'ജാസ്മിനെ കണ്ട് 10 മിനിറ്റ് സംസാരിക്കണമെന്ന് അപേക്ഷിച്ചു,ഷർട്ട് കൊടുത്തു';തെളിവുകൾ പുറത്ത് വിട്ട് അഫ്സൽ
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഗബ്രിയുമായുള്ള ബന്ധത്തെ ചൊല്ലി ജാസ്മിന്റെ വിവാഹം മുടങ്ങിയിരുന്നു. ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന അഫ്സൽ അമീർ എന്ന യുവാവ് വിവാഹത്തിൽ നിന്നും പിൻമാറിയതായി അറിയിക്കുകയായിരുന്നു. ജാസ്മിൻ തന്നെ വഞ്ചിച്ചുവെന്നും ഇനിയും വെറും കോമാളിയായി തുടരാൻ സാധിക്കില്ലെന്നും വ്യക്തമാക്കി അഫ്സൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിശദമായ കുറിപ്പും പങ്കിട്ടിരുന്നു.
എന്നാൽ അഫ്സൽ ജാസ്മിനുമായി ചേർന്ന് കളിക്കുന്ന ഡ്രാമ മാത്രമായിരുന്നു ഈ വേർപിരിയൽ പോസ്റ്റ് എന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിമർശനം ഉയർന്നു. ജാസ്മിന്റെ കുടുംബം ബിഗ് ബോസിലേക്ക് പോയതിന് പിന്നാലെയായിരുന്നു ഇത്. അഫ്സൽ മുൻപ് കൈമാറിയ ടെഡി ബിയറുമായിട്ടായിരുന്നു കുടുംബം ഹൗസിലേക്ക് കയറിയത്. മാത്രമല്ല തങ്ങളെ യാത്രയാക്കാൻ അഫ്സൽ വന്നിരുന്നുവെന്ന് ജാസ്മിന്റെ പിതാവ് പറയുകയും ചെയ്തിരുന്നു. ഇതോടെയാണ് 50 ലക്ഷം തട്ടാൻ അഫ്സലും ജാസ്മിനും ചേർന്ന് നാടകം കളിക്കുകയാണെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നത്.

എന്നാൽ താൻ ഒരിക്കലും നാടകം കളിച്ചിട്ടില്ലെന്നും ആരേയും താൻ എയർപോർട്ടിൽ കൊണ്ടുവിട്ടിട്ടില്ലെന്നും വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഫ്സൽ. മാത്രമല്ല പലപ്പോഴായി ജാസ്മിനുമായി നേരിട്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് താൻ ബിഗ് ബോസ് ടീമിനെ ബന്ധപ്പെട്ടിരുന്നുവെന്നും അഫ്സൽ വ്യക്തമാക്കി. ഇതിന്റെ സ്ക്രീൻഷോട്ടുകളും അഫ്സൽ തന്റെ ഇൻസ്റ്റ സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.
താൻ ഈ മാസ്റ്റർ പ്ലാനിന്റെ ഭാഗമല്ലെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇനി പങ്കുവെയ്ക്കുന്നതെന്നാണ് അഫ്സൽ വ്യക്തമാക്കിയിരിക്കുന്നത്. 'ആ മത്സരാർത്ഥിയുടെ പണത്തിനും പ്രശസ്തിക്കും പിന്നിലാണ് ഞാൻ എന്നാണ് പലരും പറയുന്നത്. പല തവണ ഞാൻ ബിബി ടീമിനെ ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഒന്നും നടന്നില്ല. നമ്മുടെ ജീവിതം എങ്ങനെ ആയാലും അവർക്കിതൊരു ഗെയിം മാത്രമാണ്. ആ രീതിയിൽ മാത്രം ഇതിനെ കാണൂവെന്നാണ് അവർ വ്യക്തമാക്കിയത്. ഞാൻ എനിക്ക് ജാസ്മിൻ സമ്മാനമായി തന്ന ഷർട്ട് അയച്ചിരുന്നു. എന്നാൽ പുരുഷൻമാർ ധരിക്കുന്ന തരത്തിലുള്ള ഷർട്ടായതിനാൽ നൽകാനാകില്ലെന്ന് അവർ അറിയിച്ചു', അഫ്സൽ പറഞ്ഞു.
തന്റെ അവസ്ഥ വിവരിച്ച് കൊണ്ട് ബിബി ടീമിന് അയച്ച മെസേജും അഫ്സൽ പങ്കുവെച്ചിട്ടുണ്ട്. 'ഒരു ദിവസം പോലും എനിക്ക് മനസമാധാനം ഇല്ല. ഓരോ ദിവസം കഴിയുന്തോറും എന്റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്. എനിക്ക് ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയാണ്. പലരും പല മോശം മെസേജുകളും അയക്കുന്നുണ്ട്. എനിക്ക് ഇപ്പോൾ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനൊരു അവസാനം ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. കഴിയുമെങ്കിലൽ അവളെ നേരിൽ കണ്ട് ഒരു 10 മിനിറ്റ് സംസാരിക്കാൻ അവസരം തരുമോ?. അത് ടെലികാസ്റ്റ് ചെയ്താലും എനിക്ക് സീൻ ഇല്ല. ഇതിനെക്കാൾ അപമാനം എനിക്ക് കിട്ടാനില്ല. ഇല്ലേൽ അവൾ പുറത്ത് ഇറങ്ങുന്നത് ഇതൊന്നും എന്റെ കൈയ്യിൽ നിൽക്കില്ല. ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്.
ഞാനുമായി സീരിയസ് റിലേഷനിലായിട്ട് ഉള്ളിൽ അവൾ മറ്റൊരാളുമായി കാണിക്കുന്ന കാര്യങ്ങൾ ഒരു പങ്കാളിക്കും അംഗീകരിക്കാൻ സാധിക്കില്ല. എന്റെ അവസ്ഥ അത്രക്ക് മോശമാണ്. പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മനുഷ്യനല്ലേ, ഗെയിം ആയാലും ജീവിതം അല്ലേ തകരുന്നത്. അവളുടെ മാതാപിതാക്കൾ കടന്ന് പോകുന്നതിനെക്കാൾ പരിതാപകരമാണ് എന്റെ അവസ്ഥ. എന്റെ ഭാവി അവൾക്കൊപ്പമാണ്, അത് നശിക്കുമ്പോൾ ഉള്ള വേദന താങ്ങാൻ പറ്റുന്നില്ല', എന്നാണ് അഫ്സൽ പങ്കുവെച്ച ചാറ്റിൽ പറയുന്നത്. എന്നാൽ ഇതൊരു ഗെയിം മാത്രമായി കാണാൻ ആണ് ടീമിൽ നിന്നും തനിക്ക് ലഭിച്ച മറുപടിയെന്നും അഫ്സൽ വ്യക്തമാക്കി.












Click it and Unblock the Notifications