സംവിധായകന്‍ റൂമിലേക്ക് വിളിപ്പിച്ചു, പ്രതികരിച്ചപ്പോള്‍ സിനിമകള്‍ ഇല്ലാതായെന്ന് നടി ഉഷ ഹസീന
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് നടി ഉഷ ഹസീന. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇതില്‍ പല കാര്യങ്ങളും നമ്മള്‍ നേരത്തെ അറിഞ്ഞതാണ്. ദുരനുഭവം ഉണ്ടായ കുട്ടികള്‍ തന്നെയാണല്ലോ മൊഴി കൊടുത്തിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഉറപ്പായിട്ടും ഇതൊക്കെ നടന്നു എന്നുള്ളതാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
സിനിമാ മേഖല മൊത്തത്തില്‍ അത്തരം ആളുകളാണെന്ന് പറയാനാവില്ലെന്നും ഉഷ പറഞ്ഞു. അതേസമയം പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാകണമെന്നും നടി ആവശ്യപ്പെട്ടു. തനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സംവിധായകന്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഉഷ പറഞ്ഞു.

പ്രതികരിച്ചതിന്റെ പേരില്‍ തനിക്കും ഒരുപാട് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. ലൈംഗിക ചൂഷണം എന്നതില്‍ ഉപരി അഭിപ്രായം രേഖപ്പെടുത്തിയ സന്ദര്‍ഭങ്ങളില്‍ ശത്രുക്കളും അപ്രഖ്യാപിത വിലക്കുകളും ഉണ്ടായിട്ടുണ്ടെന്നും ഉഷ പറഞ്ഞു. ചില ആളുകള്‍ അവരുടെ ദുരനുഭവങ്ങള്‍ നമ്മളോടും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ആളുകള്‍ സിനിമാ മേഖലയിലുണ്ട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള ആളുകള്‍ക്കെതിരെ തീര്‍ച്ചയായും സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതുണ്ട്. അതുണ്ടായില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കും. അവരെ മാറ്റി നിര്‍ത്തണമെന്നാണ് അഭിപ്രായം. പരാതി നിയമപരമായി തന്നെ ഈ നടിമാര്‍ നല്‍കണമെന്നും ഉഷ ആവശ്യപ്പെട്ടു.
വ്യക്തിപരമായി എനിക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. സിനിമയില്‍ വന്ന കാലത്തുള്ളതാണിത്. ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അദ്ദേഹം വലിയ കുഴപ്പക്കാരനാണെന്ന് പലരും പറഞ്ഞിരുന്നു. പിന്നെ എനിക്ക് കൂടെ ബാപ്പയുണ്ടെന്നുള്ള ധൈര്യമുണ്ടായിരുന്നു. ഈ സംവിധായകന്റെ ഓരോ രീതികളുണ്ട്. ആദ്യ ദിവസങ്ങളില്‍ നമുക്ക് വലിയ സ്വാതന്ത്ര്യം തരും.
പക്ഷേ പിന്നീട് പുള്ളി നമ്മളോട് മുറിയിലേക്ക് ചെല്ലാന്‍ ഫോണിലൂടെ ആവശ്യപ്പെടും. എന്നോടും ഇത് പറഞ്ഞപ്പോള്‍ ഞാന്‍ ബാപ്പയേയും കൂട്ടിയാണ് ചെന്നത്. അതിന് ശേഷം സെറ്റില്‍ ചെല്ലുമ്പോള്‍ നമ്മളോട് മോശമായി പെരുമാറും. നന്നായി അഭിനയിച്ചാലും മോശമാണെന്ന് പറഞ്ഞ് അവഹേളിക്കും. ഒരിക്കല്‍ സഹികെട്ട് ചെരിപ്പൂരി അടിക്കാന്‍ ചെന്നതാണ്. അന്നത് ചില മാസികകളില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്നും ഉഷ ഹസീന പറഞ്ഞു.
പല കാര്യങ്ങളും നമ്മള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്. പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് ഇന്ന് എനിക്ക് തോന്നുന്നു. ആരോടാണ് പരാതി പറയേണ്ടതെന്ന് അന്ന് അറിയില്ലായിരുന്നു. കുറേ അനുഭവിച്ചിട്ടുണ്ട്. നമുക്കപ്പോള്‍ അറിയില്ല. അവര്‍ മുന്‍കൂട്ടി തീരുമാനിച്ചതാണ്. കുറേപര്‍ ചേര്‍ന്നാണ് ഇത് ചെയ്യുന്നതെന്ന്, ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്.
അതൊക്കെ കാരണമാകാം കുറേക്കാലം സിനിമയൊന്നും ഇല്ലാതെ ഇരുന്നത്. അന്ന് ഇന്നത്തെ പോലെ നിയമങ്ങളില്ല. പറയാന്‍ ആള്‍ക്കാരുമില്ല. എനിക്ക് നല്ല തിരക്കുള്ള സമയത്താണ് പടങ്ങള്‍ കുറയുന്നത്. വിട്ടുനിന്നതല്ല. പ്രതികരിച്ചിന്റെ പേരില്‍ തന്നെയാണ് അത്തരമൊരു അവസ്ഥയുണ്ടായതെന്നും ഉഷ ഹസീന പറഞ്ഞു.












Click it and Unblock the Notifications