്രതിസന്ധിയും കാരണം അവൾ വീട്ടിൽ കഴിയുകയാണെന്നും സന്തോഷവതിയാണെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ജൂണിൽ തന്നെ ഭർത്താവായിരുന്ന അനൂപുമായി താൻ വേർപിരിഞ്ഞുവെന്ന് തുറന്ന് പറയുകയാണ് വൈക്കം വിജയലക്ഷ്മി.

വിവാഹ ജീവിതത്തിൽ ഗായിക എന്ന നിലയ്ക്ക് തനിക്ക് യാതൊരു സ്വസ്ഥതയും ലഭിച്ചിരുന്നില്ലെന്ന് വിജയലക്ഷ്മി പറയുന്നു. സ്വസ്ഥതയുള്ള മനസായിരുന്നു തനിക്ക് ആവശ്യം. പരിപാടിക്ക് പോകുമ്പോഴൊക്കെ അദ്ദേഹം തന്റെ കാര്യത്തിൽ അനാവശ്യ നിയന്ത്രണങ്ങൾ വെച്ചു. പലപ്പോഴും സ്വൈര്യത്തോടെ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഈ നിയന്ത്രണങ്ങൾ തടസമായി. പരിപാടികളിൽ പങ്കെടുക്കാൻ കഴിയാതെയായി. എന്റെ മാതാപിതാക്കൾ പോലും തന്നോട് സഹകരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, വിജയലക്ഷ്മി പറയുന്നു.

ജീവിതത്തിൽ കരുത്തായി നിന്നവരാണ് തന്റെ മാതാപിതാക്കൾ. അംഗപരിമിതയായ തന്നെ ഇവിടെ വരെ എത്തിച്ചത് അവരാണ്. അവരില്ലാതെ തനിക്ക് ഒരു ജീവിതം ഇല്ല. പിന്നെ എങ്ങനെയാണ് അവരെ സഹകരിപ്പിക്കരുതെന്ന് പറഞ്ഞാൽ സഹിക്കാനാവുക. പാടുമ്പോൾ പോലും പല നിയന്ത്രണങ്ങളും ഭർത്താവ് ഏർപ്പെടുത്തിയിരുന്നതായും വിജയലക്ഷ്മി പറഞ്ഞു.

പാടുമ്പോൾ താളം പിടിക്കാൻ പാടില്ലെന്നും കൈ കൊട്ടാൻ പാടില്ലെന്നുമൊക്കെയാണ് നിബന്ധനകൾ വെച്ചിരുന്നത്. പലപ്പോഴും ശകാരിക്കും. ദേഷ്യപ്പെടും. ഇതെല്ലാമായപ്പോൾ കലാജീവിതം സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെയായി, വിജയലക്ഷ്മി വ്യക്തമാക്കി.

തനിക്ക് ഓവറിയിൽ സിസ്റ്റ് ഉണ്ടായിരുന്നു. അതിനൊരു ശസ്ത്രക്രിയ വേണ്ടി വന്നു. ഓവറിയിൽ സിസ്റ്റ് എന്നുള്ളതൊക്കെ മിക്ക സ്ത്രീകൾക്കും സാധാരണയായി വരുന്നതാണ്. എന്നാൽ അത് കാൻസർ ആണെന്ന് പറഞ്ഞ് തന്നെ വേദനിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരുതരത്തിലും ഒത്തുപോകാൻ കഴിയാതെ വന്നപ്പോഴാണ് പിരിയാൻ തിരുമാനിച്ചത്.

2019 മെയ് 30 നായിരുന്നു പിരിയാനുള്ള തിരുമാനം. ഈ വർഷം ജൂണിൽ നിയമനടപടികൾ എല്ലാം പൂർത്തിയായി. ഇപ്പോൾ ജീവിത്തതിൽ സമാധാനം ഉണ്ട്. തന്റെ മാതാപിതാക്കളും സംഗീതവുമാണ് തന്റെ ജീവിതം. ഒരു സ്ത്രീക്ക് ജീവിക്കണമെങ്കിൽ വിവാഹത്തിന്റെ ആവശ്യമില്ലെന്നും തനിക്ക് മനസിലായെന്നും വിജയലക്ഷ്മി പറഞ്ഞു.

അതിനിടെ തന്റെ കാഴ്ച ശക്തി തിരിച്ച് കിട്ടുന്നതിനായുള്ള അടുത്ത ഘട്ട ചികിത്സയ്ക്കായി അടുത്ത വർഷം അമേരിക്കയിൽ പോകുമെന്ന് വൈക്കം വിജയലക്ഷ്മി വ്യക്തമാക്കിയിരുന്നു. നേരത്തേ ഓപ്റ്റിക് നേർവിന്റെ പ്രശ്നമായിരുന്നു. അതുമാറി. ഇപ്പോൾ റെറ്റിനെയാക്കാണ് പ്രശ്നം. റെറ്റിന മാറ്റി വെയ്ക്കുകയാണ് വേണ്ടത്. ഇന്ത്യയിൽ ആ ചികിത്സ ഇല്ല.അതിനാലാണ് അമേരിക്കയിലേക്ക് പോകുന്നത്. കാഴ്ച കിട്ടുമെന്ന് തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞിരുന്നു.