'അപര്‍ണ ഒരു ദിവസം മുഴുവന്‍ കാത്തിരുന്നു, ചാക്കോച്ചന്‍ വന്നില്ല'; കുഞ്ചാക്കോ ബോബനെതിരെ വീണ്ടും വെളിപ്പെടുത്തല്‍
കൊച്ചി: കഴിഞ്ഞ ദിവസമാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായ പദ്മിനി എന്ന സിനിമ റിലീസ് ആയത്. ഇതിന് പിന്നാലെ കുഞ്ചാക്കോ ബോബന് എതിരെ ഗുരുതര ആരോപണവുമായി സിനിമയുടെ നിര്‍മാതാവായ സുവിന്‍ വര്‍ക്കി രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്ക് കുഞ്ചാക്കോ ബോബന്‍ തയ്യാറായില്ലെന്നായിരുന്നു സുവിന്റെ ആരോപണം.
ഇപ്പോഴിതാ ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സുവിന്‍ വര്‍ക്കി. ദി ക്യൂ സ്റ്റുഡിയോവിനാടാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയുടെ ഒരു ഓഫ്‌ലൈന്‍ പ്രൊമോഷനിലും ചാക്കോച്ചന്‍ വന്നിട്ടില്ല എന്ന് സുവിന്‍ ആവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'ചാക്കോച്ചന്‍ ഈ പടത്തിന്റെ പ്രൊമോഷനൊന്നും പങ്കെടുത്തില്ല എന്നത് തന്നെയാണ് ഇങ്ങനെയൊരു പോസ്റ്റിടാന്‍ കാരണം. അത് സിനിമയെ ബാധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഏതൊരു പടമാണെങ്കിലും അതിലെ മെയിന്‍ ഹീറോ, അയാളുടെ ഒരു സ്റ്റാര്‍ഡം ഒക്കെ ആണ് ആള്‍ക്കാരെ ആകര്‍ഷിച്ച് ആദ്യത്തെ ദിവസങ്ങളില്‍ തിയേറ്ററിലേക്ക് കൊണ്ടുവരുന്നത്. അതിന്റെ ഓഫ്‌ലൈന്‍ പ്രൊമോഷന്‍സിന് ചാക്കോച്ചന്‍ എത്രത്തോളം സഹകരിച്ചിട്ടുണ്ട് എന്നുള്ളത് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്.
ഒരു ടീസര്‍ ലോഞ്ചോ ഓഡിയോ ലോഞ്ചോ പോലുള്ള ഒരു പരിപാടികള്‍ക്കും ഓഫ്‌ലൈന്‍ മാര്‍ക്കറ്റിംഗിന് ചാക്കോച്ചന്‍ സഹകരിച്ചിട്ടില്ല. പടത്തിന്റെ ഇനീഷ്യലിനെ അത് കൃത്യമായി ബാധിച്ചിട്ടുണ്ട്. ഷോപ്പിംഗ് മാളില്‍ ട്രെയിലര്‍ ലോഞ്ചോ ഓഡിയോ ലോഞ്ചോ നടക്കുമ്പോഴാണ് ആള്‍ക്കാര്‍ ചാക്കോച്ചന്റെയോ മറ്റേതെങ്കിലും ഒരു ആര്‍ട്ടിസ്റ്റിന്റേയോ ഒരുപടം നടക്കുന്നു എന്ന് അറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നവര്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കണ്ടിട്ട് വരുമായിരിക്കും.
അല്ലാത്തവര്‍ കൂടുതലും വരുന്നത് ഓഫ്‌ലൈന്‍ മാര്‍ക്കറ്റിംഗില്‍ ആണ്. അത് നടക്കണമെന്നുണ്ടെങ്കില്‍ ടിവി ഇന്റര്‍വ്യൂസ് പോകണം. അല്ലെങ്കില്‍ ഏഴ് മണിക്കൊക്കെ പദ്മിനി ടീമിന്റെ ഒരു ഗസ്റ്റ് അപ്പിയറന്‍സ് പോലുള്ള പരിപാടികള്‍ വരണം. അങ്ങനെയാണ് ഓഫ്‌ലൈനില്‍ മാര്‍ക്കറ്റാകുന്നത്. ഫാമിലി ഓഡിയന്‍സിലേക്ക് എത്തുന്ന ഒരുപടം അങ്ങനെയുള്ള മാര്‍ക്കറ്റിംഗിലൂടെയാണ് പ്രൊമോട്ട് ചെയ്യേണ്ടത്.
ഈ പടത്തിന് അകത്തൊരു നാഷണല്‍ അവാര്‍ഡ് വിന്നിംഗ് ഡയറക്ടര്‍ ഉണ്ട്. നാഷണല്‍ അവാര്‍ഡ് വിന്നിംഗ് ആക്ട്രസ് ഉണ്ട്. സെന്ന ഹെഗ്‌ഡെയും അപര്‍ണ ബാലമുരളിയും. ഇവര്‍ രണ്ട് പേരും ഈ പടത്തിന്റെ പ്രൊമോഷന് വേണ്ടി 100 ശതമാനം കമ്മിറ്റഡ് ആണ്. അപര്‍ണ ബാലമുരളി ഒരു ദിവസം രാവിലെ തൊട്ട് വൈകുന്നേരം അഞ്ചര ആറ് മണി വരെ ചാക്കോച്ചനെ വെയ്റ്റ് ചെയ്ത് ക്രൗണ്‍ പ്ലാസയില്‍ ഇന്റര്‍വ്യൂ കൊടുക്കാന്‍ വേണ്ടിയിരുന്നിട്ടുണ്ട്.
ചാക്കോച്ചന്‍ വന്നില്ല. ഈ പറഞ്ഞ ആര്‍ട്ടിസ്റ്റിനും സംവിധായകനുമൊന്നും വേറെ പണിയില്ലാതെയിരിക്കുന്നവരല്ല. അവര്‍ക്കും അവരുടെ സമയത്തിന് വിലയുണ്ട്. അവര്‍ക്കും അവരുടേതായ വാല്യുവും സെല്‍ഫ് റെസ്‌പെക്ടും ഉണ്ട്. ഇത് കിട്ടാത്തിടത്താണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ പുറത്ത് പറയാന്‍ ആള്‍ക്കാര്‍ പ്രേരിപ്പിക്കപ്പെടുന്നത്'.












Click it and Unblock the Notifications