ആദ്യ കഥയ്ക്ക് തന്നെ ഏറ്റവും വലിയ പുരസ്‌കാരം; അഭിമാനമെന്ന് പോള്‍സണ്‍ സ്‌കറിയ
കോഴിക്കോട്: സംസ്ഥാന ചലച്ചിത പുരസ്‌കാര നേട്ടത്തില്‍ അഭിമാനമെന്ന് ' കാതല്‍ ദി കോര്‍' സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ പോള്‍സണ്‍ സ്‌കറിയ വണ്‍ഇന്ത്യ മലയാളത്തോട്. മികച്ച കഥയ്ക്കുള്ള പുരസ്‌കാരം പോള്‍സണും ആദര്‍ശ് സുകുമാരനും ചേര്‍ന്നാണ് കാതലിലൂടെ പങ്ക് വെക്കുന്നത്. മികച്ച ചിത്രമടക്കം 54-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിരവധി നേട്ടങ്ങളാണ് കാതല്‍ സ്വന്തമാക്കിയത്.
കാതല്‍ എന്ന ചിത്രം മുന്നോട്ടുവെച്ച വിഷയം ജൂറിയും അംഗീകരിക്കുന്നതില്‍ സന്തോഷമുണ്ട് എന്ന് പോള്‍സണ്‍ സ്‌കറിയ പറഞ്ഞു. 'മികച്ച കഥയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുമ്പോള്‍ സാങ്കേതികമായ പിശകുണ്ടായിട്ടുണ്ട്. ആദര്‍ശ് സുകുമാരന്റെ പേര് മാത്രമാണ് വായിച്ചിട്ടുള്ളത്. എന്നാല്‍ അതില്‍ എന്റെ പേര് കൂടിയുണ്ട്. സാങ്കേതികമായുണ്ടായ പിഴവാണ് എന്നാണ് മനസിലാക്കുന്നത്,' പോള്‍സണ്‍ സ്‌കറിയ പറഞ്ഞു.

പുരസ്‌കാര നേട്ടത്തില്‍ ഒരുപാട് സന്തോഷമുണ്ട് എന്നും കഷ്ടപ്പെട്ട് ഒരുപാട് സമയമെടുത്ത ചെയ്ത വര്‍ക്കാണ് കാതലിന്റേതെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങളുടെ ആദ്യത്തെ തിരക്കഥയാണ്. അതില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. കാതല്‍ സിനിമ മുന്നോട്ട് വെക്കുന്ന വിഷയം ജൂറി പരിഗണിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്,' പോള്‍സണ്‍ പറഞ്ഞു.
സ്വവര്‍ഗലൈംഗികത അടക്കമുള്ള വിഷയങ്ങളില്‍ സമൂഹത്തിന്റെ ചിന്താഗതി മാറാനുണ്ട് എന്ന് പറയുമ്പോള്‍ തന്നെ വളരെ പോസിറ്റീവായിട്ടാണ് പ്രേക്ഷകര്‍ തിയേറ്ററില്‍ ചിത്രം ഏറ്റെടുത്തത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് നല്ലതായി തന്നെ കാണുന്നു എന്നും അതാണ് നമുക്കതില്‍ ഏറ്റവും സന്തോഷമായി പറയാനുള്ള കാര്യം എന്നും പോള്‍സണ്‍ സ്‌കറിയ വ്യക്തമാക്കി. ജിയോ ബേബിയിലുള്ള വിശ്വാസമാണ് തിരക്കഥയുമായി അദ്ദേഹത്തെ സമീപിക്കാനുള്ള കാരണം എന്നും അദ്ദേഹം പറഞ്ഞു.
'ഈ വിഷയം ജിയോ ചേട്ടന്‍ കുറച്ചുകൂടി മനസിലാക്കും എന്ന പ്രതീക്ഷയും വിശ്വാസവും ഉണ്ടായിരുന്നതിനാലാണ് അദ്ദേഹത്തെ തന്നെ സമീപിച്ചത്. അദ്ദേഹത്തിന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണൊക്കെ നമ്മളെ ഒരുപാട് സ്വാധീനിച്ചിട്ടുള്ള സിനിമയാണ്. സ്വാഭാവികമായും ഈ കഥയും അദ്ദേഹത്തെ ഉള്‍ക്കൊള്ളാനാകും എന്ന് അറിയാമായിരുന്നു,' പോള്‍സണ്‍ പറഞ്ഞു. മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് കാതല്‍ ദി കോര്‍.
ഈ സിനിമയിലെ മമ്മൂട്ടിയുടെ അഭിനയമാണ് അവസാന നിമിഷം വരെ പൃഥ്വിരാജിനെ മികച്ച നടനുള്ള പോരാട്ടത്തില്‍ വെല്ലുവിളി ഉയര്‍ത്തിയത്. ഹോമോസെക്ഷ്വാലിറ്റി എന്ന വിഷയത്തെയാണ് കാതല്‍ ദി കോര്‍ എന്ന സിനിമ വളരെ പക്വമായി സമീപിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം പ്രേക്ഷകരെല്ലാം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.












Click it and Unblock the Notifications