'സ്ത്രീകളുടെ വിജയം എന്നൊന്നും പറയാനാവില്ല, കുക്കു ഒരുപാട് വിഷമിച്ചു, എല്ലാവരും അവർക്ക് ഒപ്പമാണ്'; നീന കുറുപ്പ്
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് നടന്നത്. മുൻകാലങ്ങളിലേത് പോലെയുള്ള സാഹചര്യമായിരുന്നില്ല ഇക്കുറി അമ്മയിൽ. ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിനെ കുറിച്ചും മത്സരിക്കുന്ന ആളുകളെ കുറിച്ചുമൊക്കെ ഒരുപാട് വിമർശനങ്ങൾ ഉയർന്ന സമയമായിരുന്നു ഇത്. എങ്കിലും ഇത്തവണ വനിതകൾ അമ്മയിൽ ജയിച്ചു കയറുകയും താക്കോൽ സ്ഥാനത്ത് എത്തുകയും ചെയ്‌തിരുന്നു.
ശ്വേതാ മേനോനെയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും പിന്നെ വനിതാ അംഗങ്ങളും ഒക്കെ ഇതിന്റെ ഭാഗമായി. ഇതോടെ അമ്മയിൽ വിവാദങ്ങൾക്ക് താൽക്കാലിക വിരാമമായി എന്ന് പറയാമെങ്കിലും പല കോണുകളിൽ നിന്നും വിമർശനം തുടരുന്നുണ്ട്. പ്രധാനമായും സ്ഥാനാർത്ഥികളെ കുറിച്ച് തന്നെയായിരുന്നു നേരത്തെ ഉയർന്ന പരാതി.

ഇപ്പോഴിതാ അമ്മയിലെ സംഘടനാ തലപ്പത്ത് ഉണ്ടായ മാറ്റത്തെ കുറിച്ചും ഇപ്പോഴത്തെ നേതൃത്വത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടി നീന കുറുപ്പ്. അമ്മയിലെ കാര്യങ്ങൾ ആർക്കും പുറത്തുനിന്ന് സോൾവ് ചെയ്യാൻ കഴിയില്ലെന്നും ഇപ്പോഴത്തേത് സ്ത്രീകളുടെ വിജയം എന്നതിൽ അപ്പുറം അമ്മയിലെ അംഗങ്ങളുടെ വിജയമായാണ് കാണുന്നതെന്നും സിനിമ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
നീന കുറുപ്പിന്റെ വാക്കുകൾ
സ്ത്രീ സാന്നിധ്യം എന്ന് പറയാൻ പറ്റില്ല. നേരത്തെ തന്നെ കമ്മിറ്റി മെംബേർസ് ആയവർക്ക് സംവരണം ഉണ്ടായിരുന്നു. ഇപ്രാവശ്യവും ആ ഭാഗത്ത് നാല് പേര് തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നെ ഉണ്ടായത് പ്രസിഡന്റ് ആയി ശ്വേത വന്നു, ജനറൽ സെക്രട്ടറിയായി കുക്കു വന്നു, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലക്ഷ്‌മി അങ്ങനെ. ഇതൊരു പ്ലാൻ ചെയ്‌തുള്ള നീക്കമൊന്നും അല്ല. ഇലക്ഷൻ നിന്നവരാണ് ജയിച്ചത്. മത്സരിച്ച് ജയിച്ചു വന്നതാണ്, അല്ലാതെ സ്ത്രീകളുടെ വിജയം എന്നല്ല തോന്നിയിട്ടുള്ളത്.
ആരായിരുന്നാലും, മുൻപ് ഇന്നസെന്റ് ചേട്ടൻ ഉണ്ടായിരുന്നു, ഇടവേള ബാബു ഉണ്ടായിരുന്നു, ലാലേട്ടൻ ഉണ്ടായിരുന്നു, അവരൊക്കെ ഒരു അമ്മയെ പോലെ തന്നെയാണ് സംഘടന മുന്നോട്ട് കൊണ്ട് പോയത്. അവർ മുന്നോട്ട് നയിച്ചതും കൊണ്ട് പോയതുമൊക്കെ അമ്മമാരെ പോലെയായിരുന്നു. അപ്പൊ ഒരു സ്ത്രീ വന്നത് കൊണ്ട് അമ്മയ്ക്ക് ഒരു അമ്മ സ്ഥാനം വന്നു എന്ന് പറയാൻ ആവില്ല. തലപ്പത്ത് ഇരുന്ന എല്ലാവരും അമ്മയെ പോലെ ചേർത്ത് പിടിച്ചവർ തന്നെയാണ്.
വർഷങ്ങളായി ചെയ്യുന്ന കാര്യങ്ങൾ അങ്ങനെയായിരുന്നു. തുടക്കത്തിൽ ഉണ്ടായിരുന്ന കാര്യങ്ങൾ എത്രയോ കൂടുതൽ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം മുതൽ മരുന്ന് കൊടുക്കാൻ തുടങ്ങി. അമ്മയുടെ ഉള്ളിലുള്ള പ്രശ്‌നങ്ങളേക്കാൾ പുറത്തുള്ള ആളുകൾ ഊതിവീർപ്പിച്ച പ്രശ്‌നങ്ങൾ മാത്രമേ ഞങ്ങൾക്ക് ഉണ്ടായിട്ടുള്ളൂ. ഒരു കുടുംബം ആവുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ചില സ്വര ചേർച്ചകൾ ഒക്കെയുണ്ടാവും. അത് ചിലപ്പോൾ അടുത്ത വീട്ടുകാർ കേൾക്കും.
അത് അടുത്ത വീട്ടുകാർ ആഘോഷിക്കുന്നതാണ് പ്രശ്‌നം. പുറത്തുള്ള ആളുകൾ വലിയ കാര്യമായി ചർച്ച ചെയ്യുന്നതാണ് പ്രശ്‌നം. പിന്നെ ചിലപ്പോൾ ചില ആളുകൾ ആവേശത്തിൽ നിൽക്കുമ്പോൾ കുടുംബത്തിലെ പ്രശ്‌നങ്ങൾ തുറന്നുപറയും. ചിലപ്പോൾ അത് ചാനലുകളോട് പറഞ്ഞിട്ടുണ്ടാവും. പുറത്തുനിന്ന് ആർക്കും ഈ പ്രശ്‌നങ്ങൾ സോൾവ് ചെയ്യാൻ കഴിയില്ല. അമ്മയുടെ ഉള്ളിൽ നിന്ന് മാത്രമേ ഇതൊക്കെ പരിഹരിക്കാൻ സാധിക്കുകയുള്ളൂ.
എന്നോട് ഒരു അംഗം മോശമായി പെരുമാറിയാൽ പോലും പുറത്ത് ഒരാൾക്ക് അത് സോൾവ് ചെയ്യാൻ പറ്റില്ല. എന്റെ ഇന്നത്തെ ആഘോഷം എന്ന് പറയുന്നത് ഞാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ എത്തിയതിന് അല്ല. കുക്കു വിജയിച്ചതാണ് എന്റെ ഇന്നത്തെ സന്തോഷം. അത്രയ്ക്കും വിഷമിച്ച വ്യക്തിയാണ് കുക്കു. ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ ഉള്ള ആളായിരുന്നു. എല്ലാവരും കുക്കുവിന്റെ കൂടെ ഉണ്ടായിരുന്നു.












Click it and Unblock the Notifications