'വിവാദങ്ങൾ ഒരിക്കലും സിനിമയെ ബാധിക്കില്ല, എല്ലാം നല്ലതിനെന്ന് വിശ്വസിക്കുന്നു'; പ്രതികരിച്ച് കുഞ്ചാക്കോ ബോബൻ
കൊച്ചി: സിനിമയും അവാർഡുകളും സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന വ്യക്തിയാണ് താനെന്ന് നടൻ കുഞ്ചാക്കോ ബോബൻ. എന്നാൽ ഇപ്പോൾ സിനിമകൾ മാത്രം സ്വപ്നം കണ്ട് നടക്കുന്ന വ്യക്തിയായി താൻ മാറിയിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂക്കയുടെ പേരിനൊപ്പം എന്ന് ഞാൻ ഒരിക്കലും പറയില്ല. മമ്മൂക്കയുടെ പേരിനോട് ചേർന്ന് തന്നെ എന്റെ പേരുവന്നത് തന്നെ അവാർഡ് കിട്ടിയതിന് തുല്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഒരുപാട് സന്തോഷം സിനിമ എന്നത് ഒരു ആഗ്രഹമേ അല്ലാതിരുന്ന ആളായിരുന്നു ഞാൻ.സിനിമയിലേക്ക് വരികയും ഇടക്കാലത്ത് ഒരു അവധിക്ക് ശേഷം വീണ്ടും തിരിച്ച് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ച വ്യക്തിയല്ല. സിനിമയെന്നതും അവാർഡുകൾ എന്നതും സ്വപ്നത്തിൽ ഇല്ലാതിരുന്ന വ്യക്തി ഇപ്പോൾ സിനിമകൾ മാത്രം സ്വപ്നം ഉള്ള ഒരാളായി മാറിയിട്ടുണ്ട്.

ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിലെ സന്തോഷം ഭൂരിഭാഗം ജേതാക്കളേയും വ്യക്തിപരമായും ജോലി സംബന്ധമായും അറിയാവുന്ന ആളുകളാണ്. വളരെ അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ ഈ അംഗീകാരങ്ങൾ എനിക്കും കൂടിയുള്ള അംഗീകാരമായിട്ടാണ് കാണുന്നത്.
മലയാളത്തിൽ നിന്ന് കഴിഞ്ഞ വർഷം ഒട്ടനവധി ക്വാളിറ്റിയുള്ള ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ നമ്മൾ എല്ലാ തരത്തിലും അഭിമാനിച്ചിരുന്നു.മലയാള സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സമയത്തുള്ള എന്റെ സിനിമകളും കഥാപാത്രങ്ങളും അംഗീകരിക്കപ്പെട്ടുവെന്നത് ഏറെ സന്തോഷം.
കഴിഞ്ഞവർഷം ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളിലൊന്ന് 'ന്നാ താൻ കേസ് കൊട്'. വിവാദങ്ങളുണ്ടായെങ്കിലും അതിന്റെ യാഥാർത്ഥ്യം മനസിലാക്കി ആ സിനിമ കണ്ട രാഷ്ട്രീയ പ്രബുദ്ധതയുള്ള ആൾക്കാരാണ് നമ്മുടെ കൂട്ടത്തിൽ ഉള്ളത്. വിവാദങ്ങൾ ഒരിക്കലും സിനിമയെ ബാധിക്കില്ല. അറിഞ്ഞോ അറിയാതെയോ ഒരു സിനിമയുടെ മാർക്കറ്റിങ് സ്ട്രാറ്റജിയായി വിവാദങ്ങൾ മാറാറുമുണ്ട്. എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ.
അവാർഡ് കിട്ടണമെന്ന പ്രതീക്ഷയോടെയല്ല കഥാപാത്രങ്ങൾ ചെയ്യുന്നത്.കഥാപാത്രം ഇഷ്ടപ്പെടുമ്പോൾ അതിന് നൂറ് ശതമാനം കൊടുക്കുകയെന്ന ഉദ്ദേശത്തോടെയെ ഓരോ കഥാപാത്രങ്ങളും ചെയ്യാൻ ശ്രമിക്കുക. ദുബായ് ട്രിപ്പ് കഴിഞ്ഞുവരുന്ന സമയത്ത് വിമാനത്താവളത്തിൽ നിൽക്കുമ്പോൾ ഒരു കുടുംബം കാണാൻ വന്നു. സംസാരിക്കുന്ന കൂട്ടത്തിൽ ഗൃഹനാഥൻ പറഞ്ഞു ആ നമ്മൾ ഒരേ നാട്ടുകാരാണെന്ന്.ഞാൻ ചോദിച്ചു ആലപ്പുഴക്കാരനാണോയെന്ന്, അല്ല കാസർകോട്ടുകാരനാണ് എന്ന് പറഞ്ഞു. ആ ചോദ്യം അവാർഡ് കിട്ടിയതിന് തുല്യമായിട്ടാണ് എനിക്ക് തോന്നിയത്.
മമ്മൂക്കയുടെ പേരിനൊപ്പം എന്ന് ഞാൻ ഒരിക്കലും പറയില്ല. മമ്മൂക്കയുടെ പേരിനോട് ചേർന്ന് തന്നെ എന്റെ പേരുവന്നത് തന്നെ അവാർഡ് കിട്ടിയതിന് തുല്യമാണ്. എനിക്കൊപ്പം അവാർഡ് കിട്ടിയ അലൻസിയർ ചേട്ടനാണെങ്കിലും ഞങ്ങൾക്ക് ആർക്ക് കിട്ടിയാലും സ്വന്തമായി അവാർഡ് കിട്ടി എന്ന് ചിന്തിക്കുന്ന അങ്ങനെ സിനിമയെ സ്നേഹിക്കുന്ന വ്യക്തികളാണ്. അവാർഡ് എന്നത് ആർക്ക് കിട്ടിയാലും സന്തോഷമാണ്. മലയാളത്തിൽ മികച്ച സിനിമകളും കഥാപാത്രങ്ങളും ഉണ്ടാകട്ടെ', കുഞ്ചാക്കോ ബോബൻ പറഞ്ഞു.












Click it and Unblock the Notifications