അഭിഷേക്-ഐശ്വര്യ വിവാഹം ക്ഷണിക്കാതെ പലഹാരങ്ങള്‍ അയച്ചുതന്നു; തിരിച്ചയച്ചതായി മുതിര്‍ന്ന ബോളിവുഡ് നടന്‍
മുംബൈ: ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ സെലിബ്രിറ്റി വിവാഹങ്ങളിലൊന്നായിരുന്നു അഭിഷേക് ബച്ചന്‍-ഐശ്വര്യ റായ് വിവാഹം. തീര്‍ത്തും സ്വകാര്യമായി, അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ഉള്‍പ്പെടുത്തി നടത്തിയ ചടങ്ങ് 2007-ലാണ് നടന്നതെങ്കിലും വിവാഹത്തിന്റെ പല വിശേഷങ്ങളും വര്‍ഷങ്ങള്‍ക്കിപ്പുറവും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.
അടുത്തിടെയായി അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മില്‍ വേര്‍പിരിയുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഇരുവരും ഇക്കാര്യത്തില്‍ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ദമ്പതികള്‍ ഒന്നിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ട് കുറേ നാളായെങ്കിലും കഴിഞ്ഞ നവംബറില്‍ മകള്‍ ആരാധ്യയുടെ 13-ാം ജന്മദിനം ആഘോഷിച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 17 വര്‍ഷം മുന്‍പ് നടന്ന വിവാഹം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.
ബോളിവുഡിലെ മുതിര്‍ന്ന താരമായ ശത്രുഘ്നന്‍ സിന്‍ഹ, അഭിഷേക് ബച്ചന്‍-ഐശ്വര്യ റായ് വിവാഹം സംബന്ധിച്ച് തനിക്കുണ്ടായ അതൃപ്തി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. വിവാഹത്തിന് ബച്ചന്‍ കുടുംബം അയച്ച കാര്‍ഡും മധുരപലഹാരങ്ങളും സ്വീകരിക്കാതെ ശത്രുഘ്നന്‍ സിന്‍ഹ അതു തിരികെ അയച്ചിരുന്നു.
ബോംബെ ടു ഗോവ, കാലാ പത്തര്‍, ദോസ്താന തുടങ്ങിയ ചിത്രങ്ങളില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച നടനാണ് ശത്രുഘ്നന്‍ സിന്‍ഹ. എന്നിട്ടും അദ്ദേഹത്തിന് അടക്കം ബോളിവുഡിലെ പല പ്രമുഖ താരങ്ങള്‍ക്കും അഭിഷേക്-ഐശ്വര്യ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നില്ല. അതിന് ഒരു കാരണവും ഉണ്ടായിരുന്നു. കോഫി വിത്ത് കരണ്‍ ചാറ്റ്‌ഷോയിലാണ് ഇതിന്റെ കാരണം അഭിഷേക് വ്യക്തമാക്കിയത്.
ആ സമയത്ത് തങ്ങളുടെ മുത്തശ്ശിയുടെ അസുഖം മൂലം വിവാഹച്ചടങ്ങ് സ്വകാര്യമായി നടത്താന്‍ കുടുംബം ആഗ്രഹിച്ചതായി അഭിഷേക് വെളിപ്പെടുത്തി. ഈ കാരണം എല്ലാവരും മറക്കുന്നു. വലിയ ആഘോഷമായി വിവാഹം നടത്തുന്നതില്‍ അച്ഛന് അന്ന് യോജിപ്പുണ്ടായിരുന്നില്ല. അങ്ങനെയാണ് ചടങ്ങുകള്‍ ലളിതമായി നടത്തിയത്.
എന്നാല്‍ മുതിര്‍ന്നവരുടെ അനുഗ്രഹം തങ്ങള്‍ക്ക് അനിവാര്യമാണെന്ന് മാതാപിതാക്കള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സഹപ്രവര്‍ത്തകര്‍ക്കെല്ലാം വിവാഹ കാര്‍ഡും മധുര പലഹാരങ്ങളും അയച്ചത്. എന്നാല്‍ ശത്രുഘ്നനന്‍ സിന്‍ഹ മാത്രം ആ സമ്മാനം തിരിച്ചയച്ചതായി അഭിഷേക് ബച്ചന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഞങ്ങള്‍ ആ സമ്മാനങ്ങള്‍ തിരികെ സ്വീകരിച്ചു. നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ലല്ലോ എന്നാണ് അഭിഷേക് പറഞ്ഞത്.
അതിനിടെ, അഭിഷേകിന്റെ ഈ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മിഡ്-ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശത്രുഘ്നന്‍ സിന്‍ഹ തന്റെ ഭാഗം വ്യക്തമാക്കിയിരുന്നു.
ക്ഷണിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് മധുരപലഹാരം അയക്കുന്നത്. മധുരം സ്വീകരിച്ച് അവരെ നാണം കെടുത്തുന്നില്ല. മധുര പലഹാരങ്ങള്‍ അയക്കുന്നതിന് മുമ്പ് അമിതാഭ് അല്ലെങ്കില്‍ ബച്ചന്‍ കുടുംബത്തിലെ മറ്റാരെങ്കിലുമോ എന്നെ വിളിക്കുമെന്ന് കരുതി. അതുണ്ടായില്ല. പിന്നെ എന്തിനാണ് മധുര പലഹാരം? ശത്രുഘ്നന്‍ സിന്‍ഹ ചോദിച്ചു.












Click it and Unblock the Notifications