ആ ആഷിഖ് അബു ചിത്രത്തിന്റെ പേര് കേള്‍ക്കുന്നതെ മമ്മൂട്ടിക്ക് ഇഷ്ടമല്ല; പക്ഷെ നഷ്ടം 38 ലക്ഷം: സന്തോഷ് കുരുവിള
സംവിധായകന്‍ ആഷിഖ് അബുവുമായി നല്ല അനുഭവങ്ങള്‍ മാത്രമേയുള്ളുവെന്ന് നിർമ്മാതാവ് സന്തോഷ് ടി കുരുവിള. ആഷിഖ് അബുവിന് തിരിച്ചും അങ്ങനേയാണ്. ടാ തടിയാ, ഗ്യാങ്സ്റ്റർ, മായാനദി, മഹേഷിന്റെ പ്രതികാരം, നാരദന്‍ തുടങ്ങിയ സിനിമകളാണ് അഷിഖ് അബുവുമായി ചേർന്ന് ചെയ്തത്. ആഷിഖിന്റെ സെറ്റ് എന്ന് പറയുന്നത് വളരെ അച്ചടക്കത്തോടെയും വേഗത്തിലും പ്രവർത്തിക്കുന്ന ഇടങ്ങളാണ്. ആ സമയത്തൊന്നും ഒരു ടെന്‍ഷനും ഉണ്ടായിട്ടില്ല. 90 ശതമാനം കാര്യങ്ങളും ഡീല്‍ ചെയ്തിരുന്നത് ആഷിഖ് അബുവായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ആഷിഖ് അബുവുമായിട്ടുള്ള പണം ഇടപാട് സംബന്ധിച്ച കാര്യങ്ങള്‍ ഞാന്‍ ചർച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. സിനിമയിലുണ്ടായ നഷ്ടം അല്ല, ബിസിനസിലുണ്ടായ പ്രശ്നങ്ങളാണ്. നീലവെളിച്ചം എന്ന സിനിമയില്‍ നിന്ന് ഞാന്‍ മാറിയപ്പോള്‍ പുള്ളിക്കും ആ സിനിമക്കും വേണ്ടി കൊടുത്ത പൈസയും ഞങ്ങള്‍ ഒരുമിച്ച് നിക്ഷേപിച്ചിരുന്ന ഒന്ന് രണ്ട് സാധനങ്ങളില്‍ നിന്നും ഞാന്‍ മാറിയതിന്റെ പൈസയുമാണ്. അത് ഒരു ചർച്ചയായി ഉയരേണ്ട കാര്യമില്ല. പുള്ളി എന്നെ ചതിക്കുകയോ വഞ്ചിക്കുകയോ ഇല്ല. പുള്ളിയുടെ സാമ്പത്തിക പ്രതിസന്ധി കൊണ്ടായിരിക്കാം തരാന്‍ വൈകുന്നത്.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രവും തല്ലുമാലയും ഒരുമിച്ച് റിലീസ് ചെയ്ത പടമാണ്. രണ്ടും നല്ല രീതിയില്‍ പോയി. നാരദനും ഭീഷ്മപർവ്വവും ഇറങ്ങുന്നതും ഒരുമിച്ചാണ്. മമ്മൂട്ടിയുടെ ഗംഭീരപടമാണ് അത്. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും തമ്മില്‍ ചേരുന്നത് ആളുകള്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ജിഞ്ചർ മീഡിയ എന്റർടെയിമെന്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്തോഷ് ടി കുരുവിള.
ആഷിഖ് അബുവും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച സിനിമയാണ് ഡാഡി കൂള്‍. അതിന് ശേഷം അവർ ഒന്നിച്ച് വരുന്നത് ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലാണ്. ആ ചിത്രത്തിന് വേണ്ടി ജനം കാത്തിരുന്നു. ഗ്യാങ്സ്റ്ററിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ മലയാള സിനിമ ചരിത്രത്തില്‍ അന്നുവരേയുള്ളതിലെ ഏറ്റവും ഉയർന്ന തുകയായിരുന്നു. കാരണം ജനം പ്രതീക്ഷയിലായിരുന്നു. അതുപോലെയുള്ള കാത്തിരിപ്പാണ് ഭീഷ്മപർവത്തിന് ഉണ്ടായിരുന്നത്. അതിന്റെ കൂടെയാണ് നാരദനും ഇറങ്ങുന്നത്. മീഡിയയെ പറയുന്നതുകൊണ്ട് ചാനലുകാരും ഒന്ന് ചവിട്ടി ഒതുക്കി. അതിന് അപ്പുറം വലിയ പടത്തിന്റെ കൂടെ ഇറങ്ങിയത് തന്നെയാണ് വിഷയമായത്.
മായാനദി ഇറങ്ങിയപ്പോഴും സമാനമായ സാഹചര്യം നേരിട്ടിരുന്നു. പക്ഷെ അത് വിജയിച്ച പടമായിരുന്നു. ജനം ആ പടത്തെ വലിയ രീതിയില്‍ സ്വീകരിച്ചു. ഇന്ന് പടത്തിലെ പാട്ടുകള്‍ ഹിറ്റാണ്. മായാനദി ഇറങ്ങുന്ന സമയത്ത് തന്നെയാണ് ആട് 2 ഇറങ്ങുന്നത്. അതോടെ നമ്മുടെ ചിത്രം പല തിയേറ്ററുകളില്‍ ഹോള്‍ഡ് ഓവറായി. എന്നിട്ടും പിടിച്ച് കയറിയെന്നും സന്തോഷ് ടി കുരുവിള പറയുന്നു.
ഗ്യാങ്സ്റ്റർ സാമ്പത്തികമായ വലിയ പരാജയം അല്ല. 36-38 ലക്ഷത്തിന്റെ നഷ്ടമാണ് ആകെയുണ്ടായത്. ആ നഷ്ടത്തില്‍ ഒതുങ്ങാന്‍ കാരണം ഒന്നാം ദിവസവും രണ്ടാദിവസവുമുണ്ടായ കളക്ഷന്‍ കാരണമാണ്. ഗ്യാങ്സ്റ്റർ എന്ന സിനിമയുടെ പേര് കേള്‍ക്കുന്നത് മമ്മൂട്ടിക്ക് പോലും ഇഷ്ടമല്ല. അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. പൈസ മാത്രമല്ല വിഷയം. നല്ല പേര് കിട്ടി കഴിഞ്ഞാല്‍ ഒരു 50 ലക്ഷം പോയാലും വലിയ പ്രശ്നമില്ല.
ആഷിഖ് അബുവിനെ മമ്മൂട്ടിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന് വേണ്ടിയുള്ള ഒരു കഥ കണ്ടെത്താന്‍ സാധിക്കാത്തത് കൊണ്ടാകും ഇരുവരും വീണ്ടും ഒന്നിക്കാത്തത്. ആഷിഖ് ഇപ്പോള്‍ റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രം മനോഹരമായി എടുത്തു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അടുത്ത ഒരു ചിത്രത്തിനായി അദ്ദേഹം മമ്മൂട്ടിയെ അടുത്തേക്ക് ചെന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications