'തമിഴക വെട്രി കഴകം'; പുതിയ രാഷ്ട്രീയ പാർട്ടി രജിസ്‌റ്റർ ചെയ്‌ത് ദളപതി വിജയ്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പോ?
വളരെക്കാലമായി നിലനിന്നിരുന്ന അഭ്യൂഹങ്ങളെ തള്ളി ഒടുവിൽ രാഷ്ട്രീയ പാർട്ടി രജിസ്‌റ്റർ ചെയ്‌ത് തമിഴ് സൂപ്പർതാരം വിജയ്. 'തമിഴക വെട്രി കഴകം' എന്ന പേരിലാണ് താരം പാർട്ടി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് താരം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
തന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഇത് മുൻകൂട്ടി കണ്ടുള്ള നീക്കമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇതാണ് ഇപ്പോൾ സത്യമായിരിക്കുന്നത്. സിനിമയും രാഷ്ട്രീയവും തമ്മിൽ അധികം അന്തരമില്ലാത്ത തമിഴ് മണ്ണിൽ വിജയ് വെന്നിക്കൊടി പാറിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

"എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം മറ്റൊരു തൊഴിൽ മാത്രമല്ല. അതൊരു ജനങ്ങൾക്ക് വേണ്ടിയുള്ള പവിത്രമായ ജോലിയാണ്. വളരെക്കാലമായി ഞാൻ അതിനായി സ്വയം തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം എനിക്ക് ഒരു ഹോബിയല്ല. അതെന്റെ ആഗ്രഹമാണ്. അതിൽ എന്നെത്തന്നെ പൂർണ്ണമായും ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു." താരം പറഞ്ഞു.
പുതിയ പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും അവർ പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.
വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് നിലവിലെ തീരുമാനം. ആര്‍ക്കും പിന്തുണയും പ്രഖ്യാപിക്കില്ല. 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും വിജയ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു, വരുന്ന ഏപ്രിലില്‍ സമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
വിജയിയുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യ വാരം തന്നെ ഉണ്ടായേക്കുമെന്നും പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് പുറത്തിറക്കുമെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഒരു മുൻനിര സൂപ്പർതാരമെന്നതിൽ ഉപരി തമിഴ്‌നാട്ടിൽ കാര്യമായ ജനപ്രീതിയുള്ള ഒരാളാണ് ദളപതി എന്ന് വിളിക്കപ്പെടുന്ന വിജയ്. കൂടാതെ അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്‌മയായ വിജയ് മക്കൾ ഇയക്കത്തിനും നല്ല സ്വാധീനമുണ്ട്.
കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് തമിഴ്‌നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. വിവിധ ഇടങ്ങളിൽ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സൗകര്യം നല്‍കുന്ന ട്യൂഷന്‍ സെന്ററുകള്‍ ഉൾപ്പെടെ വിജയ് മക്കള്‍ ഇയക്കം ആരംഭിച്ചിരുന്നു. കര്‍ഷകര്‍ക്ക് സൗജന്യമായി കന്നുകാലികളെ നല്‍കാനുള്ള പദ്ധതിയും ഇതിനോടൊപ്പം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.












Click it and Unblock the Notifications