'ഹേമ കമ്മിറ്റിയോട് പോയി പണി നോക്കാൻ അന്ന് ശ്വേതാ മേനോൻ പറഞ്ഞു, ജഗദീഷ് ആഗ്രഹിച്ചത് ആ കാര്യം'; ആലപ്പി അഷ്‌റഫ്
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. നിലവിൽ പല സ്ഥാനങ്ങളിലേക്കും ചില താരങ്ങൾ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇന്നലെ വരെയായിരുന്നു നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. നിലവിൽ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേതാ മേനോനും നടൻ ദേവനും തമ്മിലാവും മത്സരമെന്ന് ഉറപ്പായി കഴിഞ്ഞു.
പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന് എല്ലാവരും പ്രതീക്ഷിക്കുകയും കൂടുതൽ പേർ ആഗ്രഹിക്കുകയും ചെയ്‌ത വ്യക്തിയായ ജഗദീഷ് പിന്മാറി കഴിഞ്ഞു. ഇതോടെയാണ് ഇരു താരങ്ങളും നേരിട്ട് ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്. മറ്റ് സ്ഥാനങ്ങളിലേക്കും മത്സരം നടക്കാൻ സാധ്യതയുണ്ട്. ഇതിനിടെ അനധികൃത മെമ്പർഷിപ്പ് അടക്കമുള്ള ആരോപണങ്ങൾ അഡ്‌ഹോക് കമ്മിറ്റിക്കെതിരെ ഉയരുന്നുണ്ട്.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. ജഗദീഷ് കടിച്ചു തൂങ്ങില്ലെന്ന് തനിക്ക് ഉറപ്പായിരുന്നു എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. ശ്വേതാ മേനോൻ സംഘടനയെ ഇല്ലാതാക്കാനുള്ള ശ്രമമാണോ നടത്തുന്നത് എന്ന് ചോദിച്ച അദ്ദേഹം ഇടവേള ബാബു അടുത്ത് കസേര ഇട്ട് ഇരുന്നാലേ ഭരിക്കാൻ കഴിയൂ എന്നാണോ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
അമ്മ സംഘടനയിലെ അംഗങ്ങൾ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ ഒരു തുടർക്കഥ പോലെ തുടരുകയാണ്. പരസ്‌പരം ചെളിവാരി എറിയാലും മറ്റും നിർബാധം തുടരുകയാണ്. ഞാൻ നേരത്തെപറഞ്ഞിരുന്നു, ആരോഗ്യകരമായ മത്സരമല്ലെങ്കിൽ ജഗദീഷ് കടിച്ചുതൂങ്ങി കിടക്കില്ലെന്ന്. ഇപ്പോൾ അത് അക്ഷരംപ്രതി ശരിയായിരിക്കുകയാണ്. ഒരുപക്ഷേ ജഗദീഷ് ആഗ്രഹിച്ചത് ഇന്നസെന്റിനെ തിരഞ്ഞെടുത്തത് പോലെ ഒരേ മനസോടെ എല്ലാവരും ചേർന്ന് തിരഞ്ഞെടുക്കും എന്നായിരിക്കും.
ഉന്നത വിദ്യാഭ്യാസമുള്ള ഒരു കോളേജ് പ്രഫസറും, എല്ലാ വിഷയങ്ങളിലും പരിജ്ഞാനവും ആധികാരികമായി സംസാരിക്കാനുള്ള കഴിവും പൊതുസമ്മതനായ സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാവില്ല. പല സോഷ്യൽ മീഡിയ ചാനലുകളും നടത്തിയ വോട്ടെടുപ്പിൽ കൂടുതൽ പേരും ജഗദീഷിനെയാണ് തിരഞ്ഞെടുത്തത്.
ഈ പൾസ് നേരത്തെ മനസിലാക്കിയത് കൊണ്ടാവാം നടി മാലാ പാർവതി പറഞ്ഞത് ജഗദീഷ് ഒരു പൊതുസമ്മതനും ഹീറോയും ആണെന്ന്. എന്നാൽ മാലാ പാർവതിക്ക് ജഗദീഷിനോടുള്ള വെറുപ്പ് ഹേമ കമ്മിറ്റിൽ റിപ്പോർട്ടിന്മേൽ നടപടി ഉണ്ടാവണമെന്ന് ശാഠ്യം പിടിച്ചത് കൊണ്ട് മാത്രമാണ്. അതുപോലെ നടി ഉഷ നടത്തിയ വെളിപ്പെടുത്തലുകൾ കേട്ടില്ലേ.
ഹേമ കമ്മിറ്റിയോട് പോയി പണി നോക്കാനും അതൊരു ചുക്കുമല്ല, ഒന്നും സംഭവിക്കില്ല എന്ന് ശ്വേതാ മേനോൻ പറഞ്ഞുപോലും. നടിമാരുടെ കരളലിയിപ്പിക്കുന്ന കണ്ണീർ വേദനയുടെ നീറുന്ന കഥകളാണ് ആ റിപ്പോർട്ട് എന്നോർക്കണം. അതിനെയാണ് ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞത്. ശ്വേതാ മേനോന് നല്ലവണ്ണം അറിയാം 'അമ്മ സംഘടനയെ ഇതൊന്നും ബാധിക്കില്ലെന്ന്. വേട്ടക്കാർക്ക് ഒപ്പം നിന്ന നടിമാർക്ക് ഒക്കെയും റിപ്പോർട്ട് പുറത്തുവരരുത് എന്നായിരുന്നു ആഗ്രഹം.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 6 പേജുകൾ കീറി മാറ്റിയെന്നാണ് പറയുന്നത്. ആ പേജുകൾ പുറത്തുവന്നാൽ വമ്പന്മാരുടെ മുഖംമൂടികൾ അഴിഞ്ഞുവീഴുമെന്നാണ് എന്നുറപ്പുള്ളത് കൊണ്ടാണ്. സ്ത്രീകളെ തന്നെ മുന്നിൽ നിർത്തി ആ റിപ്പോർട്ടിനെ അപ്രസക്തമാക്കി. ഇത് എന്നന്നേക്കുമായി മൂടിവയ്ക്കൽ നടക്കില്ല. ശ്വേതാ മേനോൻ പറഞ്ഞ മറ്റൊരു കാര്യം കൂടി നടി ഉഷ വെളിപ്പെടുത്തുന്നുണ്ട്.
മമ്മൂട്ടിയും മോഹൻലാലും ഉണ്ടെങ്കിലേ സംഘടനയുള്ളൂ. പിന്നെ ഇടവേള ബാബു ചേട്ടനും. അല്ലങ്കിൽ ഓഗസ്‌റ്റ് പതിനാറ് വരെയേ ഈ സംഘടന ഉണ്ടാവുകയുള്ളൂ. അമ്മയെന്ന താരസംഘടനയെ നയിക്കുന്നതിന് വേണ്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആളാണ് പറയുന്നത് എന്നോർക്കണം. എനിക്കൊരു ഡമ്മിയായി ഇരിക്കാനേ സാധിക്കൂ, ഇടവേള ബാബു ഒരു കസേരയിട്ട് ഇരുന്നാലേ കാര്യം നടക്കൂ എന്നാണ്. ഈ സംഘടന പൊളിച്ചടുക്കാനാണോ ശ്വേതാ മേനോൻ മത്സരിക്കുന്നത്?, അങ്ങനെ വേണം കരുതാൻ.












Click it and Unblock the Notifications