'ഈ ചിത്രത്തിൽ രാജുവിന് അവാർഡ് ലഭിച്ചില്ലായിരുന്നുവെങ്കിൽ സങ്കടമായേനെ'; മനസ്സുതുറന്ന് മല്ലിക സുകുമാരൻ
പൃഥ്വിരാജ് എടുത്ത കഷ്ടപ്പാടിനുള്ള അംഗീകാരമാണ് സംസ്ഥാന പുരസ്കാരമെന്ന് അമ്മ മല്ലിക സുകുമാരൻ. പൃഥ്വിക്ക് അവാർഡ് ലഭിക്കാൻ സാധ്യതയുണ്ടെന്നും അവസാന പട്ടികയിൽ പേരുണ്ടെന്നും പറഞ്ഞിരുന്നുവെന്നും അവാർഡ് കിട്ടാനായി പ്രാർത്ഥിച്ചിരുന്നെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ആടുജീവിതത്തിലെ അഭിനയത്തിന് ഗോകുലിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മല്ലിക പറഞ്ഞു.
ഇന്നലെ രാത്രി മുതൽ ഓരോരുത്തരും പറയുന്നുണ്ടായിരുന്നു. ഫൈനൽ ലിസ്റ്റിൽ മോനുണ്ട്, മമ്മൂട്ടി ഉണ്ട് എന്നൊക്കെ. പക്ഷേ നമുക്കൊന്നും അറിയില്ലല്ലോ. ഇന്ന് കാലത്ത് ഒരു പത്ത് മണിയൊക്കെ ആയപ്പോഴേക്കും പൃഥ്വിരാജിനാണ് എന്നാണ് കേൾക്കുന്നത് എന്ന പറച്ചിലിന് കുറച്ച് കൂടെ ശക്തി വന്നു. അപ്പോഴൊക്കെ ഞാൻ ഇവിടെ എഴുപുന്നയിൽ ജോലി തിരക്കിവായിരുന്നു. ഇതൊക്കെ നടക്കുന്നത് തിരുവനന്തപുരത്തും.12. 40 ഒക്കെ ആയപ്പോഴേക്കും എല്ലാവരുടെയും മെസേജ് വരാൻ തുടങ്ങി, മല്ലിക പറഞ്ഞു.

സത്യം പറഞ്ഞാൽ അവാർഡ് കിട്ടിയാലും ഇല്ലെങ്കിലും വലയി സങ്കടങ്ങളൊന്നും പറയുന്ന ആളല്ല ഞാൻ. എന്നാലിത്തവണ എന്റെ മോൻറെ കഷ്ടപ്പാട് ആലോചിക്കുമ്പോൾ അവനിങ്ങനെ ഒരു അംഗീകാരം കിട്ടിയല്ലോ ദൈവത്തിനും ജൂറിക്കും നന്ദി. ഈ അവാർഡ് അവന് ലഭിക്കാൻ കാരണമായ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് നന്ദി പറയുന്നു, മല്ലിക സുകുമാരൻ പറയുന്നു.
ആടുജീവിതത്തിനായി പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടു. ഹോം വർക്ക് ചെയ്തു. ചില്ലറ വിമർശനങ്ങൾ വന്നിരുന്നു. അതൊക്കെ എവിടെ നിന്ന് വന്നുവെന്ന് അറിയില്ല. ഈ സിനിമയക്ക് പൃഥ്വിക്ക് അംഗീകാരം കിട്ടണമായിരുന്നു. കൊറോണ കാലത്തായിരുന്നു ഷൂട്ടിംഗ്. ചിത്രത്തിനായി 30 കിലയോളം കുറച്ചു. അതൊക്കെ അഭിനയത്തിന്റെ ഭാഗമായിരുന്നു. ആ യാത്ര പറയുന്ന രംഗമൊക്കെ കണ്ട് കരഞ്ഞുപോയിരുന്നു. ഗോകുലിന് ജൂറി പരാമർശം ലഭിച്ചതിലും സന്തോഷമുണ്ട്. ഒൻപത് അവാർഡുകൾ ലഭിച്ചു. വിമർശനങ്ങൾ പറയുന്ന ആളാണ് ഞാൻ. പക്ഷേ ഇതിൽ എന്റെ മകനെ പറ്റി ഒന്നും പറയാനില്ല, മല്ലിക സുകുമാരൻ പറഞ്ഞു.
ആടുജീവിതം കണ്ട് കരഞ്ഞുപോയെന്നും നജീബിനെ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു. അവാർഡ് പ്രഖ്യാപിച്ച ശേഷമുള്ള പൃഥ്വിരാജിന്റെ പ്രതികരണം ടിവിയിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും ഈ ചിത്രത്തിൽ രാജുവിന് അവാർഡ് ലഭിച്ചില്ലായിരുന്നുവെങ്കിൽ സങ്കടമായേനെ എന്നും മല്ലിക സുകുമാരൻ പറഞ്ഞു.












Click it and Unblock the Notifications