ജോളിയും കൂടത്തായി കൊലക്കേസിലെ രഹസ്യങ്ങളും; ഡോക്യുമെന്ററിയുമായി നെറ്റ്ഫ്ലിക്‌സ്, ട്രെയ്‌ലർ പുറത്ത്
മലയാളികളെ അക്ഷരാർത്ഥത്തിൽ നടുക്കിയ ഒരു സംഭവമായിരുന്നു ഏറെ പ്രമാദമായ കൂടത്തായി കൊലക്കേസ്. സയനൈഡ് കൊലപതകങ്ങളിലൂടെ ജോളി എന്ന മധ്യവയസ്‌ക വാർത്തകളിൽ ഇടം നേടിയപ്പോൾ പലപ്പോഴും ഭയവും, ജിജ്ഞാസയും ഒരുപോലെ മലയാളിയെ വേട്ടയാടി. ഇപ്പോഴിതാ കൂടത്തായി കൊലപാതക പരമ്പരയിലെ അറിയാക്കഥകൾ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുകയാണ് നെറ്റ്ഫ്ലിക്‌സ്.
'കറി ആൻഡ് സയനൈഡ്: ദി ജോളി ജോസഫ് കേസ്' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത് ഇന്ത്യാ ടുഡേ ഒറിജിനൽസ് ആണ്. ഡിസംബർ 22 മുതൽ ഈ പരമ്പര നെറ്റ്ഫ്ലിക്‌സിൽ സ്ട്രീം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. യൂട്യൂബിലൂടെ പുറത്തുവിട്ട ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ജോളി ജോസഫിന്റെ ജീവിതം ആസ്‌പദമാക്കി എടുത്തിരിക്കുന്ന ഡോക്യുമെന്ററിയിൽ അവരുടെ കുടുംബാംഗങ്ങളും അയൽക്കാരും ഉൾപ്പെടെ വന്നു പോവുന്നുണ്ട്. ജോളിയുടെ സുഹൃത്തുക്കളും ഇതിന്റെ ഭാഗമായിട്ടുണ്ട്, പല കേസുകളിലൂടെയും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ അഡ്വ. ആളൂരും ഈ ട്രെയ്‌ലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
കേസിലെ ഒരുപാട് വിവരങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടെങ്കിലും അതിൽ അധികം ഇനിയും പുറത്ത് വരാനുണ്ടെന്ന സൂചന നൽകിയാണ് ട്രെയ്‌ലർ അവസാനിക്കുന്നത്. കേസിലെ പ്രതിയായ ജോളി ഒരുപാട് രഹസ്യങ്ങൾ ഇപ്പോഴും ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന് ട്രെയ്‌ലർ അടയാളപ്പെടുത്തുന്നു.
കൂടത്തായി കൊലപാത പരമ്പര
2011 സെപ്റ്റംബര്‍ 20നാണ് ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് കൊല്ലപ്പെട്ടത്. സയനൈഡ് ഭക്ഷണത്തില്‍ ചേര്‍ത്തുനല്‍കി ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. റോയ് തോമസിന് പുറമേ ഭര്‍തൃമാതാവ് അന്നമ്മ തോമസ്, ഭര്‍തൃപിതാവ് ടോം തോമസ്, ഭര്‍തൃമാതാവിന്റെ സഹോദരനായ എംഎം മാത്യു, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി, ഇവരുടെ കുട്ടി ആല്‍ഫൈന്‍ എന്നിവരെയും ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്.
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊല്ലപ്പെട്ട റോയ് തോമസിന്റെ പിതാവിന്റെ പേരില്‍ വ്യാജ വില്‍പത്രം തയ്യാറാക്കി ഭൂമി പോക്കുവരവ് നടത്തിയെന്നും കേസുണ്ട്. 2019 ഒക്ടോബർ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി അറസ്‌റ്റിലായത്. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കൂടാത്തായിയിലെ ഞെട്ടിക്കുന്ന കൂട്ടക്കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
റോയ് തോമസിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ റോയിയുടെ സഹോദരൻ റോജോ തോമസ് വടകര റൂറൽ എസ്‌പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി കൈമാറിയതോടെയാണ് കൊടും കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞത്.












Click it and Unblock the Notifications