'അല്‍ഫോന്‍സ് പുത്രന്റെ പേരുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു; ആ കഥാപാത്രം ഒഴിവാക്കാമായിരുന്നു എന്ന് പിന്നീട് തോന്നി'
'96' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഒരു നൊമ്പരമായി മാറിയ കഥാപാത്രമാണ് ജാനു. ജാനുവിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തെ അവതരിപ്പിച്ചത് ഗൗരി ജി കിഷനാണ്. സിനിമയില്‍ തൃഷയേക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചത് ഗൗരിയെയായിരുന്നു. ആദ്യ സിനിമ തന്നെ വമ്പന്‍ ഹിറ്റായി മാറിയതോടെ ഗൗരിയും തെന്നിന്ത്യയിലെ താരമായി ഉയര്‍ന്നു. തമിഴിലെ വിജയത്തിന് പിന്നാലെ ഗൗരിക്ക് മലയാളത്തിലും അവസരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് മലയാള ചിത്രങ്ങളായ മാര്‍ഗംകളിയിലും അനുഗ്രഹീതന്‍ ആന്റണിയിലും അഭിനയിച്ചു. വെബ് സീരീസുകളിലും അവസരങ്ങള്‍ ലഭിച്ചു.
അനുഗ്രഹീതന്‍ ആന്റണിയില്‍ നായികയായി അഭിനയിക്കാന്‍ സാധിച്ചെങ്കിലും മലയാളത്തിലെ തന്റെ ഒരു തിരഞ്ഞെടുപ്പ് തെറ്റിപ്പോയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗരി. റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗൗരിയുടെ വെളിപ്പെടുത്തല്‍. മാര്‍ഗംകളി എന്ന സിനിമയിലെ കഥാപാത്രം ഒഴിവാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ബിബിന്‍ ജോര്‍ജ് നായകനായ ചിത്രമാണ് മാര്‍ഗംകളി. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായിക നമിത പ്രമോദായിരുന്നു.

മാര്‍ഗംകളിയില്‍ തെറ്റിദ്ധാരണയുടെ പുറത്താണ് അഭിനയിപ്പിച്ചതെന്ന് ഗൗരി പറഞ്ഞു. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ വിഷമിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും തുറന്നു പറയുകയാണ്. ഒന്നുകില്‍ എന്റെ അറിവില്ലായ്മ കാരണമോ അല്ലെങ്കില്‍ അവര്‍ എന്നെ തെറ്റിദ്ധരിപ്പിച്ചു എന്ന് തോന്നിയിട്ടുണ്ട്. അനുഗ്രഹീതന്‍ ആന്റണിയുടെ റിലീസ് വൈകിയപ്പോഴാണ് മാര്‍ഗംകളിയിലെ ചെറിയ റോള്‍ ലഭിച്ചത്. ചിത്രത്തിന്റെ പിന്നില്‍ അല്‍ഫോന്‍സ് പുത്രന്‍ എന്ന വലിയ പേരുകളൊക്കെയാണ് പറഞ്ഞത്. പ്രേമം കഴിഞ്ഞുള്ള സിനിമയാണെന്ന് വിചാരിച്ചു.
സെറ്റില്‍ വന്നപ്പോഴാണ് മനസിലായത് അവിടെ ആര്‍ക്കോ അല്‍ഫോന്‍സ് പുത്രനുമായി അകന്ന ബന്ധമുണ്ടായിരുന്നു എന്നതല്ലാതെ മറ്റ് കണക്ഷന്‍ ഒന്നുമില്ല. ആ സിനിമയില്‍ ഒരു പാട്ടില്‍ മാത്രമാണ് ഞാന്‍ ഉള്ളത്. അല്ലാതെ ഓര്‍ത്തിരിക്കാന്‍ പറ്റിയ കഥാപാത്രമാണെന്ന് എനിക്ക് തോന്നിയില്ല. അത് ചെയ്തപ്പോള്‍ 19 വയസ് മാത്രമേയുള്ളൂ. മാര്‍ഗം കളിയാണ് ആദ്യം റിലീസായത്. എന്നാല്‍ ഇപ്പോഴും ഞാന്‍ പറയും അനുഗ്രഹീതന്‍ ആന്റണിയാണ് എന്റെ ഫസ്റ്റ് പടം എന്ന്. ഏത് ആദ്യം റിലീസായി എന്നതു കൊണ്ടു മാത്രം ആ സിനിയുടെ പേര് പറയാന്‍ എനിക്ക് തോന്നിയിട്ടില്ല - ഗൗരി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications