പൃഥ്വിരാജിന്റെ ഭ്രമവും ടൊവിനോയുടെ മിന്നല്‍ മുരളിയും ഒടിടി റിലീസിന്? തിയേറ്റര്‍ കാത്ത് 405 റിലീസുകള്‍
മലയാള സിനിമ വല്ലാത്തൊരു പ്രതിസന്ധിയിലാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. ഇതോടെ പ്രമുഖ ചിത്രങ്ങളെല്ലാം ഒടിടി റിലീസിനായി ഒരുങ്ങുകയാണ്. മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ ചിത്രങ്ങളാണ് ഒടിടിയിലേക്ക് പോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ഇതിലൊരു ചിത്രത്തിന്റെ വിവരങ്ങള്‍ അടുത്ത ദിവസം തന്നെ പുറത്തുവരും.
രണ്ടും ബിഗ് ബജറ്റ് ചിത്രം കൂടിയാണ്. പൃഥ്വിരാജിന്റെയും ടൊവിനോ തോമസിന്റെയും ചിത്രങ്ങളാണ് ഇവയെന്നാണ് വിവരങ്ങള്‍. അതേസമയം മലയാളത്തില്‍ രജിസ്റ്റര്‍ ചെയ്ത 405 ടൈറ്റിലുകള്‍ ഷൂട്ടിംഗിനും റിലീസിനുമൊക്കെയായി കാത്തിരിക്കുകയാണ്. 600 കോടിയിലേറെ നഷ്ടവും മലയാള സിനിമയ്ക്കുണ്ട്.

പൃഥ്വിരാജിന്റെ ഭ്രമമാണ് ഒടിടിയില്‍ പോയെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്ന ചിത്രം. ഹിന്ദി ചിത്രം അന്ധാധുനിന്റെ റീമേക്കാണ് ഈ ചിത്രം. നിര്‍മാതാക്കള്‍ക്ക് സഹായകരമാവുകയും അതോടൊപ്പം മലയാള സിനിമയെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാന്‍ ഒടിടി റിലീസ് കൊണ്ട് സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഇപ്പോള്‍ കരുതുന്നത്. ലെറ്റ്‌സ് ഒടിടി ഗ്ലോബലാണ് ഭ്രമം ഒടിടി റിലീസ് ആയിരിക്കുമെന്ന വിവരം പുറത്തുവിട്ടത്. രവി കെ ചന്ദ്രനാണ് ഭ്രമം സംവിധാനം ചെയ്തിരിക്കുന്നത്. ആമസോണാണ് ഭ്രമത്തിന്റെ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. രവി കെ ചന്ദ്രന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അതേസമയം ഔദ്യോഗികമായി നിര്‍മാതാക്കാള്‍ ഇത് പ്രഖ്യാപിച്ചിട്ടില്ല.

പൃഥ്വിരാജിന്റെ മൂന്നാമത്തെ ചിത്രമാണ് ഒടിടിയിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. നേരത്തെ കോള്‍ഡ് കേസായിരുന്നു ആദ്യ ഒടിടിക്ക് പോയ ചിത്രം. ഇത് ആമസോണിലായിരുന്നു റിലീസ്. മറ്റൊരു വന്‍ താരനിര ചിത്രമായ കുരുതിയും പൃഥ്വിരാജിന്റേതായി ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. ഇതിന് മികച്ച അഭിപ്രായം നേടാനായിരുന്നു. നിരവധി പേരാണ് ഈ ചിത്രം കണ്ടത്. ഈ ആവേശത്തിലാണ് പൃഥ്വിയുടെ അടുത്ത ചിത്രവും ഒടിടിയില്‍ പോകുന്നതെന്നാണ് സൂചന. ജനഗണമന അടക്കമുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുണ്ട്. ഇവയും സമാന വഴിയായിരിക്കുമോ പിന്തുടരുക എന്നാണ് അറിയാനുള്ളത്. ആമസോണുമായി മികച്ച ബന്ധമാണ് ഉള്ളതെന്ന് നേരത്തെ തന്നെ പൃഥ്വിരാജ് വ്യക്തമാക്കിയതാണ്.

തിയേറ്ററുകള്‍ക്ക് പൃഥ്വിരാജിന്റെ ചിത്രം ഒടിടിക്ക് പോകുന്നത് വലിയ നഷ്ടമാണ്. എന്നാല്‍ എന്ന് തുറക്കും തിയേറ്ററുകള്‍ എന്ന കാര്യത്തില്‍ കേരളത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം തിയേറ്റര്‍ തുറന്ന് വലിയ തോതിലുള്ള റിലീസുകളും വന്ന് കഴിഞ്ഞു. കളക്ഷന്‍ കുറവാണെങ്കിലും ഭേദപ്പെട്ട രീതിയില്‍ കളക്ഷന്‍ വരുന്നുണ്ട്. ഇത് തന്നെ ആത്മവിശ്വാസം നല്‍കുന്നതാണ്. കേരളത്തില്‍ ഡിസംബറെങ്കിലുമാവാതെ തിയേറ്റര്‍ തുറക്കാനാവില്ല എന്നതാണ് സാഹചര്യം. എന്നാല്‍ തിയേറ്ററിന്റെ ചെലവുകള്‍ പലരീതിയിലായി സര്‍ക്കാരിലേക്ക് നല്‍കുന്നതാണ് പ്രതിസന്ധി കടുപ്പിക്കുന്നത്. നിലവില്‍ ഷൂട്ടിംഗ് നടത്താനുള്ള അനുമതി സംസ്ഥാനത്തുണ്ട്.

അതേസമയം മിന്നല്‍ മുരളിയും ഒടിടി റിലീസിനാണ് ഒരുങ്ങുന്നത്. പ്രമുഖ സ്ട്രീമിംഗ് സൈറ്റായ നെറ്റ്ഫ്‌ളിക്‌സ് ഇത്തരമൊരു സൂചനയും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമാണിത്. ടൊവിനോയുടെ ആദ്യത്തെ ഡയറക്ട് ഒടിടി റിലീസ് ചിത്രമാണ് മിന്നല്‍ മുരളി. മുമ്പുള്ള ചിത്രങ്ങളെ പോലെയല്ല, ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം കൂടിയാണ് മിന്നല്‍ മുരളി. ചിത്രം നെറ്റ്ഫ്‌ളിക്‌സിന് പോയെന്ന് മാസങ്ങള്‍ക്ക് മുമ്പ് അണിയറക്കാര്‍ വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതിയാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിടാന്‍ പോകുന്നതെന്നാണ് സൂചന. നേരത്തെ ടൊവിനോയുടെ കള തിയേറ്റര്‍ റിലീസിന് ശേഷം ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്തിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.

നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വന്ന ട്വീറ്റില്‍ നാളെ വേഗമേറിയ ദിനമായിരിക്കുമെന്നും, ഇന്നത്തെ ദിനം വേഗത്തില്‍ കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വീറ്റല്‍പറയുന്നതും. വേഗത്തെ സൂചിപ്പിക്കുന്ന രണ്ട് സ്‌മൈലികളും ഒപ്പമുണ്ട്. നേരത്തെ മിന്നല്‍ മുരളിയുടെ ടീസറിലെല്ലാം ഇത്തരത്തില്‍ വേഗത്തെയായിരുന്നു സൂചിപ്പിച്ചത്. ഇത് മിന്നല്‍ മുരളിക്കായുള്ള പ്രഖ്യാപനമാകുമെന്ന് ആരാധകരും കരുതുന്നു. മിന്നല്‍ മുരളിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. അണിയറക്കാര്‍ ചില സൂചനകള്‍ തന്നിരുന്നുവെന്ന് മാത്രം. സെപ്റ്റംബര്‍ 24ന് ചിത്രം ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നെറ്റ്ഫ്‌ളിക്‌സ് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരുന്ന കാര്യം ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. റിലീസ് തിയതിയോടെയുള്ള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഇത് പക്ഷേ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

മലയാളത്തില്‍ 600 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് മരവിച്ച് കിടക്കുന്നത്. മോഹന്‍ലാലിന്റെ മരയ്ക്കാര്‍:അറബികടലിന്റെ സിംഹം ഇതുവരെ റിലീസായിട്ടില്ല. ലോകത്തെമ്പാടും റിലീസ് ചെയ്യേണ്ട ചിത്രമാണിത്. ഏകദേശം രണ്ട് വര്‍ഷത്തോളം ചിത്രം റിലീസ് ചെയ്യാനാവാത്ത അവസ്ഥയിലാണ്. മലയാള സിനിമയുടെ മുഖം മാറ്റാന്‍ ശേഷിയുള്ള ചിത്രം കൂടിയാണ് മരയ്ക്കാര്‍. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പ്രദര്‍ശനം നടത്താമെന്ന് തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നാല് പ്രദര്‍ശനങ്ങള്‍ അനുവദിക്കണമെന്നാണ് ആവശ്യം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ അതിന് തയ്യാറല്ല. വാക്‌സിനേഷനൊക്കെ പൂര്‍ത്തിയായ ശേഷം റിലീസാവാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

മോഹന്‍ലാലിന്റെ തന്നെ ആറാട്ടും റിലീസിന് ഒരുങ്ങുന്നുണ്ട്. ഇതെന്ന് റിലീസാവും എന്ന കാര്യത്തില്‍ ഉറപ്പില്ല. വിനോദ നികുതി പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ഫിയോക്കിന്റെ ആവശ്യം. സാമ്പത്തിക പാക്കേജ് തിയേറ്റര്‍ തുറക്കുന്നതിനായി അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു കാര്യം ഇത്തവണ ഓണചിത്രങ്ങളൊന്നും ഇറങ്ങിയില്ല എന്നതാണ്. 2019ലാണ് ഓണച്ചിത്രങ്ങള്‍ തിയേറ്ററിലെത്തിയത്. അതിന് ശേഷം പ്രളയം, കൊവിഡ് തുടങ്ങിയവ ബോക്‌സോഫീസിനെ തകര്‍ത്തിരിക്കുകയാണ്. 2019ല്‍ മോഹന്‍ലാലിന്റെ ഇട്ടിമാണി, നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ, പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ, രജിഷയുടെ ഫൈനല്‍ എന്നിവയാണ് ഓണചിത്രമായി എത്തിയത്. എല്ലാ ചിത്രങ്ങളും അന്ന് ലാഭം നേടിയിരുന്നു.
Recommended Video

2020ല്‍ കൊവിഡ് കാരണം വിഷു മുതലുള്ള സീസണ്‍ മലയാള സിനിമയ്ക്ക് നഷ്ടമായി. ഈ വര്‍ഷം ജനുവരിയിലാണ് പിന്നെ തിയേറ്റര്‍ തുറന്നത്. സെക്കന്‍ഡ് ഷോ അടക്കം അനുവദിച്ചിരുന്നു. മികച്ച വിജയങ്ങളും തിയേറ്ററില്‍ നിന്നുണ്ടായി. മമ്മൂട്ടി ചിത്രം പ്രീസ്റ്റ് അടക്കമുള്ളവ സൂപ്പര്‍ ഹിറ്റുകളായി. രണ്ടാം തരംഗം വന്നതോടെ റിലീസുകള്‍ വീണ്ടും അവതാളത്തിലായി. ഓരോ മാസം ഓരോ തിയേറ്ററിനും ചെലവ് ഒന്നര ലക്ഷം രൂപയാണ്. 280ലേറെ തിയേറ്ററുകള്‍ കേരളത്തിലുണ്ട്. 2020 ജനുവരി മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ 405 ടൈറ്റിലുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ റിലീസിന് ഒരുങ്ങുന്നത് 163 ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം സെന്‍സര്‍ ചെയ്തത് 116 എണ്ണം. ഈ വര്‍ഷമുള്ളത് 47 എണ്ണം. റിലീസ് ചെയ്യാനായത് നാല്‍പ്പതില്‍ താഴെ മാത്രം ചിത്രം മാത്രം.












Click it and Unblock the Notifications