മാമാങ്കം ശരിക്കും 130 കോടി നേടിയോ? ആ സത്യം വെളിപ്പെടുത്തി വേണു കുന്നപ്പിള്ളി, 'ചില മണ്ടത്തരങ്ങൾ പറ്റും'
മലയാളത്തിലെ ചിലവേറിയ ചിത്രങ്ങളിൽ ഒന്നായാണ് മമ്മൂട്ടി നായകനായ മാമാങ്കം അണിയിച്ചൊരുക്കിയത്. വൻ ബജറ്റിൽ ഒരുക്കിയ ചിത്രം ഒരു പീരിയോഡിക് ചിത്രമായതിനാൽ തന്നെ സെറ്റിനും മറ്റും വലിയ തുക തന്നെ ചിലവഴിക്കേണ്ടി വന്നിരുന്നു. മമ്മൂട്ടിക്ക് ഒപ്പം വലിയ താര നിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രം സംവിധാനം ചെയ്‌തത് പ്രമുഖ സംവിധായകനായ എം പദ്‌മകുമാർ ആയിരുന്നു.
തിരക്കഥാകൃത്ത് കൂടിയായ സജീവ് പിള്ളയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ ആവാൻ ആദ്യം തിരഞ്ഞെടുത്തത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് പാതിവഴിയിൽ വച്ച് പദ്‌മകുമാർ ചിത്രം ഏറ്റെടുക്കുകയായിരുന്നു. ഇത്തരത്തിൽ റിലീസിന് മുൻപ് തന്നെ ഒട്ടേറെ വിവാദങ്ങളിൽ ചിത്രം ചെന്ന് പെട്ടിരുന്നു. ഹരിഹരൻ ഒരുക്കിയ പഴശ്ശിരാജയെ കടത്തിവെട്ടുന്ന ചിത്രമായിരിക്കും ഇതെന്നാണ് ആരാധകർ പറഞ്ഞത്.

എങ്കിലും ബോക്‌സ് ഓഫീസിൽ ചിത്രം തകർന്നടിയുന്ന കാഴ്‌ചയാണ് കണ്ടത്. അറുപത് കോടി രൂപയോളം ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് വിചാരിച്ച ഇമ്പാക്റ്റ് തിയേറ്ററുകളിൽ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ചിത്രം ആഗോള കളക്ഷനിൽ 100 കോടി പിന്നിട്ടുവെന്ന പോസ്‌റ്ററുകൾ ഇറങ്ങുകയും അണിയറ പ്രവർത്തകർ കേക്ക് മുറിക്കുകയും ഒക്കെ ചെയ്‌തത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ യഥാർത്ഥ കളക്ഷനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയാണ് നിർമ്മാതാവായ വേണു കുന്നപ്പിള്ളി. ചിത്രം ബോക്‌സ് ഓഫീസിൽ നിന്ന് 130 കോടി രൂപ നേടിയോ എന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. താൻ പറ്റിക്കപ്പെടുകയായിരുന്നു എന്നാണ് വേണു കുന്നപ്പിള്ളി പറയുന്നത്.
സത്യം പറഞ്ഞാൽ ജീവിതത്തിൽ പല കാലഘട്ടങ്ങളിലും പല മണ്ടത്തരങ്ങളും പറ്റുമെന്നൊക്കെ നമ്മൾ പറയാറില്ലേ. എന്നോട് അന്ന് പല ആളുകളും പല കാര്യങ്ങളും പറഞ്ഞിരുന്നു. ഇങ്ങനെ ഒക്കെ ഇട്ട് കഴിഞ്ഞാൽ മാത്രമേ ജനങ്ങൾ കേറുള്ളൂ എന്നൊക്കെ പറഞ്ഞു. നീന്താൻ അറിയാത്തവൻ വെള്ളത്തിൽ മുങ്ങുമ്പോൾ ഏതെങ്കിലും ഒരു കൈയിൽ കേറി പിടിക്കില്ലേ. അതാണ് സംഭവിച്ചത്.
സിനിമ അങ്ങനെ തിയേറ്ററിൽ വന്നു, ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഭയങ്കര തിരക്കായിരുന്നു. പിന്നെ കുത്തനെ ഇടിയുകയാണ് ചെയ്‌തത്. അപ്പോഴാണ് നമുക്ക് അവിടെ ഒരു കേക്ക് കട്ട് ചെയ്‌താൽ എന്താണെന്ന് പറയുന്നത്. പിന്നെ ഈ പറയുന്ന 115 കോടിയുടെ പോസ്‌റ്റർ ഒക്കെ അടിക്കാൻ പറയുന്നതും അപ്പോഴാണ്. ആ സമയത്ത് നമുക്ക് ഒന്നും പരിചയം ഇല്ലായിരുന്നു.
പിന്നെ നമ്മുടെ ആൾക്കാർ വന്ന് പറഞ്ഞു ടിഡിഎം ഹാളിൽ ഒരു പരിപാടി വച്ചാലോ എന്ന്. കേക്ക് കട്ട് ചെയ്യാമെന്നും പറഞ്ഞു. ഈ പരിപാടിക്ക് നിൽക്കില്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ എങ്ങോട്ടും പോയിരുന്നില്ല. അന്നൊക്കെ അത് മാത്രമായിരുന്നു. പിന്നെയാണ് പണി പഠിച്ചത്. എന്താണ് സിനിമയെന്നും സംവിധായകൻ എന്നും ഒക്കെ പഠിച്ചു.
സ്ക്രിപ്റ്റ് എന്താണെന്നും സംവിധായകന്റെ സ്വഭാവം എന്താണെന്നും ഒക്കെ പഠിക്കണമെന്ന് എനിക്ക് മനസിലായി. അതിന് ശേഷം ഇതുവരെ എന്റെ സിനിമയെ പറ്റി ഒരു വിവാദം പോലും ഉണ്ടായിട്ടില്ല. ആ സമയത്തൊക്കെ അബദ്ധത്തിന്റെ യാത്രയായിരുന്നു; വേണു കുന്നപ്പിള്ളി മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവച്ചു.












Click it and Unblock the Notifications