ഒരു കോടി ഞാൻ തരാമെന്ന് പറഞ്ഞു, 10 ലക്ഷം രൂപയുടെ ചെക്ക് അപ്പോൾ തന്നെ എഴുതി നൽകി'; ദിലീപ് പറയുന്നു
മലയാളത്തിലെ പ്രധാന താരങ്ങളെ അണിനിരത്തി സംവിധായകൻ ജോഷി ഒരുക്കിയ ചിത്രമായിരുന്നു ട്വന്റി ട്വന്റി. താരസംഘടനയായ അമ്മയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുളള ധനസമാഹരണ ഉദ്ദേശത്തോടെയാണ് സിനിമ പിടിച്ചത്. ദിലീപായിരുന്നു സിനിമ നിർമ്മിച്ചത്. മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നായി ചിത്രം മാറി. പ്രതീക്ഷിച്ചതിനേക്കാൾ കളക്ഷൻ ചിത്രത്തിന് നേടാനും സാധിച്ചു.
ഇപ്പോഴിതാ സിനിമയുടെ നിർമ്മാണത്തിലേക്ക് എങ്ങനെയാണ് താൻ വന്നതെന്ന് പറയുകയണ് ദിലീപ്. സംഘടന അത്തരമൊരു പ്രൊജക്ട് ഉപേക്ഷിക്കാനൊരുങ്ങിയതായിരുന്നുവെന്നും എന്നാൽ താൻ അങ്ങോട്ട് അവസരം തേടുകയായിരുന്നുവെന്നും ദിലീപ് പറയുന്നു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നടന്റെ വാക്കുകളിലേക്ക്

'ട്വന്റി ട്വന്റി സിനിമ ചെയ്യാൻ തീരുമാനിച്ചത് ഞാന‍് അങ്ങോട്ട് ചോദിച്ച് വാങ്ങിയ അവസരമാണ്. മൂന്നാല് വർഷത്തോളം അത്തരമൊരു സിനിമ ചെയ്യാൻ അമ്മ സംഘടന വിചാരിച്ചിട്ടും നടന്നില്ല. ഒരു എക്സിക്യൂട്ടീവ് യോഗത്തിൽ ആ ഫയൽ ക്ലോസ് ചെയ്യാൻ പോകുകയാണ്. അപ്പോഴാണ് ഞാൻ ഒന്ന് ശ്രമിച്ചോട്ടെയെന്ന് ഇന്നസെന്റ് ചേട്ടനോട് ചോദിക്കുന്നത്. അദ്ദേഹം തിരിച്ച് ചോദിച്ചത് എന്താണ് നിന്റെ പദ്ധതി എന്നാണ്. ഞാനും തിരിച്ച് ചോദിച്ചു, അപ്പോൾ പറഞ്ഞത് 50 ലക്ഷത്തിന് ആര് പ്രൊഡ്യസ് ചെയ്താലും കൊടുക്കാമെന്നാണ് എന്ന്. ഞാൻ പറഞ്ഞു ഞാൻ ഒരു കോടി തരാം, എന്റെ ശ്രമമാണ് ഞാൻ ചെയ്യട്ടേയെന്ന് ചോദിച്ചു. അങ്ങനെ എല്ലാവരോടും സംസാരിക്കാൻ പറഞ്ഞു. പിറ്റേന്ന് ലാലേട്ടനോട് സംസാരിച്ചു. ഇത് ലാലേട്ടനും മമ്മൂക്കയ്ക്കും ചെയ്യാമെന്ന് പറഞ്ഞു. അപ്പോൾ ലാലേട്ടൻ പറഞ്ഞു, മോനെ നീ ചെയ്താൽ മതിയെന്ന്. അപ്പോൾ തന്നെ പത്ത് ലക്ഷം രൂപയുടെ ചെക്ക് എഴുതി നൽകി. തൊട്ട് പിന്നാലെ രഞ്ജിത്തേട്ടനെ വിളിച്ചു. ജോഷി സാറിനെ സംവിധാനം ചെയ്യാൻ സമീപിച്ചു. അങ്ങനെ അത് സംഭവിച്ചു', ദിലീപ് പറഞ്ഞു.
തുടരും എന്ന മോഹൻലാൽ ചിത്രത്തെ കുറിച്ചും ദിലീപ് പ്രതികരിച്ചു. ' തുടരും എന്ന സിനിമ മാത്രമല്ല എല്ലാ സിനിമയും ഓടണമെന്നാണ് പ്രാർത്ഥന. നല്ല സിനിമകൾ ഉണ്ടാകുമ്പോൾ ജനങ്ങൾ നമ്മുടെ കൂടെ നിൽക്കും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് തുടരും. തരുൺ ചെയ്ത എല്ലാ സിനിമകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മലയാളം ഇൻഡസ്ട്രിയിൽ ഏത് സിനിമ വിജയിച്ചാലും നമ്മൾ അതിന്റെ ഭാഗമാണ്. എന്നാൽ ഒരുപാട് കുത്തുമ്പോഴാണ് പറയുന്നത്, നമ്മൾ ചർച്ച ചെയ്യേണ്ട വിഷയമാണ്. ബിസിനസ് വൈസ് ഒരു സിനിമ ഹിറ്റടിച്ചാൽ അത് നമ്മുടെ ഇൻഡസ്ട്രിയുടെ കൂടി വിജയമാണ്. തുടരും എന്ന സിനിമ കാണാൻ കുടുംബ പ്രേക്ഷകരാണ് കൂടുതലായി എത്തുന്നത്. സിനിമയിൽ വില്ലൻ വേഷം ചെയ്യുമോയെന്ന് എന്നോട് അടുത്തിടെ മുരളി ഗോപി ചോദിച്ചിരുന്നു. പക്ഷെ കുറച്ച് പടങ്ങൾ കമ്മിറ്റ് ചെയ്തത് കൊണ്ട് അത് നടന്നില്ല', ദിലീപ് പറഞ്ഞു.
'പഞ്ചാബി ഹൗസ് കഴിഞ്ഞതിന് ശേഷം ഞാൻ അഭിനയിച്ച സിനമകളൊന്നും ശരിയായില്ല. മേഘമൊക്കെ കഴിഞ്ഞപ്പോൾ ഞാൻ സിനിമ നിർത്തി, അഞ്ചാറ് മാസം സിനിമ ചെയ്തേ അല്ല, കാരണം നല്ല സിനിമകളൊന്നും ഉണ്ടാകുന്നില്ല, ഉള്ളത് ഇറങ്ങുന്നില്ല, വരുന്നത് പരാജയപ്പെടുന്നു എന്ത് ചെയ്യും എന്ന അവസ്ഥയിലായിരുന്നു. ആ സമയത്ത് കുറെ കഥ കേട്ടു. ദോസ്ത്, ജോക്കർ, ഡാർലിങ് ഡാർലിങ് ഇതൊക്കെ ചെയ്തു. തെങ്കാശിപ്പട്ടണം കഥ കേൾക്കാൻ പോയ ആളാണ് ഞാൻ. ഷാഫി കഥ പറഞ്ഞപ്പോൾ ശത്രുഘ്നൻ എന്ന കഥാപാത്രത്തിന്റെ ഇംപോർട്ടൻസ് തിരിച്ചറിഞ്ഞു ഞാൻ. അങ്ങോട്ട് ചോദിച്ചാണ് അഭിനയിച്ചത്. വളരെ എൻജോയ് ചെയ്ത സിനിമയാണത്', താരം വ്യക്തമാക്കി.












Click it and Unblock the Notifications