റോബിന്‍ പുറത്താകാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി റെനീഷ; ' സ്‌ക്രിപ്റ്റഡാണെന്ന് ഒരിക്കലും പറയരുത്'
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ എല്ലാവരും പ്രതീക്ഷിച്ചത് പോലെ അഖില്‍ മാരാര്‍ കിരീടം നേടിയിരിക്കുകയാണ്. റെനീഷ രണ്ടാം സ്ഥാനത്തായും ജുനൈസ് മൂന്നാം സ്ഥാനത്തായും ആണ് ഫിനിഷ് ചെയ്തത്. പതിവിന് വിപരീതമായി ഈ സീസണില്‍ സംഭവബഹുലമായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ക്ക് ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിച്ചിരുന്നു. അതില്‍ പ്രധാനം മുന്‍ സീസണുകളിലെ മത്സരാര്‍ത്ഥികളില്‍ ചിലരെ ചലഞ്ചേഴ്‌സായി എത്തിച്ചതായിരുന്നു.
ഇതില്‍ ആദ്യമായി ചലഞ്ചേഴ്‌സായി വന്നത് ഡോ. രജിത് കുമാറും ഡോ. റോബിന്‍ രാധാകൃഷ്ണനും ആയിരുന്നു. പിന്നീട് ഡെയ്ഞ്ചറസ് ഫിറോസ് ഖാനും റിയാസ് സലീമും എത്തി. എന്നാല്‍ ആദ്യ ചലഞ്ചര്‍മാരിലൊരാളായ റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസ് ഹൗസിലെ ചട്ടം ലംഘിച്ചതിന് പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ ബിഗ് ബോസ് ഷോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായാണ് റോബിന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്.

ബിഗ് ബോസ് ഷോ സ്‌ക്രിപ്റ്റഡ് ആണ് എന്നും എഡിറ്റഡ് ആണെന്നുമായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ മുന്‍ മത്സരാര്‍ത്ഥികളില്‍ പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ 5 റണ്ണറപ്പ് റെനീഷയും റോബിന്റെ പരാമര്‍ശത്തിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബോസ് ഫൈനലിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റെനീഷ.
റെനീഷയുടെ വാക്കുകള്‍:
'ഡോ. റോബിന്‍ അവിടെ വന്നിട്ട് പറഞ്ഞത് പുള്ളി അവിടെ റിയലായിട്ട് നില്‍ക്കുന്നു എന്നാണ്. പക്ഷെ അവിടെ ഒരു ഇഷ്യൂ ഉണ്ടാകുകയും പുള്ളി അതിനെ ഭയങ്കരമായിട്ട് റിയാക്ട് ചെയ്യുകയുമൊക്കെയുണ്ടായി. അങ്ങനെയാണ് പുള്ളി പുറത്തേക്ക് പോകുന്നത്. പക്ഷെ പുറത്ത് വന്നിട്ട് അദ്ദേഹം എന്താണ് പറഞ്ഞത് എന്ന് എനിക്ക് അറിയില്ല. ബിഗ് ബോസ് സ്‌ക്രിപ്റ്റഡാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ നാക്ക് പിഴയായിരിക്കും.
ഇതൊരിക്കലും സ്‌ക്രിപ്റ്റഡല്ല. നമുക്ക് എത്രത്തോളം മൈന്‍ഡ് പവര്‍ ഉണ്ടെന്ന് മനസിലാക്കാന്‍ പറ്റിയ ബെസ്റ്റ് ഷോയാണ് ബിഗ് ബോസ്. ഭയങ്കര നല്ല എക്സ്പീരിയന്‍സ് ആണ് ലൈഫ് ടൈം മൊത്തം ആലോചിച്ച് സന്തോഷിച്ച് അഭിമാനിക്കപ്പെടാന്‍ പറ്റുന്ന ഒരു പ്രോഗ്രാം തന്നെയാണ്. ഓരോ ഗെയിംസ് തരും.
അവനവന്റെ യുക്തിക്ക് അനുസരിച്ചാണ് ആ ഗെയിമില്‍ നമ്മള്‍ പെര്‍ഫോം ചെയ്യുന്നത്. അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതൊക്കെ ആ വ്യക്തിയെ സംബന്ധിച്ചിരിക്കും. ബിഗ് ബോസ് എന്ന ഷോ ഒരിക്കലും സ്‌ക്രിപ്റ്റഡ് അല്ല', എന്നാണ് റെനീഷ പറഞ്ഞത്.












Click it and Unblock the Notifications