'മോഹൻലാലിനെ പോലെ മറ്റൊരാളെ കണ്ടിട്ടില്ല, വന്ദനം പോലെ ആറാട്ടും ആളുകൾ ഏറ്റെടുക്കും'; രചന നാരായണൻകുട്ടി
മോഹൻലാലിനെ പോലെ മറ്റൊരാളെ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലെന്ന് നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി. പരാജയ ചിത്രമായ ആറാട്ടിനെ കുറിച്ചും അവർ മനസ് തുറന്നു. എല്ലാവർക്കും പറ്റിയ ഒരു ചിത്രമല്ല അതെന്നും ഭാവിയിൽ വന്ദനം പോലെ ആളുകൾ ഏറ്റെടുക്കുമെന്നും രചന പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'പഞ്ചായത്ത് ജെട്ടി'യുടെ വിശേഷങ്ങളുമായി ഫിൽമിബീറ്റ് മലയാളത്തിനോട് സംസാരിക്കുകയായിരുന്നു രചന.
'സിനിമാ ജീവിതം ആരംഭിച്ചതിന് ശേഷം 13 വർഷങ്ങൾക്ക് ഇപ്പുറമാണ് ലാലേട്ടനോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ അതിന് മുൻപ് അമ്മയുടെ മീറ്റിംഗുകളിലും മറ്റ് പരിപാടികളിലും ഒക്കെ ലാലേട്ടനെ കാണാറുണ്ടായിരുന്നു. നമ്മുടെയൊക്കെ ചൈൽഡ് ഹുഡ് ഹീറോ ആയിരുന്നില്ലേ അദ്ദേഹം' രചന നാരായണൻകുട്ടി പറഞ്ഞു.

'അങ്ങനെ ഉള്ള ഒരാൾ നമ്മുടെ അടുത്ത് വന്ന് നിന്ന്, നമ്മുടെ വീട്ടിലുള്ള ഒരാളെ പോലെ സംസാരിക്കുമ്പോൾ നമുക്ക് ആ മനുഷ്യനോടുള്ള ബഹുമാനം കൂടുകയാണ്. എന്റെ അമ്മയെ അദ്ദേഹം ഇടയ്ക്കിടെ അന്വേഷിക്കാറുണ്ടായിരുന്നു. ഒരു കലാകാരി എന്ന നിലയിൽ ഒരുപാട് അധികം ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഇത്രയും മനുഷ്യ മനസുകളെ മനസിലാക്കിയ മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല, അതാണ് അദ്ദേഹത്തെ മോഹൻലാൽ ആക്കുന്നത്' അവർ പറയുന്നു.
ആറാട്ട് ഒരിക്കലും പരാജയം അർഹിച്ചിരുന്നില്ല എന്നാണ് രചന നാരായണൻകുട്ടി പറയുന്നത്. 'അത് എല്ലാർക്കും പറ്റിയ ഒരു സിനിമ ആയിരുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ ശരിക്കും ആ സിനിമ ആസ്വദിച്ചിരുന്നു. ഒരു സാധാരണ പ്രേക്ഷക എന്ന നിലയ്ക്ക് എനിക്ക് വളരെ ഇഷ്‌ടപ്പെട്ട കാണാൻ ഇഷ്‌ടമുള്ള ഒരു മോഹൻലാൽ ചിത്രമായിരുന്നു അത്' രചന മനസ് തുറന്നു.
'അതിൽ അഭിനയിച്ചത് കൊണ്ടല്ല, ഈ പടം ഇറങ്ങി അത് വേണ്ട രീതിയിൽ തിയറ്ററിൽ വിജയിച്ചിരുന്നില്ല എന്ന ഘട്ടമൊക്കെ കഴിഞ്ഞ് ഒടിടിയിൽ വന്ന സമയത്ത് എത്ര പേർ വിളിച്ചു. ഇപ്പോഴാണ് ഞങ്ങൾ കാണുന്നത്. അന്ന് തിയേറ്ററിൽ കണ്ടാൽ മതിയായിരുന്നു എന്ന് പറഞ്ഞ് ഒരുപാട് പേർ വിളിച്ചു. ഇതേ അഭിപ്രായം ഒരുപാട് പേർ പങ്കുവച്ചിരുന്നു, അത് ഒരു മോഹൻലാൽ മൂവി ആയിട്ട് കണ്ടാൽ മതിയായിരുന്നു' രചന പറയുന്നു.
'മാർക്കറ്റിങ് ചെയ്‌തപ്പോൾ അത് സ്‍പൂഫ് ആണെന്ന് തന്നെ പറയണമായിരുന്നു. മലയാളികൾക്ക് പൊതുവെ പരിചതമല്ലാത്ത ഒരു വിഭാഗമാണ് സ്‍പൂഫ്. അങ്ങനെ പറഞ്ഞു തന്നെ റിലീസ് ചെയ്‌തിരുന്നെങ്കിൽ ഒരുപക്ഷേ കുറച്ചുകൂടി തിയേറ്ററിൽ ഹൈപ്പ് കിട്ടുമായിരുന്നു. പിന്നെ സിനിമ ഒക്കെ ഒരു ഭാഗ്യമാണ്' രചന നാരായണൻകുട്ടി അഭിപ്രായപ്പെട്ടു.
'വന്ദനം തന്നെ എടുത്തു നോക്കൂ, തിയേറ്ററിൽ ഓടിയില്ലാലോ. മലയാളിക്ക് പൊതുവെ ട്രാജഡിയോട് താൽപര്യം ഇല്ലെന്നതിന്റെ തെളിവല്ലേ ആ ചിത്രം. കുറച്ചുകാലം കഴിയുമ്പോൾ ആറാട്ടും അങ്ങനെയാവും. ലിജോ ചേട്ടന്റെ സിനിമകളും അങ്ങനെയാണ്. ഡബിൾ ബാരൽ എടുത്തുനോക്കൂ, തിയേറ്ററിൽ അത് ഹിറ്റായില്ല. എന്നാൽ ഇപ്പോഴോ.. ലിജോ ചേട്ടന്റെ സിനിമകൾ ഒരു സിലബസ് പോലെയാണ്' രചന കൂട്ടിച്ചേർത്തു.












Click it and Unblock the Notifications