'ഭക്ഷണത്തിന് രുചിയില്ല, നടക്കാന്‍ ബുദ്ധിമുട്ടുണ്ട്.. അസുഖത്തെ കുറിച്ച് പറയില്ല', മമ്മൂട്ടിയെ കുറിച്ച് ശ്രീരാമൻ
ഒരിടവേളയ്ക്ക് ശേഷം ചികിത്സ പൂർത്തിയാക്കി മമ്മൂട്ടി തിരിച്ച് വരുന്നത് ആഘോഷിക്കുകയാണ് കേരളം. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പേരാണ് മമ്മൂട്ടിയുടെ തിരിച്ച് വരവിൽ സന്തോഷം പങ്കുവെച്ച് രംഗത്ത് വന്നത്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത് നടൻ വികെ ശ്രീരാമന്റെ കുറിപ്പ് ആയിരുന്നു.
മമ്മൂട്ടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് വികെ ശ്രീരാമൻ. അവസാനത്തെ ടെസ്റ്റ് പാസ്സായതിനെ കുറിച്ച് മമ്മൂട്ടി വിളിച്ച് പറഞ്ഞതിനെ കുറിച്ചാണ് വികെ ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചത് മമ്മൂട്ടിക്ക് ഇന്നൊരു ദിവസം പെട്ടെന്ന് രോഗവിമുക്തി ഉണ്ടായി എന്നൊരു തോന്നലില്‍ അല്ല ആ പോസ്റ്റ് ഇട്ടതെന്ന് വികെ ശ്രീരാമൻ പറയുന്നു.
''മമ്മൂട്ടി ഇടയ്ക്ക് വിളിക്കാറുണ്ട്. ഇന്നലെയും മിനിയാന്നും വിളിച്ചിരുന്നു. അപ്പോഴൊന്നും അസുഖത്തെ കുറിച്ച് പറയില്ല. ആദ്യഘട്ടത്തില്‍ ഭക്ഷണത്തിന് രുചിയില്ല, നടക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നൊക്കെ പറയും. പക്ഷേ അതൊക്കെ അത്ര പ്രധാനപ്പെട്ട ഒരു സംഗതി അല്ല എന്ന മട്ടിലാണ് സംസാരിക്കുക.

മറ്റ് പല കാര്യങ്ങളെയും കുറിച്ചാണ് അദ്ദേഹം സംസാരിക്കുക. ചിലപ്പോള്‍ രാഷ്ട്രീയം ആയിരിക്കും, ചിലപ്പോള്‍ കൃഷി ആയിരിക്കും. എല്ലാത്തിനെ കുറിച്ചും സംസാരിക്കും. ചില കാര്യങ്ങള്‍ പറയുമ്പോള്‍, അങ്ങനെ ആണെന്ന് തോന്നുന്നു എന്ന് താന്‍ പറയും, അപ്പോള്‍ ചോദിക്കും, പിന്നെ നിനക്ക് എന്താണ് തോന്നുന്നത് എന്ന്.
അയാള്‍ നിങ്ങള്‍ വിചാരിച്ച ആളല്ല എന്ന് ആരെക്കുറിച്ചെങ്കിലും സംസാരിക്കുമ്പോള്‍ താന്‍ പറഞ്ഞാല്‍ അദ്ദേഹം പറയും, പിന്നെ നീ എങ്ങനെ ആണ് വിചാരിച്ചത് അത് പറ എന്ന്.. അപ്പോള്‍ നമ്മള്‍ കുടുങ്ങും. ഇങ്ങനെയുളള സംസാരങ്ങളാണ് ഉണ്ടാവുക. അല്ലാതെ ബൗദ്ധിക ചര്‍ച്ചകളൊന്നും ഉണ്ടാകാറില്ല. നോവലിനെ കുറിച്ച്, ക്യാമറകളെ കുറിച്ച്, സിനിമകളെ കുറിച്ച്, നാടകങ്ങളെ കുറിച്ച് ഒക്കെ സംസാരിക്കും. തനിക്ക് ഇതേക്കുറിച്ചൊന്നും വലിയ പിടി ഉണ്ടാകില്ല. പക്ഷേ മൂപ്പര്‍ക്ക് ഇതൊക്കെ പറയാന്‍ ഒരാളെ കിട്ടണം. നീ വലിയ ബുദ്ധിജീവി ചമഞ്ഞ് നടക്കുന്ന ഒരാളല്ലേ എന്നൊക്കെ പറയും.
ഇന്നലെ വിളിച്ചപ്പോള്‍ ക്യാമറയെ പറ്റി പഠിപ്പിക്കുകയായിരുന്നു. ചന്ദ്രനിലേക്ക് പോകുമ്പോള്‍ അവര്‍ കയ്യില്‍ വെച്ച ക്യാമറയെ കുറിച്ച് പറഞ്ഞു. തനിക്കാണെങ്കില്‍ ഓര്‍മ്മ നിക്കില്ല. മുന്‍പ് പറഞ്ഞിരുന്നു, രണ്ട് മൂന്ന് ടെസ്റ്റ് കഴിഞ്ഞു, ഇനി ഒരു ടെസ്റ്റ് കൂടി ഉണ്ട്, അത് പാസ്സായാലാണ് പുറത്തിറങ്ങാന്‍ പറ്റുകയുളളൂ എന്ന് പറഞ്ഞു. അത് പറഞ്ഞത് താന്‍ മറന്നിരുന്നു. ഇന്ന് ഫൈനല്‍ ടെസ്റ്റ് ആയിരുന്നു.
ഇന്ന് താന്‍ ഓട്ടോറിക്ഷയില്‍ പോകുമ്പോഴാണ് വിളിക്കുന്നത്. ഓട്ടോയുടെ ശബ്ദം കാരണം കേട്ടില്ല. പിന്നെയാണ് കണ്ടത്. ഇന്ന് ലാസ്റ്റ് ടെസ്റ്റ് പാസ്സായി എന്ന് പറഞ്ഞു. അപ്പോള്‍ താന്‍ സന്തോഷം പ്രകടിപ്പിച്ചില്ല. അതൊക്കെ നമുക്ക് അറിയാമായിരുന്നു എന്ന് പറഞ്ഞു. അപ്പോള്‍ നീ ഇതൊക്കെ അറിയുന്ന ആളാണല്ലോ എന്ന് പറഞ്ഞ് കുറേ ചീത്ത.
പിന്നെ എക്‌സിബിഷനെ കുറിച്ച്, റോഡുകളെ കുറിച്ച് ഒക്കെ സംസാരിച്ചു. റോഡില്‍ കുഴിയാണ് എന്ന് താന്‍ പറഞ്ഞപ്പോള്‍, എടാ പരശുരാമന്‍ മഴുവെറിഞ്ഞിട്ട് ഉണ്ടായതാണ് കേരളം എന്ന് നിനക്ക് അറിയില്ലേ. അപ്പോള്‍ സമുദ്രമാണ് ബേസിക്കലി. കേരളത്തില്‍ 365 ദിവസവും മഴയല്ലേ, അപ്പോള്‍ റോഡില്‍ കുഴിയൊക്കെ ഉണ്ടാവും, സ്വാഭാവികമാണ് എന്ന് പറഞ്ഞു'', വികെ ശ്രീരാമൻ പറയുന്നു.












Click it and Unblock the Notifications