Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓരോ ഓണക്കാലവും മധുരിതം, പ്രിയപ്പെട്ടത്; പക്ഷെ നോവായി അനിയത്തിയുടെ ഓർമ്മ: ശാലിനി മനസ്സ് തുറക്കുന്നു

മലയാളം ടെലിവിഷന്‍ അവതരണ മേഖലയില്‍ വർഷങ്ങളായി നിലയുറപ്പിച്ച വ്യക്തിയാണ് ശാലിനി നായർ. അവതാരകയെന്ന നിലയില്‍ തന്റെതായ ഇടം ഉറപ്പിച്ച താരത്തെ പ്രേക്ഷകർ കൂടുതല്‍ അടുത്ത് അറിയുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ്. സീസണില്‍ മൂന്നാം ആഴ്ചയോടെ പുറത്തായെങ്കിലും അതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റാനും താരത്തിന് സാധിച്ചു.

ഇപ്പോഴിതാ.. ഈ ഓണക്കാലത്ത് തന്റെ വിശേഷങ്ങളും പ്രതീക്ഷകളും ഓണം ഓർമ്മകളും വണ്‍ഇന്ത്യ മലയാളത്തോട് പങ്കുവെക്കുകയാണ് താരം. മധുരിതമായ ഓർമ്മയ്ക്കൊപ്പം തന്നെ എന്നും കണ്ണുനീരണിയിക്കുന്ന ഒരു ഓണം ഓർമ്മയും ശാലിനിക്കും കുടുംബത്തിനുമുണ്ട്. താരത്തിന്റെ ജന്മദിനം കൂടിയാണ് എന്നതാണ് ഇന്നത്തെ പ്രത്യേകത. ആ സന്തോഷ നിമിഷത്തിലിരുന്നുകൊണ്ട് താരം വണ്‍ഇന്ത്യ മലയാളത്തോട് സംസാരിക്കുകയാണ്.

shalini

ഈ ഓണം ഏറെ സ്പെഷ്യല്‍

എന്നെ സംബന്ധിച്ച് ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു ഓണമാണിത്. അതിന് ഏതാനും കാരണങ്ങളുമുണ്ട്. കൊറോണ കാലഘട്ടത്തിലും അതിന് ശേഷവും എന്റെ പ്രൊഫഷണായ അവതരണ മേഖലയില്‍ അവസരങ്ങള്‍ തേടി ഒരുപാട് ബുദ്ധിമുട്ടി നടന്നിരുന്നു. ആ സമയത്താണ് വലിയൊരു ബ്രേക്ക് ഏഷ്യാനെറ്റ് ചാനല്‍ ബിഗ് ബോസിലൂടെ നല്‍കുന്നത്. എന്നും എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഇടം എന്ന് പറയുന്നത് സ്റ്റേജാണ്. മുഖപരിചയം പോലും ഇല്ലാത്ത നിരവധി ആളുകളുമായി ഒരോ ദിവസവും സംസാരിക്കുക, അവരെ എന്റർടെയിന്‍ ചെയ്യുക എന്നിവയൊക്കെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. വീഡിയോ ജോക്കിയായായും എംസിയായും നിന്ന കാലത്തെ വേദികള്‍ എനിക്ക് എന്നും ഒരു ഹരം തന്നെയാണ്.

മൈക്ക് എന്ന് പറയുന്നത് എനിക്ക് പ്രിയപ്പെട്ട ഉപകരണം ആയിമാറിയത് പോലെ അത് ഒരു വരുമാന മാർഗ്ഗമായിരുന്നു. ജീവിതത്തില്‍ പിടിച്ച് നില്‍ക്കാന്‍ ഈ പ്രൊഫഷന്‍ എന്നെ വളരെയധികം സഹായിച്ചു. മോശമല്ലാത്ത രീതിയില്‍ സംസാരിക്കാനുള്ള കഴിവ് തന്ന ദൈവത്തിന് നന്ദി. എന്നാല്‍ ഒരു സമയത്ത് അവസരങ്ങള്‍ ഇല്ലാതെ വളരെയേറെ പ്രയാസപ്പെട്ടു. കൊറോണ കാലത്ത് എനിക്ക് എന്നല്ല, ഈ മേഖലയിലെ ആർക്കും തന്നെ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

ബിഗ് ബോസിന് ശേഷവും എനിക്ക് അവസരം ലഭിക്കാത്ത സാഹചര്യമുണ്ടായി. ബിഗ് ബോസിലൊക്കെ പോയി താരമായതോടെ പ്രതിഫലം വലിയ രീതിയില്‍ ഉയർന്ന് കാണുമോ എന്ന് ചിന്തയിലായിരുന്നു പലരും വിളിക്കാതിരുന്നത്. എന്നാല്‍ അതിനെയൊക്കെ മാറ്റി നിർത്തി ഈ ഓണക്കാലത്ത് ഞാന്‍ അവതരണ മേഖലയിലേക്ക് എന്റെ റീ എന്‍ട്രി നടത്തുകയാണ്. കൊച്ചിന്‍ കാലാഭവനും ജാസി ഗിഫ്റ്റുമാണ് വീണ്ടും വേദിയിലേക്ക് കൈപിടിച്ച് ഉയർത്തുന്നത്. അതാണ് ഇത്തവണത്തെ പ്രധാന ഓണ വിശേഷം. രണ്ടാമതായി ഈ ഓണം അമ്മമ്മയോടൊപ്പം കുടുംബസമേതം ആഘോഷിക്കും.

കുട്ടിക്കാലത്തെ ഓണം

പലർക്കുമെന്നപോലെ കുട്ടിക്കാലത്തെ ഓണം എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓണമാണ്. രാവിലെ അഞ്ചര മണിയാവുമ്പോള്‍ തന്നെ ഞങ്ങള്‍ കുട്ടികളെല്ലാവരും ടോർച്ചും എടുത്ത് ഇറങ്ങും. വല്യമ്മയുടെ മകനാണ് കൂട്ടത്തിലെ വലിയ കുട്ടി. പരിസര പ്രദേശങ്ങളിലൊക്കെ പോയി കാശിത്തുമ്പ, ചെണ്ടുമല്ലി, കാക്കപ്പൂ എന്നിവയൊക്കെ ഇറുത്ത് കൊണ്ട് വന്ന് പൂക്കളമിടും. പിന്നെ ഓണക്കോടിയായി പട്ടുപാവട ലഭിക്കും. പഴം നുറുക്കും പപ്പടവും കായവറത്തുമായിരിക്കും രാവിലത്തെ ഭക്ഷണം. അമ്മമയുടെ വീട്ടിലേക്ക് കൂട്ടികളെല്ലാവരും എത്തും. പല തരത്തിലുള്ള കളികള്‍. കളിച്ച് ക്ഷീണിച്ച് വരുമ്പോഴേക്കും വിഭവസമൃദ്ധമായ സദ്യ ഒരുങ്ങിയിട്ടുണ്ടാവും.

 shalini

ശാലിനി അമ്മമ്മയോടൊപ്പം (ഇടത്), കുട്ടിക്കാലത്തെ ശാലിനി (വലത്)

നോവായി കുഞ്ഞ് അനിയത്തി

ഓണം എന്നും നല്ല ഓർമ്മകളാണ് തന്നിട്ടുള്ളത്. എന്നാല്‍ എനിക്കും എന്റെ കുടുംബത്തിനും ഒരിക്കലും മറക്കാന്‍ പറ്റാത്ത വേദന തന്നിട്ടുള്ള സമയം കൂടിയാണ് ഓണക്കാലം. എനിക്ക് ഒരു അനിയത്തിക്കുട്ടി കൂടിയുണ്ടായിരുന്നു. ഒരു അത്തത്തിന് തലേനാളാണ് മണ്ണെണ്ണ വിളക്ക് മറിഞ്ഞ് അവള്‍ക്ക് തീ പൊള്ളലേല്‍ക്കുന്നത്. ആ അപകടത്തിലൂടെ അവള്‍ പോയി. മധുരിക്കുന്ന പല ഓർമ്മകളും ഓണം തന്നിട്ടുണ്ടെങ്കിലും അവളുടെ വേർപാട് എന്നും ഒരു നീറ്റലാണ്. 27 വർഷം കഴിഞ്ഞെങ്കിലും ആ വേദന ഇപ്പോഴുമുണ്ട്. രണ്ടാമത്തെ പിറന്നാളിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് അവളുടെ മരണം.

ബിഗ് ബോസിന് ശേഷമുള്ള മാറ്റങ്ങള്‍

എന്റെ നാട്ടുകാർ എന്നെ അംഗീകരിച്ചു എന്നുള്ളതാണ് ബിഗ് ബോസിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട മാറ്റം. മലയാളികള്‍ക്കിടയില്‍ ഈ മുഖമൊന്ന് രജിസ്റ്ററാക്കാന്‍ കഴിഞ്ഞ പത്ത് വർഷത്തോളാമായി ഞാന്‍ ശ്രമിച്ചിരുന്നു. അതിനുള്ള ഒരു അവസരമാണ് ഏഷ്യാനെറ്റും ബിഗ് ബോസും എനിക്ക് തന്നത്. ഏഷ്യാനെറ്റിലായിരുന്നു തുടക്കം, അതിന് ശേഷം പല ചാനലുകളിലും അവസരം ലഭിച്ചു.

കേരളത്തിന് അകത്തും പുറത്തും എന്നല്ല, മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം ഞാന്‍ തിരിച്ചറിയപ്പെടുന്നു എന്ന് അറിയുമ്പോഴുള്ള സന്തോഷം ചെറുതല്ല. പല കുടുംബങ്ങളില്‍ നിന്നും സ്നേഹങ്ങള്‍ കിട്ടുന്നു എന്നതില്‍ അപ്പുറും ആഹ്ളാദിക്കാന്‍ വേറെയെന്താണ് എനിക്ക് വേണ്ടത്. ജീവിതത്തെ അടുത്തൊരു ഘട്ടത്തിലേക്ക് ഉയർത്തുകയാണ് ബിഗ് ബോസും ഏഷ്യാനെറ്റും ചെയ്തത്.

ബിഗ് ബോസ് മലയാളം സീസണ്‍ 5

ബിഗ് ബോസ് മലയാളം സീസണ്‍ 5 വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വ്യക്തിയായിരുന്നു ഞാന്‍. ബിഗ് ബോസ് സീസണ്‍ 4 ന് ശേഷം ബിഗ് ബോസ് താരം എന്ന് പേരിനോട് ചേർത്ത് മറ്റുള്ളവർ വിശേഷിപ്പിക്കുന്നത് തന്നെ പുതിയ അനുഭവമായിരുന്നു. അങ്ങനെയാണ് അടുത്ത സീസണിലെ താരങ്ങളെ കാണാന്‍ കാത്തിരിക്കുന്നത്. മറ്റ് സീസണിനെ അപേക്ഷിച്ച് പല വ്യത്യാസങ്ങളും സീസണ്‍ 5 ല്‍ കണ്ടു. മുന്‍സീസണിലെ താരങ്ങളെ ചലഞ്ചേഴ്സായി കൊണ്ടുവന്ന നീക്കം ഏറെ മികച്ചതായിരുന്നു.

താരതമ്യം ചെയ്യാനുള്ള അർഹതയില്ല

സീസണ്‍ 4 ഉം സീസണ്‍ 5 ഉം തമ്മില്‍ താരതമ്യം ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് ഞാന്‍. വേറെ ഒന്നും കൊണ്ടല്ല, സീസണ്‍ 4 ല്‍ അത്രയും വലിയ ഒരു അവസരം കിട്ടിയിട്ടും ഗെയിം എന്താണെന്ന് അറിയാതെ 21 ദിവസത്തിന് ശേഷം മടങ്ങേണ്ടി വന്ന ഒരു വ്യക്തിയാണ് ഞാന്‍. ഒരു വീട്ടിലേക്ക് അതിഥിയായി പോകുന്നത് പോലെയാണ് പോയത്. നമ്മുടെ ഇമോഷന്‍സും അഭിപ്രായങ്ങളുമൊക്കെ അതുപോലെ പ്രകടിപ്പിച്ചു. എന്നാല്‍ ഗെയിമിനെ അതിന്റെ സ്പിരിറ്റില്‍ കാണണം. കൂടെയുള്ളവർ നമ്മളെ തോല്‍പ്പിക്കാന്‍ നില്‍ക്കുന്ന എതിരാളികള്‍ ആണെന്ന് മനസ്സിലാക്കാതെയായിരുന്നു ഞാന്‍ അവിടെ തുടർന്ന്.

 shalini-

ബിഗ് ബോസിലെ കൂട്ടുകാർ

ബിഗ് ബോസില്‍ നിന്നും പെട്ടെന്ന് തന്നെ പുറത്തായെങ്കിലും മികച്ച സൌഹൃദങ്ങള്‍ അവിടെ നിന്നും ലഭിച്ചു. ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഏത് സാഹചര്യത്തില്‍ കൊണ്ടിട്ടാലും അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ബിഗ് ബോസ് തന്നു. ഇനി ഒരു അവസരം കൂടി ബിഗ് ബോസില്‍ ലഭിച്ചാല്‍ മികച്ച രീതിയില്‍ മത്സരിക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പാണ്. ഷോ എന്തെന്ന് അറിയാതെ പങ്കെടുത്ത ഒരു വ്യക്തി എന്ന നിലയില്‍ കഴിഞ്ഞ സീസണുകളെ താരതമ്യം ചെയ്യാനുള്ള അർഹത എനിക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

പലരേയും എന്നും കാണുകയോ വിളിക്കുകയോ ചെയ്യില്ലെങ്കിലും ശക്തമായ ആത്മബന്ധമുള്ള ഒട്ടനവധിയാളുകളെ സീസണ്‍ 4 തന്നു. അതില്‍ തന്നെ ഏറ്റവും അടുത്ത ബന്ധമുള്ളവാണ് അശ്വിന്‍, നവീന്‍, നമിഷ, അഖില്‍, സുചിത്ര, റിയാസ്, ധന്യ, സൂരജ്, അപർണ്ണ, ജാസ്മിന്‍, വിനയ്, മണികണ്ഠന്‍ ചേട്ടന്‍ തുടങ്ങിയവർ. ഇവരൊക്കെയായി പരസ്പരം വിശേഷങ്ങള്‍ പങ്കുവെക്കുകയും സുഖ വിവരങ്ങള്‍ അന്വേഷിക്കാറുമുണ്ട്

സിനിമയെന്ന മോഹം

സിനിമ എന്നും എന്റെ വലിയൊരു മോഹമാണ്. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് തന്നെ സിനിമക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നതില്‍ നിന്നും പിന്മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ചില നല്ല പ്രൊജക്ടുകളില്‍ ഭാഗമാവാനുള്ള അവസരം വന്നിട്ടുണ്ട്. ക്ഷമയോടെ കാത്തിരിക്കുകയാണ്. ഓരോ ദിവസവും ശ്രമം നടത്തുന്നു. ഒരോ ദിവസവും എന്നിലേക്ക് വരുന്ന ആ വെളിച്ചത്തിനായി പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് തുടരുകയാണ്.

ഭാവി പരിപാടികള്‍

എന്റെ ജന്മദിനമാണ് ഇന്ന്. ഭാവി പരിപാടികളെക്കുറിച്ച് സംസാരിക്കാനുള്ള ഏറ്റവും നല്ല ദിവസമായി ഈ ദിവസത്തെ കാണുന്നു. അവസരങ്ങള്‍ എന്ന് പറയുന്നത് ഭാഗ്യവും ശ്രമവും സമയവുമൊക്കെ ഒരുപോലെ വരുമ്പോള്‍ സംഭവിക്കുന്നത്. ഇതുവരേയുള്ള യാത്രയില്‍ എനിക്ക് കരുത്തായത് അവതരണമെന്ന കലയാണ്. ആ മേഖലയിലേക്ക് വീണ്ടും തിരിച്ചുവരുന്നു. ശുഭപ്രതീക്ഷയാണ്. എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. ഈ ഓണക്കാലത്ത് എന്നെ പോലെ തന്നെ പല വിധത്തിലുള്ള പ്രതീക്ഷകള്‍ എല്ലാവർക്കും ഉണ്ടാവും. ആ പ്രതീക്ഷകളെല്ലാം നിറവേറട്ടേയെന്ന് ഞാനും പ്രാർത്ഥിക്കുന്നു. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാംശംസകള്‍..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+