ഒരു തരി പൊന്നില്ലാതെ വിവാഹം!! നസീബ ചോദിച്ച മഹറാണ് ഏറെ ആദരം, മാതൃക... കുറിപ്പ്

തൃശൂര്‍: വിവാഹം എന്നത് ആര്‍ഭാടത്തിന്റെയും അലങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയുമെല്ലാം മാര്‍ഗമായ ഇക്കാലത്ത് സിംപിളായ ഒരു വിവാഹം ചര്‍ച്ചയാകുന്നു. ഒരു തരി പൊന്നില്ലാതെയാണ് നസീബ മണവാട്ടിയായത്. നാസറാകട്ടെ സാധാരണ വേഷത്തിലുമെത്തി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വാഹനത്തിന് കൈകാണിച്ച് പരിശോധിച്ച പോലീസുകാരും അമ്പരന്നിട്ടുണ്ടാകും.

നസീബ ചോദിച്ച മഹര്‍ മാതൃകാപരമായിരുന്നു. ഇത്രയും സിംപിളായി വിവാഹം കഴിക്കുമ്പോള്‍ പിശുക്ക് ആരോപിക്കുന്നവര്‍ ഏറെയാകും, വിമര്‍ശിക്കുന്നവരുണ്ടാകും, പരിഹസിക്കുന്നവരുണ്ടാകും, സ്‌നേഹത്തോടെ ശാസിക്കുന്നവരും ഏറെ. എല്ലാം മറികടന്ന് നാസറും നസീബയും ഒന്നിച്ച് ജീവിതം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. ആ വിവാഹത്തെ കുറിച്ച് നാസര്‍ തന്നെ എഴുതിയത് വായിക്കാം... നാസര്‍ ബന്ധുവിന്റെ കുറിപ്പ് ഇങ്ങനെ...

p

ഒരു തരി പൊന്നില്ലാതെ ഒരു പുതിയ ഉടുപ്പില്ലാതെയാണ് വിവാഹം കഴിച്ചത്. വിവാഹം കഴിക്കാം എന്ന് ഞാനും നസീബയും തീരുമാനിച്ചതിന് ശേഷം എങ്ങനെ ആയിരിക്കണം വിവാഹം എന്ന് പലപ്പോഴായി സംസാരിച്ചു. എന്തായാലും എന്റെയും അവളുടേയും ഇഷ്ടങ്ങളൊക്കെ ഒരു പോലെയായത് നിയോഗം മാത്രം.
ഓര്‍മക്കായി ഒരു മോതിരമെങ്കിലും നല്‍കാം എന്ന് ഞാന്‍ കരുതിയെങ്കിലും ഒരു ആഭരണവും വേണ്ട എന്ന നസീബയുടെ തീരുമാനം ഞാനും സ്വീകരിച്ചു. ഒരു ആഭരണവും ഇല്ലാതെയാണ് അവള്‍ വിവാഹത്തിനൊരുങ്ങിയത്.
ഉള്ളതില്‍ നല്ല ഉടുപ്പിടുക , പുതിയത് വേണ്ട എന്നതും ഭംഗിയുള്ളൊരു തീരുമാനമായിരുന്നു .
അവള്‍ സാധാരണ ഒരു ചുരിദാറിട്ടു. ഞാനാണ് പകുതി വാക്ക് തെറ്റിച്ചത്. സ്വന്തമായി രണ്ട് കാര്‍ഗോസ് പാന്റാണ് ഉള്ളത്. കാര്‍ഗോസ് ഇട്ട് നിക്കാഹിന് ഇരിക്കേണ്ട എന്ന് പറഞ്ഞ് പ്രിയപ്പെട്ട സുഹൃത്ത് നിര്‍ബന്ധപൂര്‍വം വാങ്ങിതന്ന ജീന്‍സ് ഇട്ടു. രണ്ട് പേരും പുതിയ ചെരിപ്പ് വാങ്ങി.
നസീബയുടെ വീട്ടിലേക്ക് പോകാനായി രാവിലെ ഇറങ്ങുമ്പോള്‍ യാത്ര അയക്കാനും പ്രാര്‍ത്ഥിക്കാനുമായി പ്രിയപ്പെട്ട തൗഫീഖ് മൗലവിയും ഹംസ ഉസ്താദും വന്നിരുന്നു.
അവര്‍ ഇറങ്ങാന്‍ നേരം എന്തേ മണവാളന്‍ ഒരുങ്ങുന്നില്ലേ എന്ന് ചോദിച്ചു. ഒരുങ്ങിയതാണ് ഇത് എന്ന് ഹസന്‍ മാഷാണ് മറുപടി പറഞ്ഞത്.
ലോക്ഡൗണ്‍ ആയതിനാല്‍ തൃശൂരില്‍ പോലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. ഞങ്ങളുടെ കാര്‍ നിര്‍ത്തി വിവാഹത്തിന്റെ പേപ്പറുകള്‍ കാണിച്ചു കൊടുത്തു. ഏതാണ് പെണ്ണും ചെറുക്കനും എന്ന് ചോദിച്ചപ്പോള്‍ ഹസന്‍ മാഷ് പുറകിലിരിക്കുന്ന എന്നെയും നസീബയേയും ചൂണ്ടിക്കാട്ടി. പേപ്പറുകള്‍ പരിശോധിക്കുകയായിരുന്ന വനിതാ എസ്.ഐ കൗതുകത്തോടെയാണ് ഞങ്ങളെ നോക്കിയത്.

മഹര്‍ ആയി നസീബ ആവശ്യപ്പെട്ടത് , അനാഥരായ കുട്ടികള്‍ക്ക് നിങ്ങള്‍ എന്തെങ്കിലും ചെയ്ത് കൊടുക്കണം എന്നാണ്. അത് ഇരുപത് അനാഥ കുട്ടികള്‍ക്ക് പഠന ഉപകരണങ്ങള്‍ നല്‍കുക എന്ന ധാരണയില്‍ എത്തി വീട്ടിലും പള്ളിയിലും സംസാരിച്ചെങ്കിലും അത് ആദ്യത്തില്‍ സ്വീകരിക്കപ്പെട്ടില്ല.
മഹര്‍ - വിവാഹമൂല്യം - അത് സ്വര്‍ണമായി തന്നെ വേണമെന്ന പരമ്പരാഗത വിശ്വാസത്തെ ഉടച്ചുകളയാന്‍ ഇത്തിരി പ്രയാസപ്പെട്ടു.
മഹര്‍ സ്വര്‍ണമായിരിക്കലാണ് ഉത്തമം എന്ന് പള്ളിയിലെ ഇമാം പ്രസ്താവിച്ചതോടെ അദ്ദേഹത്തിന്റെ അറിവില്ലായ്മ ഓര്‍ത്ത് സഹതാപം തോന്നി.
പക്ഷെ , അയല്‍ക്കാരനും മുതിര്‍ന്ന പണ്ഡിതനുമായ ഹംസ ഉസ്താദ് മഹറിനെ പറ്റി അറിഞ്ഞപ്പോള്‍ വളരെ സന്തോഷിക്കുകയാണ് ഉണ്ടായത്.
പെണ്ണ് ആവശ്യപ്പെടുന്നതാണ് മഹര്‍ ആയി കൊടുകേണ്ടത്. അത് പെണ്ണിന്റെ അവകാശമാണ്. വീട്ടുകാരോ മറ്റുള്ളവരോ അല്ല തീരുമാനിക്കേണ്ടത്. അത് ക്വാളി റ്റേറ്റീവോ ക്വാണ്ടിറ്റേറ്റിവോ ആകാം.
മഹര്‍ പൊതുവേ സ്ത്രീകള്‍ സ്വര്‍ണ ആഭരണമായി വാങ്ങി അണിയുകയാണ് പതിവ്. സ്വര്‍ണം വാങ്ങാത്ത അപൂര്‍വം ചിലര്‍ വേറെ എന്തെങ്കിലും സ്വന്തമായി സൂക്ഷിച്ചു വക്കാന്‍ പറ്റുന്ന എന്തെങ്കിലും വാങ്ങും.
പക്ഷെ, നസീബ ചോദിച്ചത് അനാഥ കുട്ടികളെ സഹായിക്കാനാണ്. സ്വന്തമായി സൂക്ഷിച്ചു വക്കാനൊന്നുമല്ലാ , മറ്റുള്ളവര്‍ക്കൊരു സഹായമാകട്ടെ തന്റെ മഹര്‍ എന്ന ആഗ്രഹം എനിക്കേറെ ഇഷ്ടമായി.

സത്യത്തില്‍ ഒന്നും നമ്മുടെ സ്വന്തം അല്ലല്ലൊ. വല്ലാത്തൊരു തിരിച്ചറിവാണത്.
ഇത്രയൊക്കെ എഴുതിയത് ഇതൊരു സംഭവമാണെന്ന് കാണിക്കാനോ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാനോ വേണ്ടിയല്ല.
ആളുകള്‍ എന്തു വിചാരിക്കും, കുടുംബക്കാര്‍ എന്ത് കരുതും എന്നെല്ലാം കരുതി കടം വാങ്ങിയും ലോണ്‍ എടുത്തും വിവാഹം കഴിക്കുന്ന ധാരാളം മലയാളി സുഹൃത്തുക്കളെ ഞാന്‍ കണ്ടിട്ടുണ്ട്.
പുതിയത് വാങ്ങാന്‍ കഴിവില്ലാത്തതിനാല്‍ അടുത്തിടെ കല്യാണം കഴിഞ്ഞ അയല്‍ക്കാരുടെ യോ കുടുംബക്കാരുടേയോ കടം വാങ്ങിയ ഉടുപ്പും ചെരിപ്പും ധരിച്ച് വിവാഹം കഴിക്കുന്ന ധാരാളം ബംഗാളി സുഹൃത്തുക്കളേയും ഞാന്‍ കണ്ടിട്ടുണ്ട്.
ഇതിനിടയില്‍ മറ്റുള്ളവരെ ബോധിപ്പിക്കാന്‍ വേണ്ടിയല്ലാതെ, ഞാനും നസീബയും ആഗ്രഹിച്ച രീതിയില്‍ വിവാഹം കഴിക്കാന്‍ സാധിച്ചു എന്ന് മാത്രം.
വിവാഹം എന്ന ലളിതമായ ഒന്നിനെ എത്ര സങ്കീര്‍ണമായ ചടങ്ങുകളിലും ആര്‍ഭാടങ്ങളിലുമാണ് തളച്ചിട്ടിരിക്കുന്നത് എന്ന് വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് എനിക്ക് മനസിലായി.
കല്യാണ പരിപാടികള്‍ ഒന്നുമില്ല എന്നറിഞ്ഞപ്പോള്‍ എന്തിനാ ഇത്ര പിശുക്ക് കാണിക്കുന്നത് എന്ന് ചില സുഹൃത്തുക്കള്‍ കളിയാക്കി ചോദിച്ചു.
ഒരു പാലിയെറ്റിവ് കെയറിലെ വളണ്ടിയേഴ്‌സിനും
നാല് അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കും ഒരു നേരമൊരു ഭക്ഷണം കൊടുക്കലാണ് കല്യാണവിരുന്നിനേക്കാള്‍ ഭംഗി എന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്.
അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ ഒരാഴ്ചയും ഒരു ദിവസവും ആയി...
പ്രാര്‍ത്ഥന....

.....
മണവാട്ടി പെണ്ണിന് ധരിക്കാനായി ഭംഗിയുളെളാരു ഉടുപ്പ് കൊല്‍ക്കത്തയില്‍ നിന്നും നാട്ടിലേക്ക് വരുന്ന നേരം എയര്‍പോര്‍ട്ടില്‍ എത്തിച്ചു തന്നിരുന്നു പ്രിയ സുഹൃത്തും ഡോ. പി.ബി.സലിം ഐ.എ.എസ് ന്റെ ഭാര്യയുമായ ഫാത്തി സലിം .
പ്രിയ ഫാത്തി .. ക്ഷമിക്കണം ...
ആ ഉടുപ്പിവിടെ ഭദ്രമായി ഇരിക്കുന്നുണ്ട്.
ഞങ്ങള്‍ക്കിങ്ങനെ ആകാനേ കഴിയൂ...
ഞങ്ങളെങ്കിലും ഇങ്ങനെ ആയില്ലെങ്കില്‍ പിന്നെ ആരാണുള്ളത്...
സ്‌നേഹത്തോടെയും പരിഭവത്തോടെയും ദേഷ്യത്തോടെയും ഞങ്ങളെ ഉപദേശിച്ചവരുണ്ട്. ഇത്തിരി സ്വര്‍ണമിടൂ .. ഒരു വെള്ള ഷര്‍ട്ടിടൂ...
അങ്ങനെ അങ്ങനെ..
അവരോടും ഒന്നേ പറയാനുള്ളൂ
ഞങ്ങള്‍ക്കിങ്ങനെ ആകാനേ കഴിയൂ...
അവസാനമായി ഇതു കൂടി,
1. സിംപിള്‍ ആവുക എന്നാല്‍ അത്ര സിംപിള്‍ അല്ല .
2. പ്രിവിലേജ് ഒഴിവാക്കുക എന്നതും സിംപിള്‍ അല്ല .
3. സ്വന്തം ഇഷ്ടത്തിന് ജീവിതത്തെ നിര്‍വചിക്കുന്നതും അത്ര സിംപിള്‍ അല്ല .
ചിത്രം: ഞങ്ങളുടെ വിവാഹ ദിനം
ചിത്രം പകര്‍ത്തിയത് : ഹസീബ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+