'അടഞ്ഞ ശബ്ദത്തിന് കാരണം കാൻസറോ'; മറുപടിയുമായി നടി സീമ ജി നായർ..'സർജറിയിലൂടെ മാറ്റം, പക്ഷേ'
കൊച്ചി: നടിയെന്ന നിലയിൽ മാത്രമല്ല ചാരിറ്റി പ്രവർത്തനത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് നടി സീമ ജി നായർ. സീരിയൽ താരമായ ശരണ്യയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു സീമ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണെന്ന കാര്യം പുറംലോകമറിയുന്നത്.
അതേസമയം താൻ വളരെ ചെറുപ്പും മുതൽ തന്നെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിട്ടുണ്ടായിരുന്നുവെന്ന് പറയുകയാണ് സീമ ജി നായർ. ചെയ്യുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി അറിയിക്കാൻ താത്പര്യമില്ലാത്ത ആളാണ് താനെന്നും സീമ പറഞ്ഞു. സീമയുടെ ശബ്ദവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾക്കും താരം മറുപടി നൽകി. ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സീമയുടെ പ്രതികരണം. വായിക്കാം

എന്റെ പ്രവർത്തന മേഖല കഴിഞ്ഞ 15 വർഷമായിട്ട് ചാരിറ്റി ആയിരുന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ വന്നിട്ട് ഒരിക്കൽ പോലും ഇതിന്റെ പേരിൽ ഡയലോഗ് അടിച്ച് പോകാൻ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ശരണ്യയുടെ ഒപ്പം ഞാൻ 9 വർഷം ഉണ്ടായിരുന്നു. അത്രയും നാൾ ഒപ്പം നിന്നിട്ടും സോഷ്യൽ മീഡിയയിലൂടെ ഞാൻ അതൊന്നും പറഞ്ഞിരുന്നില്ല. ശരണ്യയുടെ കാര്യങ്ങളിലൂടെയാണ് പിന്നീട് സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്യപ്പെട്ടത്. അവാസന നിമിഷം വല്ലാത്തൊരു സ്റ്റേജിൽ എത്തിപ്പെട്ടപ്പോഴാണ് അവൾക്ക് വേണ്ടി ഞാൻ സോഷ്യൽ മീഡിയയിലൂടെ കൈനീട്ടിയത്. അപ്പോഴാണ് പലരും അറിഞ്ഞത് ഇങ്ങനെയൊരാൾ ഉണ്ട്. അവർ ഇങ്ങനെ പലതും ചെയ്തിട്ടുണ്ടെന്ന്.
അമ്മയായിരുന്നു ഈ മേഘലയിലേക്ക് വരാൻ തനിക്ക് പ്രേരണയായത്. അമ്മ നാടക നടിയായിരുന്നു. തുച്ഛമായ വരുമാനമേ കിട്ടിയിരുന്നുള്ളൂ. എന്നിട്ടും കടം വാങ്ങി അമ്മ നാട്ടുകാരെ സഹായിക്കുമായിരുന്നു. എത്രത്തോളം ആളുകളെ സഹായിക്കാൻ പറ്റുമോ അത്രത്തോളം സഹായിക്കണം എന്ന ലക്ഷ്യം മാത്രമേ അമ്മയ്ക്കുണ്ടായിരുന്നുള്ളൂ.
എന്റെ ചേച്ചി വിവാഹം കഴിക്കുന്ന സമയത്ത് പോലും ഒരു കാൽപവൻ സ്വർണം കൊടുത്തല്ല ഞങ്ങൾ കെട്ടിച്ചുവിട്ടേക്കുന്നത്.കാരണം ഉണ്ടായിരുന്നില്ല. കിട്ടുന്നതെല്ലാം മറ്റുള്ളവരെ കെട്ടിച്ച് വിടാനും അവർക്ക് വീട് വെയ്ക്കാനുമൊക്കെയായിരുന്നു ഉപോയഗിച്ചിരുന്നത്. അമ്മേടെ അതേയൊരു സ്വഭാവമാണ് എനിക്ക് കിട്ടിയിരിക്കുന്നത്. ആൾക്കാർ വിചാരിക്കും സിനിമയിൽ അഭിനയിക്കുമ്പോൾ ലക്ഷങ്ങളും കോടികളുമൊക്കെ കിട്ടുമെന്ന്. എല്ലാവർക്കും ഓടിനടന്ന് സഹായം എത്തിക്കാൻ പറ്റുന്നില്ലെന്നത് വലിയൊരു വിഷമമാണ്. എങ്കിൽ പോലും എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കാറുണ്ട്.
എന്റെ ശബ്ദത്തെ കുറിച്ചുള്ള ചർച്ചകൾ പുറത്ത് നടക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ദൈവം തമ്പുരാന്റെ അനുഗ്രഹം കൊണ്ട് ഇതുവരെ കാൻസർ ഒന്നും വന്നിട്ടില്ല. വരുമോയെന്നൊന്നും അറിയില്ല. ഞാൻ നാടകത്തിൽ അഭിനയിക്കുമ്പോൾ പൂർണമായും അടഞ്ഞ ശബ്ദമായിരുന്നില്ല. പക്ഷേ തുടർച്ചയായി സംസാരിക്കുമ്പോഴും വായിട്ടലക്കുമ്പോഴുമെല്ലാം ശബ്ദത്തേയും ബാധിക്കുമല്ലോ. ഒരു തൊണ്ടയല്ലേ ഉള്ളൂ.
വോക്കൽ കോഡിനവിടെ ഒരു ചെറിയ പ്രശ്നം വന്നിരുന്നു. പ്രശസ്തനായ ഒരു ഡോക്ടറെ സമീപിച്ചിരുന്നു. മൈനർ സർജറിയിലൂടെ വേണമെങ്കിൽ അത് മാറ്റാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അപ്പോൾ ചിലപ്പോൾ എനിക്ക് കുയിലിന്റെ ശബ്ദം വന്നേനെ. അപ്പോൾ ആളുകൾ കരുതും ഇവൾക്ക് കാര്യമായി മറ്റെന്തോ അസുഖം വന്നെന്ന്. തൊണ്ടക്കുഴിയൊക്കെ മാറ്റിവെച്ചോയെന്നൊക്കെ ചോദിക്കും. നമ്മുടെ ആളുകളാണല്ലോ. ഇപ്പോൾ പക്ഷേ എനിക്ക് സംസാരിക്കാൻ പ്രശ്നമൊന്നുമില്ല. ഞാൻ സംസാരിക്കുമ്പോൾ ആളുകൾക്ക് ആദിയാണ്. പക്ഷേ അതൊന്നും ആവശ്യമില്ല. എന്റെ ശബ്ദം ഇങ്ങനെയൊക്കെ തന്നെയാണ്', അഭിമുഖത്തിൽ സീമ പറഞ്ഞു.












Click it and Unblock the Notifications